SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.57 AM IST

അസാമിൽ ഹിമന്തയോ ഗൊഗോയിയോ

a

'കോൺഗ്രസ് വിമുക്ത വടക്കുകിഴക്ക്" എന്ന മുദ്രാവാക്യം നടപ്പാക്കാൻ ബി.ജെ.പിക്കൊപ്പം നിന്ന അസാമിൽ കാറ്റുമാറി വീശുമോയെന്നാണ് അറിയേണ്ടത്. മുഖ്യമന്ത്രിയും മുൻ കോൺഗ്രസുകാരനുമായ ഹിമന്ത ബിശ്വ ശർമ്മയിൽ ബി.ജെ.പി വിശ്വാസം അർപ്പിക്കുന്നു. യുവനേതാവ് ഗൗരവ് ഗൊഗോയിലൂടെ അസാമിൽ തിരിച്ചുവരാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഭരണത്തുടർച്ച നേടിയാൽ അഞ്ച് വർഷത്തിൽ കൂടുതൽ മുഖ്യമന്ത്രി പദവി വഹിക്കുന്ന ആദ്യ കോൺഗ്രസ് ഇതര നേതാവാകാൻ തയ്യാറെടുക്കുന്ന ഹിമന്തയ്‌ക്ക് വെല്ലുവിളി പത്തുവർഷത്തെ ഭരണവിരുദ്ധ തരംഗം. അഴിമതിയാണ് കോൺഗ്രസ് ഉയർത്തുന്ന പ്രധാന ആരോപണം.

2016ൽ സംസ്ഥാനത്ത് ആദ്യമായി ഭരണത്തിലേറിയ ബി.ജെ.പി 2021ൽ അന്നത്തെ മുഖ്യമന്ത്രി സർബാനന്ദ് സോണോവാളിനെ മാറ്റിയാണ് ഹിമന്തയെ കൊണ്ടുവന്നത്. ഇക്കുറി ഹിമന്തയ്‌ക്ക് മാറ്റമില്ല. സോണോവാൾ അസാം ഗണ പരീക്ഷത്തിലായിരുന്നെങ്കിൽ ഹിമന്ത മുൻ കോൺഗ്രസുകാരനാണ്. കോൺഗ്രസിനെ നേരിടാൻ യോഗ്യൻ ഹിമന്തയെന്ന് വിലയിരുത്തുന്നു ബി.ജെ.പി.

എസ്.ഐ.ആർ

നിർണായകം

 പശ്ചിമ ബംഗാളിലേതുപോലെ തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ) അസാമിലും നിർണായകമാകും. അതിനാൽ കുടിയേറ്റ വിരുദ്ധ പ്രചാരണമാണ് ബി.ജെ.പിയുടെ പ്രധാന മുദ്രാവാക്യം. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം നടത്തിയ പ്രചാരണങ്ങളിൽ കുടിയേറ്റം വിഷയമാക്കിയിരുന്നു.

 കേന്ദ്രത്തിന്റെ പിന്തുണയോടെ സംസ്ഥാനത്ത് നടപ്പാക്കിയ വികസന പ്രവർത്തനങ്ങളിലും ബി.ജെ.പി പ്രതീക്ഷയർപ്പിക്കുന്നു.

 2014ന് ശേഷം സംസ്ഥാനത്ത് മേൽക്കൈ നേടാൻ സഹായിച്ച ഹിന്ദുത്വ അജണ്ടയിലൂന്നിയ പ്രചാരണമാണ് ബി.ജെ.പി തുടരുന്നത്.

 2011ലെ അഞ്ച് സീറ്റ് 2016ൽ 86 സീറ്റിലേക്കുയർത്തിയാണ് പാർട്ടി ഭരണം പിടിച്ചത്. 2021 അധികാരം നിലനിറുത്താനായെങ്കിലും 11 സീറ്റുകൾ നഷ്ട‌മായി.

എന്നാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 14ൽ 11ലും ജയിച്ചത് ആത്മവിശ്വാസം.

ഗൊഗോയിൽ

വിശ്വസിച്ച്

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ തുടർ പരാജയങ്ങളിൽ പതറിയ കോൺഗ്രസ് അസാമിലെ വിജയത്തോടെ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. രാഹുൽ ബ്രിഗേഡിന്റെ വിശ്വസ്‌തനും മുൻമുഖ്യമന്ത്രി തരുൺ ഗൊഗോയിയുടെ മകനുമായ ഗൗരവ് ഗൊഗോയിക്ക് ജനങ്ങളെ സ്വാധീനിക്കാനാകുമെന്ന് കോൺഗ്രസ് വിശ്വസിക്കുന്നു. ബദറുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫ് പാർട്ടി, അസാം ഗണപരീക്ഷത്ത്, ബോഡോലാൻഡ് പ്യൂപ്പിൾസ് ഫ്രണ്ട് (ബി.പി.എഫ്), ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) തുടങ്ങിയ പ്രാദേശികക്ഷികളും മത്സരരംഗത്തുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360