SignIn
Kerala Kaumudi Online
Sunday, 24 May 2026 2.08 AM IST

അഞ്ചാം ദിവസവും പോർട്ടൽ തകരാർ: വിദ്യാർത്ഥികളെ വലച്ച് സി.ബി.എസ്.ഇ

1

ന്യൂഡൽഹി: പന്ത്രണ്ടാം ക്ളാസ് ഓൺലൈൻ മൂല്യനിർണയം പാളിയെന്ന വാർത്ത പരന്നതിന് പിന്നാലെ ,ഉത്തരക്കടലാസിന്റെ പകർപ്പിനായി വിദ്യാർത്ഥികൾ കൂട്ടത്തോടെ അപേക്ഷിച്ചത് സി.ബി.എസ്.ഇ പോർട്ടൽ പ്രവർത്തനം അവതാളത്തിലാക്കി. അഞ്ചു ദിവസമായിട്ടും തകരാർ പരിഹരിക്കാൻ സി.ബി.എസ്.ഇയ്‌ക്ക് കഴിഞ്ഞിട്ടില്ല. അപേക്ഷിക്കാനുള്ള അവസാന തിയതി ഇന്നാണ്. അതു കഴിഞ്ഞ് രണ്ടു ദിവസത്തിനുള്ളിൽ പുന:പരിശോധനയ്‌ക്കായി അപേക്ഷിക്കണം.

മേയ് 19ന് ഉത്തരക്കടലാസുകളുടെ പകർപ്പ് ലഭിക്കാനുള്ള ഓൺലൈൻ ലിങ്ക് നിലവിൽ

വന്നത് മുതൽ തടസം നേരിട്ടു. ആദ്യം നിശ്ചയിച്ച ഒരു പേപ്പറിന് 700 രൂപ ഫീസ് നൂറു രൂപയായി കുറച്ചതോടെ വിദ്യാർത്ഥികൾ കൂട്ടത്തോടെ അപേക്ഷിച്ചതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.തുടർന്ന് ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷിക്കാനുള്ള തിയതി 22ൽ നിന്ന് 23ലേക്ക് നീട്ടിയെങ്കിലും സൈറ്റിന്റെ പ്രവർത്തനം കൃത്യമായിരുന്നില്ല. തകരാർ പരിഹരിക്കുമെന്ന സി.ബി.എസ്.ഇ ഉറപ്പ് പാലിക്കപ്പെട്ടില്ല. 22ന് സി.ബി.എസ്.ഇ ഇറക്കിയ സർക്കുലർ പ്രകാരം തിയതി ഇന്നു വരെ നീട്ടിയിട്ടുണ്ട്. പക്ഷേ ഇന്നലെ രാവിലെ മുതൽ ആർക്കും സൈറ്റിൽ പ്രവേശിക്കാനായില്ല. വൈകുന്നേരത്തോടെ സൈറ്റ് തയ്യാറായെങ്കിലും പണമടയ്‌ക്കുന്നതിലും നേരത്തെ പണമടച്ചവർക്ക് ഉത്തരക്കടലാസിന്റെ പകർപ്പ് ലഭിക്കുന്നതിലും തടസം നേരിടുന്നു.

പാളിയ ഓൺസ്‌ക്രീൻ

മൂല്യനിർണയം

മൂല്യനിർണയം വേഗത്തിലാക്കാനും ചെലവു കുറയ്‌ക്കാനും ലക്ഷ്യമിട്ട് ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്‌ത് കംപ്യൂട്ടറിൽ മൂല്യനിർണയം നടത്തുന്ന ഓൺസ്‌ക്രീൻ മാർക്കിംഗ് സംവിധാനത്തിലെ പിഴവു മൂലം വിദ്യാർത്ഥികൾക്ക് പ്രതീക്ഷിച്ച മാർക്ക് ലഭിച്ചിരുന്നില്ല. ആവശ്യമായ മുന്നൊരുക്കമോ, പരിശീലനമോ ഇല്ലാതെ സ്വകാര്യ ഏജൻസി വഴി ഉത്തരക്കടലാസുകൾ സ്‌കാൻ ചെയ്‌തത് വ്യക്തതയില്ലാതെയാണ്. ശരിയായി സ്‌കാൻ ചെയ്യാതിരുന്ന ഉത്തരക്കടലാസുകളിൽ ശരിയുത്തരം എഴുതിയ കുട്ടികൾക്കു പോലും മാർക്ക് ലഭിച്ചില്ലെന്ന പരാതി വ്യാപകമായി. ഉത്തരക്കടലാസിന്റെ സ്‌കാൻ ചെയ്‌ത പകർപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾ ഇക്കാര്യം സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കു വച്ചിരുന്നു.

മാർക്ക് നഷ്‌ടപ്പെടില്ല:

സി.ബി.എസ്.ഇ

പുനഃപരിശോധനയ്ക്കായി അപേക്ഷിക്കുന്ന ഉത്തരക്കടലാസുകൾ വിഷയ വിദഗ്ധരുടെ പാനൽ പരിശോധിച്ച് അർഹതപ്പെട്ട മാർക്ക് ലഭിച്ചെന്ന് ഉറപ്പാക്കുമെന്ന് സി.ബി.എസ്.ഇ വ്യക്തമാക്കി. വ്യക്തമല്ലാത്ത പേജ്, പേജ് നഷ്‌ടമാകൽ, ശരിയായ ഉത്തരത്തിന് മാർക്ക് നൽകാതിരിക്കൽ തുടങ്ങിയ പരാതികൾ പരിഹരിക്കപ്പെടും. ഉത്തര പുസ്തകങ്ങളുടെ ഫോട്ടോ കോപ്പി, പുനർമൂല്യനിർണ്ണയ പ്രക്രിയ റദ്ദാക്കിയെന്ന വാർത്ത വ്യാജമാണെന്ന് സി.ബി.എസ്.ഇ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, CBSEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360