SignIn
Kerala Kaumudi Online
Friday, 15 May 2026 9.43 PM IST

സുവേന്ദുവിന്റെ പി.എയെ കൊന്നത് ഷാർപ്പ് ഷൂട്ടർമാർ: 3 പേർ അറസ്റ്റിൽ

f

ന്യൂഡൽഹി: പശ്ചിമംബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പി.എ ചന്ദ്രനാഥ് രഥിനെ കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഷാർപ്പ് ഷൂട്ടർമാ‌ർ അറസ്റ്റിൽ. മായങ്ക് മിശ്ര,വിക്കി മൗര്യ എന്നിവരെ ബീഹാറിലെ ബുക്‌സറിൽ നിന്നും ഉത്തർപ്രദേശ് ബല്ലിയ സ്വദേശി രാജ് സിംഗിനെ അയോദ്ധ്യയിലെ ഒളിത്താവളത്തിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളെ കൊൽക്കത്തയിലേക്ക് കൊണ്ടുപോയി.

ഇവരെ കൂടാതെ കസ്റ്റഡിയിലെടുത്ത മറ്റു രണ്ടുപേരെ ചോദ്യംചെയ്യുകയാണ്. ബംഗാൾ പൊലീസിലെ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊലപാതകം നടന്ന രീതി പരിശോധിച്ചപ്പോൾ ഷാർപ്പ് ഷൂട്ടർമാരുടെ സാന്നിദ്ധ്യമുണ്ടെന്ന് പൊലീസ് സംശയിച്ചിരുന്നു. ആ നിലയിലെ അന്വേഷണം യു.പി,ബീഹാർ,ഒഡീഷ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചിരുന്നു. മേയ് 6നാണ് നോർത്ത് 24 പർഗാനാസിലെ മദ്ധ്യംഗ്രാമിൽ കാറിൽ സഞ്ചരിക്കുകയായിരുന്ന ചന്ദ്രനാഥാണ് വെടിയേറ്റു കൊല്ലപ്പെട്ടത്. ചന്ദ്രനാഥ് സംഭവസ്ഥലത്ത് മരിച്ചു. വെടിയേറ്റ ഡ്രൈവർ ബുദ്ധദേബ് ബേര ഗുരുതരനിലയിൽ ചികിത്സയിലാണ്. എട്ടിൽപ്പരം പേർക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസിന് ലഭിച്ച സൂചന. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കി.

കുരുക്കിയത് ടോൾ ബൂത്തിലെ

ഡിജിറ്റൽ പേയ്‌മെന്റ്

കൊലപാതകം നടത്താൻ കൃത്യമായ ആസൂത്രണം നടന്നുവെന്നാണ് പൊലീസിന്റെ നിഗമനം. അക്രമികൾ ഒരു കാറിലും രണ്ടു ബൈക്കുകളിലുമായി ഏഴു കിലോമീറ്ററോളം ചന്ദ്രനാഥിനെ പിന്തുടർന്നിരുന്നു. കൊലപാതകത്തിന് തൊട്ടുമുൻപ് പ്രതികൾ സഞ്ചരിച്ച കാർ സമീപത്തെ ബാലി മേഖലയിലെ ടോൾ പ്ലാസ വഴി കടന്നുപോയി. പ്രതികളിലൊരാൾ യു.പി.ഐ വഴി ടോൾ തുക അടച്ചു. ഇതു നിർണായകമായി. ഡിജിറ്റൽ പേയ്‌മെന്റ് നടത്തിയ മൊബൈൽ ഫോണിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം പ്രതികളിലേക്ക് എത്തുകയായിരുന്നു. ടോൾ പ്ലാസയിലെ സി.സി.ടി.വി ദൃശ്യങ്ങളുമായി ഒത്തുനോക്കി പ്രതികളാണെന്ന് സ്ഥിരീകരിച്ചുവെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360