SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

 ആകാശപാതയിൽ നിയന്ത്രണം യു.എസ്, യൂറോപ്പ് യാത്രക്കാരും ദുരിതത്തിൽ

r

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ദുബായ്, ദോഹ വിമാനത്താവളങ്ങൾ അടച്ചതും ആകാശ പാതയിൽ നിയന്ത്രണങ്ങൾ വന്നതും ഇന്ത്യയിൽ നിന്നുള്ള യുഎസ്, യൂറോപ്പ് യാത്രകൾ പ്രതിസന്ധിയിലാക്കി. വിമാനങ്ങൾ വഴി തിരിച്ചുവിടുന്നത് മൂലം നിരക്കുകൾ കുത്തനെ വർദ്ധിച്ചു. അവധിക്കാല ടൂർ പാക്കേജുകളെയാണ് ഏറെ ബാധിച്ചത്. ഇന്നലെ രാജ്യത്ത് 716 വിമാന സർവീസുകൾ റദ്ദാക്കി. അടിയന്തര സന്ദേശങ്ങൾ ശ്രദ്ധിക്കണമെന്ന് എയർ ഇന്ത്യ അറിയിച്ചു.

ദുബായ് വിമാനത്താവളം അടച്ചതിനാൽ വിമാനങ്ങൾ സിംഗപ്പൂർ, ബാങ്കോക്ക്, ക്വാലാലംപൂർ തുടങ്ങിയ രാജ്യങ്ങളിലടെ വഴിതിരിച്ചുവിടുന്നത് ടിക്കറ്റ് നിരക്കിൽ മൂന്നിരട്ടി വരെ വർദ്ധനയുണ്ടാക്കി. സമയ നഷ്‌ടവും സഹിക്കണം. ന്യൂയോർക്കിലെത്താൻ നേരത്തെ 20 മണിക്കൂറിൽ താഴെ വേണ്ടിയിരുന്ന യാത്രയ്‌ക്ക് സിംഗപ്പൂർ വഴി 30-45 മണിക്കൂർ വരെ എടുക്കും. വിമാനങ്ങൾ ലഭ്യമല്ലാത്തതിനാൽ ഇത്തരം ട്രാൻസിറ്റ് വിമാനത്താവളങ്ങളിൽ നൂറുകണക്കിന് യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു.

വടക്കേ ഇന്ത്യയിൽ ഗൾഫ് മേഖലയിലേക്ക് കൂടുതൽ സർവീസ് നടത്തുന്ന കൊൽക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള എമിറേറ്റ്‌സ്, ഖത്തർ എയർവേയ്‌സ്, ഇത്തിഹാദ് എന്നിവ കമ്പനികളുടെ 10 അന്താരാഷ്ട്ര വിമാനങ്ങൾ റദ്ദാക്കി. ഹോങ്കോംഗ് വഴി ദോഹയിലേക്ക് പോകേണ്ടിയിരുന്ന ഖത്തർ എയർവേയ്‌സ് കാർഗോ ഇവിടെ കിടക്കുകയാണ്. അമൃത്‌സർ, ഹൈദരാബാദ് വിമാനത്താവളങ്ങളിൽ നിന്നുള്ള ഗൾഫ് സർവീസുകളും റദ്ദാക്കി.

സാഹചര്യം വിലയിരുത്തി

വ്യോമയാന മന്ത്രാലയം

വ്യോമയാന മന്ത്രാലയം അടിയന്തര യോഗം നടത്തി. വ്യോമയാന മന്ത്രാലയ സെക്രട്ടറി, മുതിർന്ന മന്ത്രാലയ ഉദ്യോഗസ്ഥർ, എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ, ഡി.ജി.സി.എ എയർലൈൻ ഓപ്പറേറ്റർമാർ, പ്രധാന വിമാനത്താവള ഓപ്പറേറ്റർമാർ എന്നിവർ പങ്കെടുത്തു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി സർവീസുകൾ നടത്താൻ മന്ത്രാലയം നിർദ്ദേശിച്ചു. വിദേശ റൂട്ടുകളിൽ സർവീസ് നടത്തുന്ന ഇന്ത്യൻ വിമാനക്കമ്പനികളോട് വ്യോമാതിർത്തി ഉപദേശങ്ങൾ, നോട്ടാം അറിയിപ്പുകൾ, ബന്ധപ്പെട്ട അധികാരികൾ പുറപ്പെടുവിക്കുന്ന റൂട്ടിംഗ് നിയന്ത്രണങ്ങൾ എന്നിവ സൂക്ഷ്മമായി നിരീക്ഷിക്കാൻ നിർദ്ദേശം നൽകി. അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളും അടിയന്തര നടപടിക്രമങ്ങളും കർശനമായി പാലിച്ച് റൂട്ട് മാറ്റുകയോ വഴിതിരിച്ചുവിടുകയോ ചെയ്യാനും നിർദ്ദേശിച്ചു. വിവരങ്ങൾ പങ്കിടാനും അടിയന്തര സാഹചര്യങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കാനും വ്യോമയാന മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ഏകോപിപ്പിച്ച് പ്രവർത്തിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360