SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

ടി.സി.എസ് കേസ്: നിദയ്ക്ക് ഇടക്കാല ജാമ്യമില്ല

d

ന്യൂഡൽഹി: നാസിക്ക് ടി.സി.എസിലെ മതംമാറ്റ, ലൈംഗികാതിക്രമ കേസുകളിൽ മുഖ്യപ്രതിയായ ജീവനക്കാരി നിദാ ഖാന് ഇടക്കാല ജാമ്യമില്ല. നിദ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ നാസിക്കിലെ അഡിഷണൽ സെഷൻസ് കോടതി ഇന്നലെ പ്രാഥമിക വാദം കേട്ടു. അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നിദയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും കോടതി വഴങ്ങിയില്ല. സംസ്ഥാന സർക്കാരിന്റെയും പ്രത്യേക അന്വേഷണസംഘത്തിന്റെയും നിലപാട് അറിഞ്ഞശേഷം തീരുമാനിക്കാമെന്ന് നിലപാടെടുത്തു. അവർക്ക് നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. 27ന് വീണ്ടും പരിഗണിക്കും. പ്രതിപ്പട്ടികയിലുള്ള നാസിക്ക് ടി.സി.എസിലെ എട്ട് ജീവനക്കാരിൽ ഏഴുപേരെയും അറസ്റ്റ് ചെയ്‌തിരുന്നു. ഒളിവിൽ കഴിയുന്ന നിദയെ പിടികൂടാൻ തെരച്ചിൽ ഊർജ്ജിതമാണ്. ഗർഭിണിയാണെന്ന് നിദയുടെ ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇരകളെ റാക്കറ്റിൽപ്പെടുത്താൻ മുന്നിൽ നിന്നത് നിദയാണ്.

# പിന്തുടർന്ന് ശല്യം ചെയ്തു


 പ്രതികൾക്കെതിരെ പരാതിക്കാരിൽ ഒരാളായ യുവതിയുടെ ഗുരുതര വെളിപ്പെടുത്തലുകൾ പുറത്ത്

 ടീം ലീഡർ റെസാ മേമൻ തന്നെ നിരന്തരം ശല്യപ്പെടുത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചിരുന്നെന്നും യുവതി. യുവതിയുടെ വിവാഹ ജീവിതത്തെക്കുറിച്ച് മോശമായി സംസാരിച്ച ഇയാൾ,​ അടുപ്പം സ്ഥാപിക്കാൻ ശ്രമിച്ചു. ഹിന്ദു ദൈവങ്ങൾക്കെതിരെയും മോശം പ്രസ്താവനകൾ നടത്തി. ഓഫീസിൽ വച്ച് സാരിത്തുമ്പിൽ പിടിച്ചുവലിച്ചു. റെസായ്ക്ക് പിന്തുണയുമായി ഷാരൂഖ് ഖുറേഷി എന്ന ടീം ലീഡറുമുണ്ടായിരുന്നു

 മറ്റൊരു ടീം ലീഡറായ ആസിഫ് അൻസാരി യുവതിയുടെ ശരീരത്തിൽ മോശമായി സ്പർശിച്ചു. സോഷ്യൽ മീഡിയയിലൂടെ ശല്യപ്പെടുത്തി

# തെളിവെടുപ്പ് പൂർത്തിയായി

ദേശീയ വനിതാ കമ്മിഷൻ നിയോഗിച്ച വസ്‌തുതാന്വേഷണ സമിതി നാസിക്കിലെ തെളിവെടുപ്പ് പൂർത്തിയായി. നി‌ർബന്ധിത മതപരിവർത്തനത്തിനും ലൈംഗികാതിക്രമത്തിനും ഇരകളായെന്ന് പരാതിപ്പെട്ട വനിതാ ജീവനക്കാരെയടക്കം സന്ദർശിച്ചു. നാസിക്കിലെ ടി.സി.എസിന്റെ ഓഫീസിലുമെത്തി തെളിവെടുത്തു. നാസിക്ക് സിറ്റി പൊലീസ് കമ്മിഷണർ സന്ദീപ് കാർണികിനെയും കണ്ട് വസ്‌തുതകൾ വിലയിരുത്തി. ബോംബെ ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് സാധ്നാ ജാദവ്, മുൻ ഹരിയാന ഡി.ജി.പി ബി.കെ. സിൻഹ, സുപ്രീംകോടതി അഭിഭാഷക മോണിക്ക അറോറ, ദേശീയ വനിതാ കമ്മിഷനിലെ സീനിയർ കോഓ‌ർഡിനേറ്റർ ലീലാബട്ടി എന്നിവരടങ്ങിയതാണ് സമിതി. പരമാവധി വേഗത്തിൽ കമ്മിഷന് റിപ്പോ‌‌‌ർട്ട് സമർപ്പിക്കാനാണ് സമിതിയുടെ ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360