SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.42 AM IST

വിമാനത്താവളങ്ങൾ പുരോഗതിയുടെ ചിറകുകൾ: പ്രധാനമന്ത്രി

d

ന്യൂഡൽഹി: ഏതൊരു രാജ്യത്തും വിമാനത്താവളങ്ങൾ അടിസ്ഥാന സൗകര്യങ്ങൾക്കൊപ്പം പുരോഗതിക്കും ചിറകുകൾ നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. വികസിത ഭാരത ലക്ഷ്യത്തിനായി സർക്കാർ ആധുനിക അടിസ്ഥാന സൗകര്യങ്ങളിൽ വലിയ തോതിൽ നിക്ഷേപം നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഡൽഹി അതിർത്തിയിൽ ഉത്തർപ്രദേശിലെ ജെവാറിൽ 11,200 കോടി മുതൽമുടക്കിൽ നിർമ്മിച്ച നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്‌യുകയായിരുന്നു മോദി. ഇതോടെ, ദേശീയ തലസ്ഥാന മേഖലയിൽ(എൻ.സി.ആർ) ഡൽഹിക്ക് പുറമെ രണ്ടു വിമാനത്താവളങ്ങളായി.

വിമാനത്താവളം നിർമ്മാണം പൂർത്തിയാകുമ്പോൾ ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറ്റാനാണ് പദ്ധതി. 3,296 ഏക്കറിൽ പരന്നു കിടക്കുന്ന വിമാനത്താവളത്തിന്റെ ഒരു റൺവേയും ഒരു ടെർമിനലുമുള്ള ഒന്നാം ഘട്ടമാണ് ഇപ്പോൾ പൂർത്തിയായത്. വിവിധ ഘട്ടങ്ങളിലായി 2050ൽ ബാക്കി പൂർത്തിയാക്കും. ആകെ പ്രതീക്ഷിക്കുന്ന ചെലവ് 29,560 കോടി. ഒന്നാം ഘട്ടത്തിൽ 12 ലക്ഷം യാത്രക്കാരെയും സമ്പൂർണ ശേഷിയിൽ ഏഴ് കോടി യാത്രക്കാരെയും കൈകാര്യം ചെയ്യാനാകും.

ഏഷ്യയിലെ ഏറ്റവും വലിയ വിമാനത്താവളം

 ഉടമസ്ഥത: സ്വിസ് കമ്പനിയായ സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് (വൈ.ഐ.എ.പി.എൽ)

 വിമാന സർവീസ് മേയ് മുതൽ

 ഒന്നാം ഘട്ടത്തിൽ 3,900 മീറ്റർ റൺവേ, വൈഡ്-ബോഡി വിമാനങ്ങളിറങ്ങും

 എല്ലാ കാലാവസ്ഥയിലും 24 മണിക്കൂറും പ്രവർത്തിക്കാൻ ഇൻസ്ട്രുമെന്റ് ലാൻഡിംഗ് സിസ്റ്റം ഉൾപ്പെടെയുള്ള ആധുനിക നാവിഗേഷൻ സംവിധാനങ്ങൾ.

 ഡൽഹിയുമായി മെട്രോ കണക്‌ടിവിറ്റി

 ബഡ‌്‌ജറ്റിൽ പ്രഖ്യാപിച്ച ഡൽഹി-വാരാണസി അതിവേഗ റെയിൽ ഇടനാഴി ബന്ധിപ്പിക്കും

 ഡൽഹി വിമാനത്താവളത്തിന്റെ തിരക്ക് കുറയ്‌ക്കും

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NOIDA, AIRPORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360