SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

വിവാഹമോചനക്കേസ് സംഗീതയ്ക്ക് 250 കോടി നൽകാൻ വിജയ്

gd

ചെന്നൈ: നടനും തമിഴക വെട്രി കഴകം പാർട്ടി (ടി.വി.കെ) സ്ഥാപകനുമായ വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവുമായുള്ള വിവാഹമോചനക്കേസ് കോടതിക്കു പുറത്ത് ഒത്തുതീർപ്പാക്കാൻ ശ്രമം നടത്തുന്നതായി റിപ്പോർട്ട്. സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്,ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടിയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തെന്നാണ് റിപ്പോർട്ട്. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുണ്ട്.

ഈ തുക കൈമാറുന്നത് എങ്ങനെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. സംഗീത ഈ നിർദ്ദേശം സ്വീകരിച്ചോ എന്ന കാര്യത്തിലും വ്യക്തയില്ല. ഇരു കക്ഷികളും പരസ്പര ധാരണയിലെത്തിയാൽ വിവാഹമോചന ഹർജി പിൻവലിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സജീവ രാഷ്ട്രീയത്തിലേക്കു കടന്ന വിജയ് തന്റെ കുടുംബത്തിന്റെ അന്തസ് സംരക്ഷിക്കാനും വിഷയം സ്വകാര്യമായി സൂക്ഷിക്കാനും ആഗ്രഹിക്കുന്നതിനാലാണ് ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്.

ചെങ്കൽപേട്ട് കുടുംബ കോടതിയിൽ സംഗീത ഫയൽ ചെയ്ത വിവാഹമോചന ഹർജിയിൽ ഏപ്രിൽ 20ന് നേരിട്ട് ഹാജരാകാൻ വിജയ്‌യോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2021 മുതൽ തങ്ങൾ അകന്നു കഴിയുകയാണെന്നും ഒരു പ്രമുഖ നടിയുമായുള്ള വിജയ്‍യുടെ ബന്ധമാണ് ഇതിന് കാരണമെന്നും ഹർജിയിൽ സംഗീത ആരോപിച്ചിട്ടുണ്ട്.

1996ൽ പുറത്തിറങ്ങിയ 'പൂവേ ഉനക്കാകെ' എന്ന ചിത്രം കണ്ടാണ് സംഗീത വിജയ്‌യുടെ ആരാധികയായി തീർന്നത്. ലണ്ടനിൽനിന്ന് വിജയ്‌യെ നേരിൽ കാണാനായി മാത്രം സംഗീത ചെന്നൈയിലെത്തി. ലണ്ടൻ യൂണിവേഴ്സിറ്റിയിലെ പഠനകാലത്ത് വിജയ്ക്ക് സംഗീത സ്ഥിരമായി കത്തുകളെഴുതിയിരുന്നു. സൗഹൃദം പ്രണയമായി വളരുകയും വീട്ടുകാരുടെ അനുവാദത്തോടെ 1999 ആഗസ്റ്റിൽ ഇരുവരും വിവാഹിതരാവുകയും ചെയ്തു. പ്രധാന പരിപാടികളിലെല്ലാം വിജയ്‌യ്ക്കൊപ്പം പ്രത്യക്ഷപ്പെട്ടിരുന്ന സംഗീത കുറച്ചുകാലമായി പൊതുവേദികളിൽ എത്തിയിരുന്നില്ല. പിന്നാലെ ഇരുവരും അകന്നുകഴിയുകയാണെന്ന വാർത്തകൾ പ്രചരിച്ചിരുന്നു. ടി.വി.കെ പരിപാടികളിൽ വിജയ്‌യുടെ മാതാപിതാക്കൾ എത്തിയപ്പോഴും സംഗീതയും മക്കളും എത്തിയിരുന്നില്ല.

അതേസമയം, വിജയുടെ ദാമ്പത്യത്തിൽ വില്ലത്തി തൃഷയാണെന്ന് ആരോപിച്ച് നടിക്കെതിരെ വലിയ രീതിയിൽ സൈബർ ആക്രമണം നടക്കുന്നുണ്ട്. എന്നാൽ വിവാദങ്ങളിൽ ഇതുവരെ വിജയ് പ്രതികരിച്ചിട്ടില്ല. നടി തൃഷയുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ ആരോപണം ഉന്നയിച്ചപ്പോഴും വിജയ് മൗനം പാലിച്ചതേയുള്ളൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360