SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.50 AM IST

സമാധാനം തേടി മണിപ്പൂർ, കുക്കി-നാഗാ വിഭാഗങ്ങളുമായി മുഖ്യമന്ത്രിയുടെ ചർച്ച

s

ഇംഫാൽ: മൂന്നു വർഷം മുമ്പ് വംശീയ കലാപം പൊട്ടിപ്പുറപ്പെട്ട മണിപ്പൂരിൽ സുസ്ഥിര സമാധാനം ലക്ഷ്യമിട്ട് നാഗ, കുക്കി വിഭാഗങ്ങളെ വിശ്വാസത്തിലെടുക്കാൻ സംസ്ഥാന സർക്കാരിന്റെ നീക്കം. മണിപ്പൂർ മുഖ്യമന്ത്രി യുംനാം ഖേംചന്ദ് സിംഗ് കുക്കി, സോമി ഗോത്ര സംഘടനയിലെ അംഗങ്ങളുമായി ചർച്ച നടത്തി.

അസാം തലസ്ഥാനമായ ഗുവാഹത്തിയിൽ നടന്ന ചർച്ച ഒന്നരമണിക്കൂറിലേറെ നീണ്ടു. 2023 ഏപ്രിലിൽ തുടങ്ങിയ കലാപത്തിനുശേഷം ആദ്യമായാണ് മുഖ്യമന്ത്രിയുമായുള്ള ചർച്ചയ്ക്ക് കുക്കി സംഘടനകളെത്തുന്നത്. സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കാൻ എല്ലാ നടപടികളും സ്വീകരിക്കാൻ മുഖ്യമന്ത്രി കുക്കി സമൂഹത്തോട് ആവശ്യപ്പെട്ടു. പ്രശ്ന പരിഹാരത്തിന് ചില ഉപാധികൾ മുന്നോട്ടുവച്ചതായി കുക്കി സംഘടനകൾ വ്യക്തമാക്കി.

മെയ്‌തി വിഭാഗത്തിൽപ്പെട്ട മുഖ്യമന്ത്രിയുമായി കുക്കി സംഘടനകൾ ചർച്ച നടത്തിയത് ശുഭസൂചനയായിട്ടാണ് സർക്കാർ കാണുന്നത്. ചർച്ചയിൽ പ്രത്യേക ഭരണകൂടം എന്നാവശ്യവും കുക്കി-മെയ്‌തി മേഖലകളെ വേർതിരിക്കുന്ന സുരക്ഷിത ബഫർസോണുകളുടെ സംരക്ഷണവും ആവശ്യപ്പെട്ടെന്ന് സംഘടന വ്യക്തമാക്കി.

അടുത്ത മാർച്ചിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുമ്പ് സമാധാനം പുനഃസ്ഥാപിക്കലാണ് കേന്ദ്ര സർക്കാർ ലക്ഷ്യം. 2023 മേയിൽ മണിപ്പൂരിൽ തുടങ്ങിയ കലാപത്തിന് ഇതുവരെ അയവ് വന്നിട്ടില്ല. അതിനാൽ ചർച്ചകൾ ഇനിയും തുടർന്നേക്കും. അനുനയ നീക്കങ്ങൾക്കിടയിലും മണിപ്പൂരിലെ തങ്ഖുലിൽ നാഗ, കുക്കി ഗോത്രങ്ങൾക്കിടയിൽ സംഘർഷം തുടരുകയാണ്.

വിജയിച്ച

അനുനയ നീക്കം

സമാധാനശ്രമങ്ങൾക്ക് എല്ലാം പിന്തുണയും പ്രഖ്യാപിച്ചെന്ന് കുക്കി സോ സംഘടന പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ പറയുന്നു. നേരത്തേ കുക്കി സംഘടനകളെ വിശ്വാസത്തിലെടുത്താണ് കേന്ദ്ര സർക്കാർ സംസ്ഥാനത്ത് പുതിയ സർക്കാർ രൂപീകരണത്തിന് തീരുമാനിച്ചത്.

ബീരേൻ സിംഗിനെ മാറ്റി രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ശേഷം പുതിയ മുഖ്യമന്ത്രിയെ നിയോഗിച്ചതും കേന്ദ്രത്തിന്റെ അനുനയ നീക്കമാണ്. കുക്കിവനിതയെ ഉപമുഖ്യന്ത്രിയാക്കിയതും ആ വിഭാഗത്തെ വിശ്വാസത്തിലെടുക്കാനാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360