
ന്യൂഡൽഹി: മുഖ്യമന്ത്രി മോഹൻ യാദവിനും കുടുംബത്തിനുമെതിരെ ഉയർന്ന ഭൂമി കുംഭക്കോണ ആരോപണം നിഷേധിച്ച് മദ്ധ്യപ്രദേശ് സർക്കാർ. 2023 ഡിസംബറിൽ മുഖ്യമന്ത്രിയായി ചുമതലയേറ്ര ശേഷം മോഹൻ യാദവിന്റെ സ്വത്തുക്കളിൽ വർദ്ധനവുണ്ടായിട്ടില്ല. 17.96 ഏക്കർ കൃഷിഭൂമിയാണ് ഇപ്പോഴുമുള്ളത്. റവന്യൂ രേഖകളും നാമനിർദ്ദേശപത്രികയിലെ വെളിപ്പെടുത്തലും പരിശോധിച്ചാൽ അക്കാര്യം മനസിലാകും. ഭാര്യ സീമ ഭൂമി വാങ്ങിയത് മോഹൻ യാദവ് മുഖ്യമന്ത്രിയായ ശേഷമല്ല, 2008നും 2019നും ഇടയിലാണ്. കുടുംബത്തിന്റെ കമ്പനിയുടെ ഡയറക്‌ടർ സ്ഥാനത്തുനിന്ന് 2017ൽ മോഹൻ യാദവും ഭാര്യയും പടിയിറങ്ങിയിരുന്നുവെന്നും അറിയിച്ചു. ഉജ്ജയിനിലെ നഗര-റോഡ് വികസനത്തിന് നിശ്ചയിച്ചിരിക്കുന്ന മേഖലകളിൽ 137 പ്ലോട്ടുകൾ മുഖ്യമന്ത്രിയുടെ കുടുംബവും അവരുടെ കീഴിലെ കമ്പനികളും വാങ്ങി കൂട്ടിയെന്നാണ് ആരോപണം. മുഖ്യമന്ത്രിയായതിനുപിന്നാലെയാണ് 168 ഏക്കറോളം 45 കോടി മുടക്കി വാങ്ങിയതെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ പാർട്ടികൾ സമഗ്ര അന്വേഷണം ആവശ്യപ്പെടുന്നതിനിടെയാണ് വിശദീകരണവുമായി സർക്കാർ രംഗത്തെത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |