SignIn
Kerala Kaumudi Online
Friday, 23 October 2026 7.37 AM IST

കോൺഗ്രസിനെ വെട്ടിലാക്കി: അദ്വാനിയുടേത് മാതൃകാ ജീവിതമെന്ന് ശശി തരൂർ

READ ENGLISH VERSION
d

ന്യൂഡൽഹി: മാതൃകാപരമായ സേവനജീവിതം നയിച്ച രാഷ്ട്രീയതന്ത്രജ്ഞനാണ് ബി.ജെ.പി നേതാവ് എൽ.കെഅദ്വാനിയെന്നും ഒരു സംഭവത്തിന്റെ അടിസ്ഥാനത്തിൽ മാത്രം അദ്ദേഹത്തിന്റെ രാഷ്‌ട്രീയ ജീവിതത്തെ വിലയിരുത്തരുതെന്നും ശശി തരൂർ എംപി. അദ്വാനിയുടെ 98-ാം ജൻമദിനത്തിൽ ആശംസ നേർന്ന് എക്‌സിൽ കുറിച്ച പോസ്റ്റിലാണ് കോൺഗ്രസിനെ വെട്ടിലാക്കി തരൂർ നിലപാട് വ്യക്തമാക്കിയത്.

ബാബറി മസ്ജിദ് പൊളിച്ചത് ഉൾപ്പെടെയുള്ള സംഭവങ്ങളിലെ അദ്വാനിയുടെ പങ്ക് ചൂണ്ടിക്കാട്ടി വിമർശനം ഉയർന്നതോടെ, തരൂർ വിശദീകരണവുമായി വന്നു. ഒരു സംഭവത്തിന്റെ പേരിൽ മാത്രം പതിറ്റാണ്ടുകൾ നീണ്ട രാഷ്ട്രീയജീവിതത്തെ വിലയിരുത്തുന്നത് നീതികേടാണ്. ചൈനയുടെ തിരിച്ചടി മാത്രം അടിസ്ഥാനമാക്കി ജവഹർലാൽ നെഹ്‌റുവിനെ വിലയിരുത്താനാകില്ല. അടിയന്തിരാവസ്ഥയുടെ മാത്രം അടിസ്ഥാനത്തിൽ ഇന്ദിരാ ഗാന്ധിയെ വിലയിരുത്താനാകില്ല. അതേ നീതി അദ്വാനിയോടും കാണിക്കണമെന്നും തരൂർ വാദിച്ചു. അദ്വാനിക്കൊപ്പമുള്ള ഫോട്ടോയും തരൂർ പങ്കുവച്ചു.

വെറുപ്പിന്റെ വിത്തുകൾ പാകുന്നത് പൊതുസേവനമല്ലെന്ന് തരൂരിന്റെ പോസ്റ്റിന് മറുപടിയായി സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്‌ഡെ കുറിച്ചു. രഥയാത്ര വെറും സംഭവമല്ല. 2002നും 2014നുമുള്ള നിലമൊരുക്കിയത് രഥയാത്രയാണ്. രഥയാത്രയും അതിന്റെ അക്രമ പാരമ്പര്യവും രാജ്യത്തിന്റെ വിധിയെ തന്നെ വേട്ടയാടുന്നതാണ്. ഇപ്പോഴത്തെ ശരശയ്യയിലും അദ്വാനി ഒരു രാജധർമ്മവും പ്രസംഗിച്ചിട്ടില്ല- സഞ്ജയ് ഹെഗ്‌ഡെ ചൂണ്ടിക്കാട്ടി.
അദ്വാനിയുടെ രഥയാത്ര 1992-ലെ ബാബറി മസ്ജിദ് തകർക്കലിന് മുന്നൊരുക്കമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്‌ചയെ തരൂർ പിന്തുണച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള വിദേശ പ്രതിനിധി സംഘത്തലവനായി തരൂരിനെ കേന്ദ്രസർക്കാർ നിയോഗിച്ചത് കോൺഗ്രസിന്റെ എതിർപ്പ് മറികടന്നാണ്. രാഷ്‌ട്രീയത്തിലെ കുടുംബവാഴ്‌ചയ്‌ക്കെതിരായ തരൂരിന്റെ കഴിഞ്ഞ ദിവസത്തെ ലേഖനം കോൺഗ്രസിനെ ആക്രമിക്കാൻ ബി.ജെ.പി ആയുധമാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360