SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.22 AM IST

ഗൾഫ് യാത്ര പ്രതിസന്ധി നേരിടാൻ പ്രത്യേക വിമാന സ‌ർവീസുകൾ കൊച്ചിയിൽ നേരിട്ടെത്താം

f

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുത്ത ഗൾഫ് യാത്ര പ്രതിസന്ധി പരിഹരിക്കാൻ പ്രത്യേക വിമാന സ‌ർവീസുകളുമായി ഇന്ത്യൻ വിമാനക്കമ്പനികൾ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, ഇൻഡിഗോ അടക്കം ഇന്നലെ 58 പ്രത്യേക സ‌ർവീസുകൾ സജ്ജീകരിച്ചു. ദുബായിൽ കുടുങ്ങിക്കിടന്നവരെ ഡൽഹി, ചെന്നൈ, ഹൈദരാബാദ് തുടങ്ങിയ വിമാനത്താവളങ്ങളിൽ എത്തിച്ചു. ജിദ്ദ, മസ്‌കറ്റ്, മദീന, ഏതൻസ് എന്നിവിടങ്ങളിലേക്ക് സർവീസ് ആരംഭിച്ചതായി ഇൻഡിഗോ വിമാനകമ്പനി അറിയിച്ചു. യു.എ.ഇ റൂട്ടിൽ ചാർട്ടർ വിമാനങ്ങൾ പറത്തും. യു.എ.ഇയിലെ ഫുജൈറയിൽ നിന്ന് ഡൽഹി,​ മുംബയ്,​ കൊച്ചി എന്നിവിടങ്ങളിലേക്ക് സ്‌പൈസ് ജെറ്റ് എട്ട് പ്രത്യേക വിമാനസർവീസുകൾ പ്രഖ്യാപിച്ചു. കൊച്ചിയിലേക്ക് ഒരു പ്രത്യേക സ‌ർവീസാണ് ക്രമീകരിച്ചത്. ദുബായ്, അബുദാബി, സൗദി അറേബ്യ, ഒമാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിഹാദിന്റെയും എമിറേറ്റ്സിന്റെയും ചില സർവീസുകളും ക്രമീകരിച്ചിട്ടുണ്ട്.

വിമാനം റദ്ദാക്കലും, ടിക്കറ്റ് കൊള്ളയും

സംഘർഷം ആരംഭിച്ച ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ 1221 ഇന്ത്യൻ വിമാനകമ്പനികളുടെയും 388 വിദേശ വിമാനകമ്പനികളുടെയും സർവീസുകൾ റദ്ദാക്കി. ഇന്നലെ ബെംഗളൂരു വിമാനത്താവളത്തിൽ 34ഉം, തിരുച്ചിറപ്പള്ളി എയർപോർട്ടിൽ 31ഉം സർവീസുകൾ റദ്ദാക്കി. എയർ ഇന്ത്യ ഇന്നലെയും യു.എ.ഇ, സൗദി അറേബ്യ, ഇസ്രയേൽ, ഖത്തർ റൂട്ടുകളിലെ ഭൂരിഭാഗം സർവീസുകളും റദ്ദാക്കി. നോർത്ത് അമേരിക്ക, യു.കെ, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള സ‌ർവീസുകൾക്ക് മുടക്കമില്ല. ഇന്നു മുതൽ മാർച്ച് 11 വരെ ഡൽഹിയിൽ നിന്ന് ടൊറൊന്റോയിലേക്ക് മൂന്ന് പ്രത്യേക വിമാനങ്ങൾ പ്രഖ്യാപിച്ചു. 7 മുതൽ 10ാം തീയതി വരെ ഡൽഹി - ഫ്രാങ്ക്ഫർട്ട് റൂട്ടിൽ അധികമായി മൂന്നും, ഡൽഹി - പാരീസ് റൂട്ടിൽ ഒരു വിമാനവും സർവീസ് നടത്തും. അതേസമയം, മാർച്ച് 9 മുതലുള്ള ഡൽഹി - ലണ്ടൻ നോൺ സ്റ്റോപ്പ് എയർ ഇന്ത്യ വിമാനടിക്കറ്റിന് നിരക്ക് കുതിച്ചുയർന്നു. ആറുലക്ഷത്തിനും മുകളിലാണ് നിരക്കെന്നാണ് റിപ്പോർട്ടുകൾ.

അഭ്യൂഹം തള്ളി

വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഏവിയേഷൻ ടർബൈൻ ഇന്ധനത്തിന്റെ സ്റ്റോക്ക് സംബന്ധിച്ച് വിമാനത്താവളങ്ങളോട് വിവരം തേടിയെന്ന അഭ്യൂഹം എയർപോർട്ട്സ് അതോറിട്ടി ഓഫ് ഇന്ത്യ തള്ളി. ഇന്ധന സ്റ്റോക്ക് പരിശോധിക്കുന്നത് തങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ലെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360