
ന്യൂഡൽഹി: മുംബയ് ഭീകരാക്രമണ മുഖ്യപ്രതി അജ്മൽ കസബ്,ആസൂത്രകൻ ഡേവിഡ് ഹെഡ്‌ലി ഉൾപ്പെടെയുള്ളവർക്ക് പരിശീലനം ലഭിച്ച ലഷ്‌കറെ തയ്ബയുടെ ഷവായ്‌നല്ല ക്യാമ്പ്. ജെയ്‌ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസർന്റെ താവളമായ മർകസ് സുബ്ഹാൻ അല്ലാഹ്. പഹൽഗാമിന് പകരംവീട്ടി ഇന്ത്യ തകർത്ത 9 ഭീകര ക്യാമ്പുകളിൽ ഇവയും ഉൾപ്പെടുന്നു. 2024 ഒക്‌ടോബറിൽ സോനോമാർഗ്,ഗുൽമാർഗ് ഉൾപ്പെടെ ജമ്മുകാശ്‌മീരിൽ പലയിടത്തായി അക്രമണം നടത്തിയ ഭീകരർ പരിശീലനം നേടിയ ക്യാമ്പുകളും തകർത്തു. തകർത്ത സുപ്രധാന ഭീകര കേന്ദ്രങ്ങൾ:
മർകസ് സുബ്ഹാൻ അല്ലാഹ്
പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ ജില്ലയിൽ ദേശീയ പാത-5ൽ 15 ഏക്കറിലെ ജെയ്ഷെ കേന്ദ്രം. 2019 ഫെബ്രുവരി 14ലെ പുൽവാമ ആക്രമണം ഉൾപ്പെടെ ഭീകരാക്രമണ പദ്ധതികളുടെ ആസൂത്രണം,ഭീകര പരിശീലനം എന്നിവ ഇവിടെയായിരുന്നു. ജെയ്‌ഷെ മുഹമ്മദ് മേധാവി മൗലാന മസൂദ് അസർ,പ്രധാനികളായ മുഫ്തി അബ്ദുൾ റൗഫ് അസ്ഗർ,മൗലാന അമ്മാർ,കുടുംബാംഗങ്ങൾ എന്നിവരുടെ വസതികളും സ്‌ഫോടനത്തിൽ തകർന്നു. മസൂദിന്റ സഹോദരിയുൾപ്പെടെ പത്ത് കുടുംബാംഗങ്ങളും നാല് പ്രധാന സഹായികളും കൊല്ലപ്പെട്ടു. 600 ലധികം ഭീകരർ ഇവിടെ താമസിച്ചിരുന്നതായി റിപ്പോർട്ട്.
മർകസ് തയ്ബ
പാക് പഞ്ചാബിലെ മുരിദ്കെ നംഗൽ സഹ്ദാനിൽ 82 ഏക്കറിൽ സ്ഥിതി ചെയ്യുന്നു. 2000-ൽ സ്ഥാപിതമായതു മുതൽ ലഷ്‌കറിന്റെ സുപ്രധാന പരിശീലന കേന്ദ്രം. കൃഷിയിടത്തിനു നടുവിൽ മദ്രസ,മാർക്കറ്റ്,താമസസ്ഥലം,പരിശീലന സൗകര്യം എന്നിവ ഉൾപ്പെടുന്നു. യു.എസ് വധിച്ച ഒസാമാ ബിൻലാദന്റെ സഹായത്തോടെ ഇവിടെ പള്ളിയും ഗസ്റ്റ് ഹൗസും നിർമ്മിച്ചു. പുരുഷൻമാർക്കും സ്‌ത്രീകൾക്കുമുള്ള പ്രത്യേക മതപഠന കേന്ദ്രങ്ങളിൽ വർഷന്തോറും 1000 വിദ്യാർത്ഥികളെത്തുന്നു.
മെഹ്മൂന ജോയ
പാക് പഞ്ചാബിലെ സിയാൽകോട്ട് ജില്ലയിൽ ഹെഡ്മറാല പ്രദേശത്ത് സർക്കാർ കെട്ടിടങ്ങളുടെ മറയിൽ പ്രവർത്തിക്കുന്ന ഹിസ്ബുൾ മുജാഹിദ്ദീൻ പരിശീലന കേന്ദ്രം. മൂന്ന് മുറികളും ഒരു അടുക്കളയും കുളിമുറിയും ഉള്ള ഒറ്റനില കോൺക്രീറ്റ് കെട്ടിടത്തിലും സമീപത്തുള്ള ആശുപത്രിയുടെ ക്വാർട്ടേഴ്‌സിലുമായി 50 ഭീകരൻമാർക്ക് താമസ സൗകര്യം. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ അവസരം കാത്ത് 20-25 ഭീകരർ ഇവിടെയുണ്ടാകും. 1995 ജനുവരി 26ന് 8 പേരുടെ മരണത്തിനിടയാക്കിയ ജമ്മു മൗലാന ആസാദ് സ്റ്റേഡിയം ആക്രമത്തിന് പിന്നിൽ പ്രവർത്തിച്ച മുഹമ്മദ് ഇർഫാൻ ഖാനാണ് ഇവിടത്തെ കമാൻഡർ.
മർകസ് അഹ്‌ലെ ഹദീസ്
പാക് അധിനിവേശ മേഖലയിൽ ബർണാല പട്ടണത്തിന്റെ പ്രാന്തപ്രദേശത്ത് കോട്ടെ ജമൽ റോഡിലുള്ള ലഷ്‌കർ കേന്ദ്രം. പൂഞ്ച്-രജൗരി- റിയാസി മേഖലകളിലൂടെ നുഴഞ്ഞു കയറുന്ന ഭീകരരെ പരിശീലിപ്പിക്കുന്നു. 40-50 ഭീകരർ പതിവായി തങ്ങുന്നു. ലഷ്‌കർ നേതാക്കളായ മുഹമ്മദ് അമിൻ ബട്ട്,സൈഫുള്ള സാജിദ് ജട്ട്,അബു ഖതൽ സിന്ധി എന്നിവർ ഇവിടെ സ്ഥിര സന്ദർശകർ.
