SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

മധുരയിലെ പോരിന് മധുരം അത്ര പോര, വാക്പോരിൽ പി.ടി.ആറും സുന്ദർ സിയും

s

തമിഴ്നാട്ടിൽ ഡി.എം.കെയുടെ ഉറച്ച സീറ്റുകളിലൊന്നായ മധുര സെൻട്രലിൽ ഇത്തവണ മത്സരം കടുക്കുകയാണ്. ഡി.എം.കെ സ്ഥാനാർത്ഥിയായ മന്ത്രി പളനിവേൽ ത്യാഗരാജനും (പി.ടി.ആർ) എൻ.ഡി.എ സ്ഥാനാർത്ഥി നടനും സംവിധായകനുമായ സുന്ദർ സിയും തമ്മിലാണ് പോരാട്ടം. പുതിയ നീതി കച്ചിയുടെ (പി.എൻ.കെ) സ്ഥാനാർത്ഥിയായി രണ്ടില ചിഹ്നത്തിലാണ് സുന്ദർ മത്സരിക്കുന്നത്. വ്യക്തിപരമായ ആരോപണങ്ങൾവരെ പരസ്പരം ഉന്നയിച്ചാണ് ഇരുവരും പ്രചാരണം കൊഴുപ്പിക്കുന്നത്.

സുന്ദറിന്റെ ആരോപണത്തിനു മറുപടി പി.ടി.ആറും അദ്ദേഹത്തിനുള്ള മറുപടി അടുത്ത പ്രചാരണ വേദിയിൽ സുന്ദറും നൽകുന്നു. മധുരയ്ക്കുവേണ്ടി എം.എൽ.എ എന്നനിലയിൽ പളനിവേൽ ഒന്നും ചെയ്തില്ലെന്ന് റോഡിന്റേയും ഡ്രെയിനേജ് സംവിധാനത്തിന്റെയും ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സുന്ദറിന്റെ വിമർശനം. സുന്ദർ 'വെളിയൂർക്കാരൻ' ആണെന്നും മധുരയെപ്പറ്റി അറിയില്ലെന്നും പി.ടി.ആറിന്റെ മറുപടി. പളനിവേൽ ഉത്തമപാളയം സ്വദേശിയാണെന്നും താൻ പളനി സ്വദേശിയാണെന്നും മധുരയിൽനിന്ന് രണ്ടിടത്തേക്കുമുള്ള ദൂരം ഏതാണ്ട് തുല്യമാണെന്നും സുന്ദറിന്റെ തിരിച്ചടി.

പളനിവേലിന്റെ ഉന്നതവിദ്യാഭ്യാസമൊന്നും ജനങ്ങൾക്ക് ആവശ്യമില്ലെന്നും എന്തുകൊണ്ടാണ് രണ്ടുവർഷം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ധനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതെന്നും സുന്ദർ ചോദിക്കുന്നു. പി.ടി.ആർ പറയുന്ന സിനിമാ ഡയലോഗുകൾ കൂടുതലും തന്റെ സിനിമയിലുള്ളതാണെന്നും പരിഹസിച്ചു.

സുന്ദറിനെ 'സിനിമാ സംഘി' എന്ന് വിശേഷിപ്പിച്ചാണ് അതിന് പി.ടി.ആർ മറുപടി നൽകിയത്.

പി.എൻ.കെ അദ്ധ്യക്ഷൻ എ.സി.ഷൺമുഖം രണ്ടില ചിഹ്നത്തിൽ സുന്ദറിനെ മധുരയിലേക്ക് കൊണ്ടുവന്നത് സ്ഥാനാർത്ഥിയായി അഭിനയിക്കാനാണ്. അദ്ദേഹത്തിന്റെ ഭാര്യ(ഖുശ്ബു) പാർട്ടികളിൽ മാറിമാറി ചേരുന്നു. ഇപ്പോൾ ബി.ജെ.പിയിലാണ്. മധുരയെക്കുറിച്ച് ഒന്നും പഠിക്കാതെയാണ് സുന്ദർ സംസാരിക്കുന്നതെന്നും കുറ്റപ്പെടുത്തി.

കോപംകൊണ്ട് പി.ടി.ആർ നിലമറന്നു സംസാരിക്കുകയാണെന്ന് സുന്ദർ മറുപടി നൽകി. വട്ടപ്പേരിട്ട് വിളിക്കുന്നത് അതുകൊണ്ടാണ്. അദ്ദേഹത്തിന്റെ മുഖംമൂടി അഴിഞ്ഞു വീണെന്നും സുന്ദർ പറഞ്ഞു.

ഹാട്രിക് ലക്ഷ്യമിട്ട് പി.ടി.ആർ

ഇത്തവണ ഹാട്രിക് വിജയം ലക്ഷ്യമിട്ടാണ് പി.ടി.ആറിന്റെ മത്സരം. 2016, 2021 തിരഞ്ഞെടുപ്പുകളിൽ യഥാക്രമം 86,600, 64,662 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. അപര്യാപ്തമായ ഭൂഗർഭ ഡ്രെയിനേജ് ശൃംഖലകൾ, മോശം റോഡുകൾ, ഫലപ്രദമല്ലാത്ത ഖരമാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങൾ ക്ഷേത്രനഗരമായ മധുരയിൽ ചർച്ചയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360