SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.52 AM IST

എൽ.പി.ജി ക്ഷാമത്തിന് ആശ്വാസം നന്ദാദേവി കപ്പലും ഗുജറാത്ത് തീരത്തെത്തി

r

ന്യൂഡൽഹി: എൽ.പി.ജിയുമായി ഇറാന്റെ അനുമതിയോടെ ഹോർമുസ് കടലിടുക്ക് കടന്ന നന്ദാദേവി ഇന്നലെ പുലർച്ചെ ഗുജറാത്തിലെ കണ്ട്‌ല തീരത്ത് നങ്കൂരമിട്ടു. ശിവാലിക് കപ്പൽ തിങ്കളാഴ്‌ച മുന്ദ്ര തുറമുഖത്തെത്തിയിരുന്നു.

രണ്ടു കപ്പലുകളിലായി എത്തിയ 90 ലക്ഷത്തോളം മെട്രിക് ടൺ എൽ.പി.ജി(ഏകദേശം 65 ലക്ഷം സിലിണ്ടറിന് തുല്യം) രാജ്യത്തെ പാചകവാതക ക്ഷാമത്തിന് നേരിയ പരിഹാരമാകുമെന്ന് കരുതുന്നു. നന്ദാദേവിയിലെ പകുതി ചരക്ക് തമിഴ്നാട്ടിലെ എന്നൂരിലും കൊൽക്കത്തയിലെ ഹാൽദിയയിലുമാണ് ഇറക്കുക.

അതസമയം എൽ.പി.ജി സിലിണ്ടറുകൾ കൂട്ടത്തോടെ ബുക്ക് ചെയ്യുന്ന പ്രവണത കുറഞ്ഞതായി കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. 90 ലക്ഷം വരെ ഉയർന്ന ബുക്കിംഗ് നിരക്ക് ഏകദേശം 70 ലക്ഷമായി കുറഞ്ഞു. സമീപ ദിവസങ്ങളിൽ 50-62 ലക്ഷം വരെ സിലിണ്ടറുകളാണ് ദിവസേന വിതരണം ചെയ്യുന്നത്. പാചകവാതക പൂഴ‌്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ ഡൽഹി, ഗോവ, ഉത്തർപ്രദേശ്, ജമ്മു കശ്മീർ, കേരളം, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ 12,000 ത്തിലധികം റെയ്ഡുകൾ നടത്തി 15,000 ത്തിലധികം സിലിണ്ടറുകൾ പിടിച്ചെടുത്തു.

ഇന്ത്യൻ കപ്പലുകളെ ഹോർമുസ് കടലിടുക്ക് കടക്കാൻ അനുവദിച്ചതിന് പകരമായി ഇറാന്റെ മൂന്ന് കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യപ്പെട്ടെ വാർത്ത വിദേശകാര്യ മന്ത്രാലയം തള്ളി. ഒമാനിലെ സോഹാറിൽ കൊല്ലപ്പെട്ട രണ്ട് ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്നലെ ജയ്പൂരിലെത്തിച്ചു. ഇറാഖിലെ ബസ്രയിൽ കുടുങ്ങിയ കപ്പലിലെ15 ഇന്ത്യൻ ജീവനക്കാരെ തിരിച്ചുകൊണ്ടുവരാൻ ശ്രമം നടക്കുന്നു. ഇറാനിൽ കുടുങ്ങിയ 284 ഇന്ത്യൻ തീർത്ഥാടകരിൽ 130 പേർ ഇന്ന് ഡൽഹിയിൽ എത്തും. ഇവർ അടക്കം 700ലധികം ഇന്ത്യൻ പൗരന്മാരെ അർമേനിയ, അസർബൈജാൻ എന്നീ അയൽ രാജ്യങ്ങളിലേക്ക് മാറ്റിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360