
ന്യൂഡൽഹി: തീപിടിത്തമുണ്ടായ സമയത്ത് ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ മുറിയിൽ നിന്ന് പണം കണ്ടെത്തിയെന്ന് ഡൽഹി പൊലീസ് കമ്മിഷണർ സഞ്ജയ് അറോറയും ഡി.സി.പി ദേവേഷ് മഹലയും ഡൽഹി ഫയർ സർവീസസ് മേധാവി അതുൽ ഗാർഗും സ്ഥിരീകരിച്ചു
സംഭവം അന്വേഷിക്കുന്ന മൂന്നംഗ ഉന്നതതല സമിതിക്കാണ് ഇവർ മൊഴി നൽകിയത്. മാർച്ച് 14 നായിരുന്നു ജഡ്ജിയുടെ വസതിയിൽ തീപിടിത്തമുണ്ടായത്.
ഹൈക്കോടതി ജഡ്‌ജി ആയതിനാൽ മേൽ നടപടിയെടുക്കാൻ പരിമിതി നേരിട്ടെന്നും അവർ അറിയിച്ചു. നിയമപരമായ തടസ്സങ്ങൾ കാരണം പണം പിടിച്ചെടുക്കാൻ സാധിച്ചില്ല. സുപ്രീംകോടതി, ഹൈക്കോടതി ജഡ്‌ജിമാർക്കെതിരായ നിയമ നടപടിക്ക് ചീഫ് ജസ്റ്റിസിന്റെ അനുമതി വേണമെന്നും വിശദീകരിച്ചു. മുതിർന്ന ഉദ്യോഗസ്ഥർ വഴി അക്കാര്യം ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചെന്നും മൊഴി നൽകി.
ഡൽഹി പൊലീസും അഗ്‌നിശമന സേനയും സംഭവം കൈകാര്യം ചെയ്‌ത രീതികളിൽ ജസ്റ്റിസുമാരായ ഷീൽ നാഗു, അനു ശിവരാമൻ, ജി.എസ്. സാന്ധവാലിയ എന്നിവരടങ്ങുന്ന സമിതി അതൃപ്‌തി രേഖപ്പെടുത്തിയിരുന്നു. ആദ്യമെത്തിയ അഗ്‌നിശമന സേനയും പൊലീസും പണം എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്ന് സമിതി ചോദിച്ചിരുന്നു. കത്തിനശിച്ച കറൻസിയുടെ വീഡിയോ ക്ളിപ്പ് നശിപ്പിച്ചതിനെക്കുറിച്ചും വിശദീകരണം തേടി. വീഡിയോ ഒഴിവാക്കിത് ദുരുപയോഗം ചെയ്യുന്നത് തടയാനാണെന്ന് പൊലീസ് വിശദീകരിച്ചു.
വസതിയിൽ പണമുണ്ടായിരുന്നില്ലെന്ന വാദത്തിൽ ഉറച്ചു നിൽക്കുകയാണ് ജസ്റ്റിസ് വർമ്മ. പണം കണ്ടെത്തിയതിനെക്കുറിച്ച് അറിയില്ലെന്ന് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയ്ക്ക് സമർപ്പിച്ച രേഖാമൂലമുള്ള പ്രസ്താവനയിൽ അദ്ദേഹം വ്യക്തമാക്കി. സുരക്ഷയ്ക്കായി വീട്ടുകാരെ മാറ്റി. അവർ തിരിച്ചെത്തിയപ്പോൾ സ്ഥലത്ത് പണം ഉണ്ടായിരുന്നില്ല.
അഗ്നിശമന സേനാംഗങ്ങൾ, സി.ആർ.പി.എഫ് ഉദ്യോഗസ്ഥർ, മറ്റ് ജീവനക്കാർ എന്നിവരുൾപ്പെടെ നിരവധി പേരുടെ മൊഴിയെടുത്തു. അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റപ്പെട്ട ജസ്റ്റിസ് വർമ്മ ഏപ്രിൽ 5 ന് സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റെങ്കിലും കേസുകളിൽ വാദംകേൾക്കാൻ അനുമതി നൽകിയിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |