
ഇന്ത്യയോട് മുൻപ് ഏറ്റുമുട്ടലിനൊരുങ്ങിയ അവസരങ്ങളിലെല്ലാം പാകിസ്ഥാൻ പരാജയത്തിന്റെ പാഠങ്ങൾ അറിഞ്ഞു. പക്ഷെ ഒന്നും പഠിച്ചില്ലെന്നു മാത്രം
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യക്ക് നേരെ പ്രകോപനങ്ങൾ പതിവാക്കിയ രാജ്യമാണ് പാകിസ്ഥാൻ. ഇന്ത്യയും പാകിസ്ഥാനുമായി പ്രധാനമായും നാല് യുദ്ധങ്ങളാണ് ഉണ്ടായിട്ടുള്ളത്. പഹൽഗാമിൽ ഉൾപ്പെടെ നടത്തിയ ആക്രമണങ്ങൾ വേറെ. ഇവയിൽ ഒന്നുപോലും ഇന്ത്യ തുടങ്ങിയതല്ല. എന്നാൽ, ഇങ്ങോട്ട് ആക്രമണമുണ്ടായപ്പോഴെല്ലാം പാകിസ്ഥാൻ പ്രതീക്ഷിക്കാത്ത തരത്തിൽ ഇന്ത്യ പ്രതികരിച്ചിട്ടുണ്ട്. ചരിത്രം പരിശോധിച്ചാൽ ഒരുകാര്യം സുവ്യക്തമാണ്. 1971ലെ യുദ്ധത്തിലൊഴിച്ച് ബാക്കി മൂന്നിലും പാകിസ്ഥാൻ ലക്ഷ്യമിട്ടത് കാശ്മീർ പിടിച്ചെടുക്കാനാണ്. എന്നാൽ 1948ലെ യുദ്ധത്തിൽ നടത്തിയ പ്രതിരോധം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ, ഇന്ത്യ പ്രതികരിച്ച രീതി ഓരോ തവണയും വ്യത്യസ്തമായിരുന്നു.
ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ട ശേഷം കാശ്മീർ പിടിച്ചെടുക്കാനുള്ള പാകിസ്ഥാന്റെ ശ്രമമാണ് 1948ലെ യുദ്ധത്തിൽ കലാശിച്ചത്. പാകിസ്ഥാൻ സൈന്യത്തിനും അതിൽ ഉത്തരവാദിത്വമുണ്ടായിരുന്നു. എന്നാൽ ഭീകരവാദികളുടെ തലയിൽ പഴിചാരി പാകിസ്ഥാൻ അന്നും കൈകഴുകാൻ ശ്രമിച്ചു. ശത്രുസൈന്യവും പ്രാദേശിക ഗോത്രവർഗ ഭീകരരും അതിർത്തി കടന്ന് ശ്രീനഗർ വരെയെത്തി. ഇന്ത്യ, സൈന്യത്തെ എയർലിഫ്റ്റ് ചെയ്ത് ശ്രീനഗറിന്റെ എയർ ബെയ്സിലെത്തിച്ച് അതുതടഞ്ഞു. അന്ന് കാശ്മീർ നാട്ടുരാജാവായിരുന്ന ഹരി സിംഗ് ഇന്ത്യയോട് സഹായം അഭ്യർത്ഥിക്കുകയും ലയനരേഖയിൽ ഒപ്പുവയ്ക്കുകയും ചെയ്തു. തുടക്കത്തിൽ കാശ്മീർ നാട്ടുരാജ്യവും ഖൈബർ പ്രാദേശിക ഗോത്രവർഗവും തമ്മിൽ നടന്ന യുദ്ധം പിന്നീട് ഇന്ത്യയും പാകിസ്ഥാനുമായുള്ള യുദ്ധമായി. ഐക്യരാഷ്ട്രസഭയിലെത്തി യുദ്ധത്തിന് അവസാനം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് ഇന്ത്യയാണ്. കാശ്മീർ അന്ന് രണ്ടായി വിഭജിക്കപ്പെട്ടു. കാശ്മീരിൽ പ്ലെബിസൈറ്റ് (ഇന്ത്യയിലേയ്ക്ക് പോകണോ പാകിസ്ഥാനിലേയ്ക്ക് പോകണോയെന്ന് ജനങ്ങൾക്ക് തീരുമാനിക്കാം) നടത്താൻ അന്ന് ഐക്യരാഷ്ട്രസഭ നിർദ്ദേശിച്ചു. എന്നാൽ യു.എൻ മുന്നോട്ടുവച്ച ചില മാനദണ്ഡങ്ങൾ പാകിസ്ഥാൻ നടപ്പിലാക്കാത്തതിനാൽ അത് നടന്നില്ല. ഇന്നത്തെ സാഹചര്യത്തിലും അത് നടത്തുന്നതിൽ ബുദ്ധിമുട്ടുണ്ട്.
പ്രതീക്ഷ അസ്ഥാനത്ത്
കാശ്മീരിൽ തങ്ങൾക്ക് നല്ല പിന്തുണയുണ്ടെന്നും ചെറിയൊരു തിരി കൊളുത്തിയാൽ തങ്ങൾക്ക് അനുകൂലമായി കാര്യങ്ങൾ നടക്കുമെന്നുമുള്ള പാകിസ്ഥാന്റെ ധാരണയാണ് 1965ലെ യുദ്ധത്തിലേയ്ക്ക് നയിച്ചത്. തങ്ങളുടെ സേനയെ കാശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാൻ വിട്ടായിരുന്നു അവരുടെ ആക്രമണം. വലിയ തിരിച്ചടിയാണ് ഇന്ത്യ നൽകിയത്. 1962ലെ യുദ്ധത്തിൽ ചൈനയോട് ഇന്ത്യ പരാജയപ്പെട്ടതിനാൽ ഇന്ത്യക്ക് പ്രതിരോധിക്കാനാവില്ലെന്ന് പാകിസ്ഥാൻ കരുതി. അത് അസ്ഥാനത്തായി. കാശ്മീർ താഴ്‌വരയിൽ ഇന്ത്യ സൈന്യത്തെ നിയോഗിച്ചു. പാകിസ്ഥാന് ചിന്തിക്കാൻ പോലും ഇടം നൽകാതെ നുഴഞ്ഞുകയറ്റക്കാരെ നിർവീര്യമാക്കി. അവരെക്കുറിച്ചുള്ള വിവരങ്ങൾ തദ്ദേശജനത ഇന്ത്യൻ സേനയ്ക്ക് നൽകി. നിരവധി പ്രദേശങ്ങൾ ഇന്ത്യ പിടിച്ചെടുത്തു. അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയും പാകിസ്ഥാൻ പ്രസിഡന്റ് അയൂബ് ഖാനും താഷ്‌കെന്റ് ഉടമ്പടിയിൽ ഒപ്പുവച്ചതോടെ യുദ്ധം അവസാനിച്ചു.
സുപ്രധാനം
1971ലെ ഇന്ത്യ-പാക് യുദ്ധമാണ് ബംഗ്ലാദേശ് സൃഷ്ടിക്കുന്നതിലേയ്ക്ക് നയിച്ചത്. ഒരു സ്വതന്ത്രരാജ്യം സൃഷ്ടിക്കാൻ കിഴക്കൻ പാകിസ്ഥാനിൽ (ഇപ്പോൾ ബംഗ്ലാദേശ്) പാകിസ്ഥാൻ ഭരണത്തെ എതിർത്ത ബംഗ്ലാദേശ് വിമോചന പ്രസ്ഥാനത്തിൽ നിന്നാണ് യുദ്ധത്തിന്റെ തുടക്കം. ആദ്യം ഇന്ത്യ രഹസ്യമായി പരിശീലനം നൽകി വിമോചന യുദ്ധത്തെ പിന്തുണച്ചു, പിന്നീട് കിഴക്കൻ പാകിസ്ഥാനിൽ സൈനികമായി ഇടപെട്ടു, അവിടെയാണ് മിക്ക യുദ്ധങ്ങളും നടന്നത്. കിഴക്കൻ പാകിസ്ഥാനിൽ നിന്ന് അഭയാർത്ഥികൾ ഇങ്ങോട്ടുവന്നു. 14 ദിവസത്തെ യുദ്ധം. ഇരുരാജ്യങ്ങളും സൈന്യത്തേയും വ്യോമ, നാവികസേനകളേയും വിന്യസിച്ചു. 1971 ഡിസംബർ 16 ന് ബംഗ്ളാദേശിനെ മോചിപ്പിച്ചു. പാക് സേന കീഴടങ്ങി.അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയും പാക് പ്രസിഡന്റ് സുൽഫിക്കർ അലി ഭൂട്ടോയും ഷിംല കരാറിലൊപ്പിട്ടു. നാല് യുദ്ധങ്ങളിലേറ്റവും പ്രധാനപ്പെട്ടതാണിത്.
ഓപ്പറേഷൻ വിജയ്
1999ലെ കാർഗിൽ യുദ്ധത്തിന് ഓപ്പറേഷൻ വിജയ് എന്ന സൈനിക ഓപ്പറേഷനിലൂടെയാണ് ഇന്ത്യ മറുപടി നൽകിയത്. പാകിസ്ഥാൻ പട്ടാളക്കാർ ഇന്ത്യൻ ഭാഗത്തേക്ക് നിയന്ത്രണരേഖ കടന്നതാണ് യുദ്ധ കാരണം. കാർഗിൽ മേഖലയിൽ നിന്ന് പാകിസ്ഥാൻ നുഴഞ്ഞുകയറ്റക്കാരെ തുരത്താൻ ലക്ഷ്യമിട്ടുള്ള ഇന്ത്യൻ സൈനിക നടപടിയാണ് ഓപ്പറേഷൻ വിജയ്. കര, വ്യോമ, നാവിക സേനകളുടെ ഏകോപിത ശ്രമങ്ങൾ ഉൾപ്പെട്ടതായിരുന്നു ഓപ്പറേഷൻ. പാകിസ്ഥാൻ പട്ടാളക്കാരും ഭീകരരും കൈവശപ്പെടുത്തിയിരുന്ന ഉയർന്ന പ്രദേശങ്ങൾ തിരിച്ചുപിടിക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യം. രഹസ്യാന്വേഷണം, പീരങ്കി ബോംബാക്രമണം, കാലാൾപ്പട ആക്രമണം എന്നിവ സൂക്ഷ്മമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കി. കഠിനമായ കാലാവസ്ഥയുൾപ്പെടെയുള്ള സാഹചര്യങ്ങൾ സൈനികർക്ക് നേരിടേണ്ടിവന്നു. യുദ്ധത്തിൽ പങ്കില്ലെന്നാണ് അന്നും പാകിസ്ഥാൻ പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |