SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

ഹരീഷ് റാണ ജീവിക്കും ആറ് പേരിലൂടെ, ഭൗതികശരീരം ഇന്നലെ സംസ്‌കരിച്ചു

d

ന്യൂഡൽഹി: മരണം ഹരീഷ് റാണയ്‌ക്ക് ദയയായപ്പോൾ,അദ്ദേഹത്തിന്റെ രണ്ട് കണ്ണുകളും നാല് ഹൃദയവാൽവുകളും ആറു പേരുടെ ജീവിതത്തിൽ പ്രകാശമാകും. രാജ്യത്തെ ആദ്യ ദയാമരണത്തിൽ ഹരീഷിന്റെ മാതാപിതാക്കൾ സ്വീകരിച്ച നിലപാടാണ് അവയവദാനത്തിൽ എത്തിയത്. ഹരീഷിന്റെ അവയവങ്ങൾ ദാനം ചെയ്യണമെന്ന താത്പര്യം പിതാവ് അശോക് റാണയും മാതാവ് നിർമ്മല ദേവിയും എയിംസ് ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.

ഹരീഷിന്റെ ഭൗതികശരീരം ഇന്നലെ ഡൽഹി ഗ്രീൻപാർക്കിലെ ശ്‌മശാനത്തിൽ രാവിലെ 8.30 ഓടെ സംസ്‌കരിച്ചു. വൈകാരികമായിരുന്നു യാത്രയയപ്പ്. നിറകണ്ണുകളോടെ മാതാവ് നിർമ്മല ദേവിയും സഹോദരി ഭാവനാ റാണയും ഹരീഷിന്റെ അരികിലുണ്ടായിരുന്നു. ബന്ധുക്കളും ഹരീഷിന്റെ കുടുംബം താമസിക്കുന്ന ഗാസിയാബാദിലെ രാജ് എംപയർ സൊസൈറ്റിയിലെ താമസക്കാരും​ സന്നദ്ധസംഘടനാ പ്രവർത്തകരും എയിംസ് ജീവനക്കാരും​ സുഹൃത്തുക്കളും സംസ്‌കാര ചടങ്ങിനെത്തി. പലരും ദുഃഖം താങ്ങാനാകാതെ വിങ്ങിപ്പൊട്ടിയപ്പോൾ പിതാവ് അശോക് റാണ അവരെ ആശ്വസിപ്പിച്ചു. ആരും കരയേണ്ട അവനിപ്പോൾ സന്തോഷകരമായ സ്ഥലത്താണ്. ഹരീഷ് എവിടെ പുനർജനിച്ചാലും അവന് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെയെന്നും പിതാവ് പറഞ്ഞു.

സഹോദരൻ ആശിഷ് റാണയാണ് ചിതയ്‌ക്ക് തീക്കൊളുത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 4.10ന് എയിംസിലെ പാലിയേറ്രീവ് ഓങ്കോളജി യൂണിറ്റിലായിരുന്നു ഹരീഷിന്റെ അന്ത്യം. 4,599 ദിനങ്ങൾ കോമയിലായിരുന്നു. 2013 ആഗസ്റ്റ് 20ന് രക്ഷാബന്ധൻ ദിനത്തിലാണ് പഞ്ചാബ് സ‌ർവകലാശാലയിലെ എൻജിനിയറിംഗ് വിദ്യാർത്ഥിയായിരുന്ന ഹരീഷ്,​അവിടുത്തെ പേയിംഗ് ഗസ്റ്റ് ഹൗസിന്റെ നാലാം നിലയിൽ നിന്നു താഴേക്കു വീണത്. തലച്ചോറിന് ഗുരുതര ക്ഷതമേറ്റ് അന്നുമുതൽ കിടപ്പിലായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 11നാണ് സുപ്രീംകോടതി ദയാമരണത്തിന് അനുമതി നൽകിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360