SignIn
Kerala Kaumudi Online
Monday, 21 September 2026 10.57 PM IST

ഉത്തർപ്രദേശ് നാലായി വിഭജിക്കും; മോദി തനിക്ക് ഉറപ്പുനൽകിയെന്ന് യുപി മന്ത്രിയുടെ വെളിപ്പെടുത്തൽ

om-prakash
ഓം പ്രകാശ് രാജ്ഭർ

ലക്നൗ: രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശ് നാലായി വിഭജിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയെന്ന് യു.പി മന്ത്രിയും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി (എസ്.ബി.എസ്.പി) നേതാവുമായ ഓം പ്രകാശ് രാജ്ഭർ. ജാതി സെൻസസിന് ശേഷം സംസ്ഥാനം വിഭജിക്കുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും രാജ്ഭർ അവകാശപ്പെട്ടു. ദിയോറിയയിൽ നടന്ന എസ്.ബി.എസ്.പി പരിപാടിയിൽ സംസാരിക്കവെയാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ബിജെപിയുടെ ഘടകകക്ഷിയാണ് എസ്.ബി.എസ്.പി.

പൂർവാഞ്ചൽ പ്രത്യേക സംസ്ഥാനമായി യാഥാർത്ഥ്യമായാൽ, അവിടുത്തെ പ്രഥമ മുഖ്യമന്ത്രി രാജ്ഭർ വിഭാഗത്തിൽ നിന്നായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഉത്തർപ്രദേശിന്റെ വിഭജനം അനിവാര്യമാണെന്ന് പിന്നീട് ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവെ ഓംപ്രകാശ് അഭിപ്രായപ്പെടുകയും ചെയ്തു. പൂർവാഞ്ചൽ രൂപീകരണത്തെ അനുകൂലിക്കുകയും, രാജ്ഭർ സമുദായാംഗം തന്നെ ആദ്യ മുഖ്യമന്ത്രി കസേരയിലെത്തുന്നതിനെ അംഗീകരിക്കുകയും ചെയ്യുന്ന ഏതൊരു രാഷ്ട്രീയ കക്ഷിയുമായും സഹകരിക്കാൻ തങ്ങളുടെ പാർട്ടി തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്ഭറിന്റെ പരാമർശം യു.പി വിഭജനവുമായി ബന്ധപ്പെട്ട പഴയ രാഷ്ട്രീയ ചർച്ചകളെ വീണ്ടും സജീവമാക്കിയിരിക്കുകയാണ്. 2012ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ മുഖ്യമന്ത്രി മായാവതിയാണ് യു.പി വിഭജന ആവശ്യം ശക്തമാക്കിയത്. അന്ന് സംസ്ഥാന നിയമസഭ ഉത്തർപ്രദേശിനെ അവധ് പ്രദേശ്, പൂർവാഞ്ചൽ, ബുന്ദേൽഖണ്ഡ്, പശ്ചിം പ്രദേശ് എന്നിങ്ങനെ നാല് സംസ്ഥാനങ്ങളായി വിഭജിക്കണമെന്ന പ്രമേയം പാസാക്കിയിരുന്നു.

2011ൽ ഇതിനായുള്ള ഔദ്യോഗിക നിർദ്ദേശവും കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് അയച്ചിരുന്നു. അതിന് മുമ്പ് 2008ലും മായാവതിയുടെ നേതൃത്വത്തിലുള്ള സർക്കാർ യു.പിയെ മൂന്നായി വിഭജിക്കാൻ നിർദ്ദേശിച്ചിരുന്നു. രാഷ്ട്രീയ ലോക്ദൾ, കോൺഗ്രസ് തുടങ്ങി വിവിധ പാർട്ടികളും പലപ്പോഴായി ഈ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരാണ് 2000ൽ ഉത്തർപ്രദേശ് വിഭജിച്ച് ഉത്തരാഖണ്ഡ് സംസ്ഥാനം രൂപീകരിച്ചത്.


ഏകദേശം 25 കോടി ജനസംഖ്യയുള്ള ഉത്തർപ്രദേശ് ഇന്ത്യയിലെ ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ്. കൂടാതെ ലോക്സഭയിലേക്ക് ഏറ്റവും കൂടുതൽ എം.പിമാരെ (80 സീറ്റുകൾ) അയക്കുന്ന സംസ്ഥാനവുമാണ്. 403 അംഗങ്ങളാണ് ഇവിടുത്തെ നിയമസഭയിലുള്ളത്. ഇന്ത്യയുടെ ഒമ്പത് പ്രധാനമന്ത്രിമാർ ഉത്തർപ്രദേശിൽ നിന്നുള്ള മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയിട്ടുണ്ട്‌.

English Summary

Uttar Pradesh minister and Suheldev Bharatiya Samaj Party (SBSP) chief Om Prakash Rajbhar claimed that Prime Minister Narendra Modi assured him that UP will be divided into four parts following a caste census.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OM PRAKASH RAJBHAR, UP, LATESTNEWS, UTTARPRADESH, NATIONALNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360