മർകസ് അബ്ബാസ്
പാക് അധിനിവേശ കാശ്‌മീരിലെ മൊഹല്ല റോളിധാര ബൈപാസ് റോഡിലെ ജെയ്ഷെ പരിശീലന കേന്ദ്രം. കോട്ട്‌ലി മിലിട്ടറി ക്യാമ്പിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെ. 100-125 ഭീകരരെ ഉൾക്കൊള്ളാനുള്ള ശേഷി. 40-50 ഭീകരർ എപ്പോഴും ഇവിടെ തങ്ങുന്നു. ജെയ്‌ഷെ സ്ഥാപകാംഗമായ ഖാരി സരാർ ആണ് കമാൻഡർ. 2016 നവംബർ 29ന് ജമ്മുവിലെ നഗ്രോട്ടയിലെ കരസേനാ ക്യാമ്പ് ആക്രമിച്ച കേസിലെ പ്രതിയാണിയാൾ.
മസ്‌കർ റഹീൽ ഷാഹിദ്
പാക് അധിനിവേശ കാശ്‌മീരിലെ കോട്‌ലി ജില്ലയിൽ മഹുലിപുലിയിൽ വനത്തിലെ കുന്നിൻ മുകളിൽ ചെയ്യുന്ന ഹിസ്ബുൾ കേന്ദ്രം. നാല് മുറികൾ,ഓഫീസ്,പരിശീലന കേന്ദ്രം എന്നിവയും ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിക്കാനുള്ള ഗോഡൗണും. ഒറ്റപ്പെട്ട പ്രദേശത്തുള്ള ക്യാമ്പിലേക്ക് വൈദ്യുതി കണക്‌ഷനുണ്ട്. 150-200 ഭീകരരെ ഉൾക്കൊള്ളാൻ ശേഷി. പർവത മേഖലകളിലെ ഒളിയാക്രമത്തിനുള്ള പരിശീലനം നൽകുന്നു
ഷവായ് നല്ല
മുസാഫറാബാദ്-നീലം റോഡിൽ ചെലബന്ദി പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ലഷ്‌കറെ റിക്രൂട്ട്‌മെന്റ് കേന്ദ്രം. ഫയറിംഗ് റേഞ്ച്,പരിശീലന ഗ്രൗണ്ട്,മദ്രസ,താമസിക്കാൻ 40 മുറികൾ എന്നിവ ഉൾപ്പെടുന്നു. കേഡർമാർക്കും കമാൻഡർമാർക്കും പ്രത്യേക താമസ സൗകര്യം. പാക് സൈന്യത്തിന്റെ സഹായത്തോടെ ഭീകരർക്ക് പരിശീലനത്തിനുള്ള ബേസ് ക്യാമ്പ്. ലഷ്കർ തലവൻ ഹാഫിസ് സയീദ് പുതിയ അംഗങ്ങളെ ഇവിടെ എത്തി സ്വാഗതം ചെയ്‌തിരുന്നു.
സർജാൽ/തെഹ്റ കലാൻ
പാക് പഞ്ചാബിലെ നരോവാലിൽ സ്ഥിതി ചെയ്യുന്ന പാക് ഭീകരതാവളം. ജമ്മു കശ്മീരിലേക്ക് പാക് ഭീകരരെ നുഴഞ്ഞുകയറ്റാനായി ജയ്ഷെ മുഹമ്മദ് ഭീകര സംഘടന സ്ഥാപിച്ചതാണിത്. ഇവിടെ നിന്നാണ് അതിർത്തിതുരന്ന് ഭീകരർ ഇന്ത്യയിലേക്ക് തുരങ്കങ്ങൾ നിർമ്മിക്കുന്നത്. ഇന്ത്യൻ പ്രദേശത്തേക്ക് ഡ്രോണുകൾ വഴി ആക്രമണം നടത്താനുള്ള ലോഞ്ചിംഗ് ഇടമായും പാകിസ്ഥാൻ ഉപയോഗിച്ചിരുന്നു.
മർകസ് സൈദിനാ ബിലാൽ
പാക് അധീന കശ്‌മീരിൽ ജയ്‌ഷെ മുഹമ്മദ് ഭീകരരുടെ മറ്റൊരു താവളം. മുസഫറാബാദിലെ റെഡ് ഫോർട്ടിന് എതിർവശത്തായാണിത് സ്ഥിതി ചെയ്യുന്നത്. ജമ്മു കാശ്‌മീരിലേക്ക് അയക്കും മുമ്പ് ഭീകരുടെ ഇടത്താവളമായി ഇത് അറിയപ്പെടുന്നു. 100 ഭീകരരെ വരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ കേന്ദ്രത്തിന്റെ മേൽനോട്ടം ജെയ്‌ഷെ ഓപ്പറേഷൻ കമാൻഡർ മുഫ്‌തി അസ്‌ഗർ ഖാൻ കാശ്‌മീരി നേരിട്ടാണ് വഹിച്ചിരുന്നത്. പാക് സൈന്യത്തിലെ സ്പെഷ്യൽ സർവീസ് ഗ്രൂപ്പ് കമാൻഡോകളെത്തി ജയ്‌ഷെ ഭീകർക്ക് പരിശീലനം നൽകിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |