SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

ഇതിഹാസ ഫോട്ടോഗ്രാഫർ രഘുറായ്‌യ്ക്ക് വിട

s

ന്യൂഡൽഹി: ചരിത്രത്തെ ക്യാമറക്കണ്ണുകളിലൂടെ ഒപ്പിയെടുത്ത,​ രാജ്യത്തെ ഫോട്ടോ ജേർണലിസത്തിന്റെ അമരക്കാരനായ ഇതിഹാസ ഫോട്ടോഗ്രാഫർ രഘു റായ്‌യ്ക്ക് (83)​ വിട. ക്യാൻസർ ബാധിച്ച് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ലോധി റോഡ് ശ്‌മശാനത്തിൽ സംസ‌്‌കാര ചടങ്ങുകൾ നടന്നു.

'ആധുനിക ഇന്ത്യയുടെ ദൃശ്യരേഖ"യെന്നാണ് റായ്‌യുടെ ഫോട്ടോകൾ അറിയപ്പെടുന്നത്. ഭോപ്പാൽ വാതക ദുരന്തവുമായി ബന്ധപ്പെട്ട് ലഭ്യമായ ശ്രദ്ധേയമായ ചിത്രങ്ങൾ അദ്ദേഹത്തിന്റേതാണ്. മദർ തെരേസ, ഇന്ദിരാഗാന്ധി എന്നിവരുൾപ്പെടെയുള്ള പ്രമുഖരുടെ ഫോട്ടോകളും ബംഗ്ലാദേശ് വിമോചന യുദ്ധകാലത്തെ ചിത്രങ്ങളും ചരിത്ര പ്രസിദ്ധം. ഇന്ത്യൻ തെരുവുകളുടെയും ഗംഗാതീരങ്ങളുടെയും ഫോട്ടോകൾ പ്രശസ്‌തമാണ്.

1942 ഡിസംബർ 18ന് ഇന്നത്തെ പാകിസ്ഥാനിലുള്ള ജാംഗിലാണ് റായ്‌യുടെ ജനനം. 1960ൽ ദി സ്റ്റേറ്റ്‌സ്‌മാൻ ദിനപത്രത്തിൽ സ്റ്റാഫ് ഫോട്ടോഗ്രാഫറായി. 1976ൽ ഫ്രീലാൻസ് ഫോട്ടോഗ്രാഫറായി. ഇന്ത്യാ ടുഡേയിൽ ഫോട്ടോഗ്രാഫി ഡയറക്ടറായും (1982 -1992) വേൾഡ് പ്രസ് ഫോട്ടോയുടെ ജൂറി അംഗമായും (1990-1997) പ്രവർത്തിച്ചു. റായ്‌യുടെ ചിത്രങ്ങൾ ഇഷ്‌ടപ്പെട്ട പ്രശസ്ത ഫ്രഞ്ച് ഫോട്ടോഗ്രാഫർ ഹെൻറി കാർട്ടിയർ-ബ്രസ്സ 1977ൽ ലോക പ്രശസ്‌ത ഫോട്ടോഗ്രാഫർമാരുള്ള മാഗ്നം ഫോട്ടോസിലേക്ക് ശുപാർശ ചെയ്തു.

1972ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചു. 1992ൽ യു.എസിലെ ഫോട്ടോഗ്രാഫർ ഒഫ് ദി ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. 2019ൽ ഫോട്ടോഗ്രാഫിയിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര ബഹുമതികളിലൊന്നായ അക്കാഡമി ഡെസ് ബ്യൂക്സ്-ആർട്സ് ഫോട്ടോഗ്രാഫി അവാർഡ് നേടി. 2017ൽ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. ഇന്ത്യ: റിഫ്ലക്ഷൻസ് ഇൻ കളർ, റിഫ്ലക്ഷൻസ് ഇൻ ബ്ലാക്ക് ആൻഡ് വൈറ്റ് തുടങ്ങിയ പുസ്‌തകങ്ങളും രചിച്ചിട്ടുണ്ട്.

ഭാര്യ: ഗുർമീത് റായ്, മക്കൾ: നിതിൻ, ലഗാൻ, ആവണി, പൂർവായ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, RAGHURAI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360