SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

ബംഗാളിൽ വ്യാപക അക്രമം: കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

clash

 തൃണമൂൽ- ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി

ന്യൂഡൽഹി: രണ്ടാം ഘട്ട വോട്ടെടുപ്പ് 29ന് നടക്കാനിരിക്കെ പശ്‌ചിമ ബംഗാളിൽ വ്യാപക അക്രമം. അസൻസോളിൽ കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവത്തകൻ കൊല്ലപ്പെട്ടതോടെ പലയിടത്തും സംഘർഷമുണ്ടായി. പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് പറഞ്ഞുകൊണ്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെ രംഗത്തെത്തി. തൃണമൂൽ പ്രവർത്തകർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. അസൻസോൾ നോർത്ത് കോൺഗ്രസ് സ്ഥാനാർത്ഥി പ്രസെൻജിത്തിന്റെ അനുയായിരുന്നു കൊല്ലപ്പെട്ട ദേബ്‌ദീപ് ചാറ്റർജി.

ഇന്നലെ ഹൗറയിലും മുർഷിദാബാദിലും തൃണമൂൽ-ബി.ജെ.പി പ്രവർത്തകർ ഏറ്റുമുട്ടി. ഇരുവിഭാഗങ്ങളിലുമുള്ള നിരവധി പേർക്ക് പരിക്കേറ്റു. നോർത്ത് ഹൗറയിലെ ബി.ജെ.പി സ്ഥാനാർത്ഥി ഉമേഷ് റായ്‌യ്ക്ക് വോട്ടുചോദിച്ച് എം.പിയും നടനുമായ രവി കിഷൻ നടത്തിയ റോഡ് ഷോയ്ക്കിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തൃണമൂൽ പ്രവർത്തകർ 'ജയ് ബംഗ്ലാ' മുദ്രാവാക്യം വിളിച്ചപ്പോൾ ബി.ജെ.പി പ്രവർത്തകർ 'ജയ് ശ്രീ റാം' വിളിച്ചതാണ് പ്രകോപനം. കേന്ദ്രസേനയെത്തി ഇരു വിഭാഗത്തെയും ലാത്തി വീശി മാറ്റി. ശനിയാഴ്ച രാത്രി നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഹരോവയിൽ ഐ.എസ്.എഫ് പാർട്ടിയുടെ റോഡ്ഷോയ്ക്കിടെയും അക്രമമുണ്ടായി. ഇരുപക്ഷത്തെയും അകറ്റാൻ ശ്രമിച്ച പൊലീസ് സബ് ഇൻസ്പെക്ടർക്ക് പരിക്കേറ്റു.

ഭരണം നടത്തുന്നത് ഗുണ്ടകൾ: മോദി

സംസ്ഥാനത്ത് ഭരണം നിയന്ത്രിക്കുന്നത് സെക്രട്ടേറിയറ്റിൽ നിന്നല്ലെന്നും തൃണമൂൽ പോറ്റുന്ന ഗുണ്ടകളുടെ വീട്ടിൽ നിന്നാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഹൂഗ്ലി ജില്ലയിലെ അരാംബാഗിലെ ഹരിപാൽ പ്രദേശത്തെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ ജനങ്ങൾക്ക് നീതിയും സുരക്ഷയും നൽകുന്ന ഒരു സർക്കാർ രൂപീകരിക്കാൻ ബി.ജെ.പിക്ക് മാത്രമേ കഴിയൂയെന്ന് അവകാശപ്പെട്ടു. പുതിയ ബി.ജെ.പി മുഖ്യമന്ത്രി വന്നാൽ സിൻഡിക്കേറ്റ് രാജും കമ്മിഷൻ രാജും അവസാനിപ്പിക്കും. നോർത്ത് 24 പർഗാനാസിലെ താക്കൂർനഗറിൽ മതുവ മഹാസംഘത്തിന്റെ ക്ഷേത്രത്തിൽ മോദി ദർശനം നടത്തി.

സംസ്ഥാനത്ത് ജനാധിപത്യം ഇല്ലാതായി. കൊള്ളക്കാരുടെ ഭരണമാണ്. രാഷ്ട്രീയ എതിരാളികളെ തിരഞ്ഞുപിടിച്ച് അക്രമിക്കുകയാണ്. എല്ലാ പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യണം.- രാഹുൽ ഗാന്ധി

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360