
ന്യൂഡൽഹി: ഗൃഹനാഥന്റെ സുഹൃത്തുക്കൾ എന്ന വ്യാജേനയെത്തി,ചായ സത്കാരം കഴിഞ്ഞ ശേഷം വീട്ടുകാരെ തോക്കുചൂണ്ടി കെട്ടിയിട്ട് ഒമ്പതു ലക്ഷവും ആഭരണങ്ങളും കവർന്നു. ഡൽഹി ന്യൂ ഉസ്മാൻപൂരിൽ പട്ടാപ്പകലാണ് സിനിമാക്കഥയെ വെല്ലുന്ന കവർച്ച നടന്നത്. സാമൂഹിക പ്രവർത്തകനായ ഹരീഷ്ചന്ദ്രയുടെ വീട്ടിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 1.30ഓടെയാണ് ഇയാൾ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് എത്തിയ സംഘം സുഹൃത്തുക്കളെന്ന് പരിചയപ്പെടുത്തിയ ശേഷം ഫോണിൽ വിളിച്ചു. സാമൂഹികപ്രവർത്തനം സംബന്ധിച്ച് ചർച്ചകൾക്കായി എത്തിയെന്നാണ് സംഘം ഹരീഷിനോട് പറഞ്ഞത്. സംസാരിക്കുന്നതിനിടെ ചാർജ് തീർന്ന് ഹരീഷിന്റെ മൊബൈൽ ഫോൺ ഓഫായി.
ഇതിനു ശേഷം കവർച്ച നടത്തുകയായിരുന്നു. ചായകുടിച്ചേ മടങ്ങാവു എന്ന് ഹരീഷ് പറഞ്ഞതായി ഭാര്യയെയും മക്കളെയും വിശ്വസിപ്പിച്ച മോഷ്ടാക്കൾ വീട്ടിനുള്ളിൽ കടന്നു. അകത്തുകയറി ഉടൻ തോക്കുചൂണ്ടി വീട്ടുകാരെ ബന്ധികളാക്കുകയായിരുന്നു. കൈയും കാലും കയറുപയോഗിച്ചു ബന്ധിച്ച ശേഷം ശബ്ദമുണ്ടാക്കാതിരിക്കാൻ വായിൽ തുണി തിരുകി വച്ചശേഷമാണ് കവർച്ച നടത്തിയത്.
സംഘം പോയശേഷം വീട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി നടത്തിയ പരിശോധനയിലാണ് പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി വ്യക്തമായത്. വീട്ടിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയുടെ ഹാർഡ് ഡിസ്‌കും സംഘം കൈക്കലാക്കിയത് അന്വേഷണം വഴിമുട്ടിച്ചു. പ്രതികളെ തിരിച്ചറിയാൻ ഇപ്പോൾ സമീപത്തെ വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും സി.സി.ടി.വി. ദൃശ്യങ്ങൾ ശേഖരിക്കുകയാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |