
ന്യൂഡൽഹി: സംരംഭകത്വവും സ്വാശ്രയത്വവും വഴി യുവാക്കളെ സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ച മുദ്ര യോജന രാജ്യത്ത് നിശബ്‌ദ വിപ്ലവം നടപ്പാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 'പ്രധാനമന്ത്രി മുദ്ര യോജന'യുടെ 10 വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹി ലോക് കല്യാൺ മാർഗിലെ ഔദ്യോഗിക വസതിയിൽ ഗുണഭോക്താക്കളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ നിന്നുള്ള സംരംഭകൻ ഗോപി കൃഷ്‌ണയും പങ്കെടുത്തു.
സംരംഭകത്വത്തെക്കുറിച്ചുള്ള സാമൂഹിക മനോഭാവത്തിൽ മാറ്റം വരുത്തിയതോടെയാണ് മുദ്ര യോജന നിശബ്ദ വിപ്ലവം സാദ്ധ്യമാക്കിയത്. പദ്ധതിയുടെ ഗുണഭോക്താക്കളിലേറെയും വനിതകളാണ്. പദ്ധതി വഴി 52 കോടി വായ്പകൾ വിതരണം ചെയ്‌തത് ആഗോളതലത്തിൽ സമാനതകളില്ലാത്ത നേട്ടമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിയെക്കുറിച്ച് കേട്ട് ദുബായിലെ ജോലി രാജിവച്ചാണ് പി.എം സൂര്യ ഘർ സംരംഭത്തിന് കീഴിൽ സൗരോർജ്ജ പദ്ധതി സ്ഥാപിക്കാനുള്ള സംരംഭം തുടങ്ങിയതെന്ന് ഗോപി കൃഷ്‌ണൻ പ്രധാനമന്ത്രിയോട് പറഞ്ഞു. വൈദ്യുതി ബിൽ കുറഞ്ഞെന്നും പ്രതിമാസം 2.5 ലക്ഷത്തിൽ കൂടുതൽ വരുമാനം ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നഷ്‌ടമാകുമെന്ന് പേടിച്ച് ഏതെങ്കിലുമൊരു ജോലിയിൽ ഒതുങ്ങിക്കൂടാൻ പലരും ശ്രമിക്കുമ്പോൾ ധൈര്യത്തോടെ സംരംഭങ്ങൾ തുടങ്ങുന്നത് വലിയ കാര്യമാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാമ്പത്തിക സഹായത്തിന് പുറമേ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നതിലൂടെ മുദ്ര പദ്ധതി സ്ത്രീ ശാക്തീകരണവും നടപ്പിലാക്കി. ജീവിതവും തൊഴിലും കെട്ടിപ്പടുക്കുന്നതിനുള്ള അവസരമാണ് പദ്ധതി നൽകുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |