
ന്യൂഡൽഹി: വിദേശ സംഭാവനകൾ സ്വീകരിക്കുന്ന വ്യക്തികളെയും സംഘടനകളെയും നിയന്ത്രിക്കുന്നതിനുള്ള എഫ്.സി.ആർ.എ ഭേദഗതി ബില്ലിൽ ആഗസ്റ്ര് 12ന് പാർലമെന്റിൽ ചർച്ച നടക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചർച്ചയ്‌ക്ക് തുടക്കം കുറിച്ചേക്കും. 13ന് വർഷകാല സമ്മേളനം അവസാനിക്കാനിരിക്കെ,ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിടുമോയെന്നതിലാണ് ആകാംക്ഷ. പ്രതിപക്ഷ എം.പിമാരുടെ എതിർപ്പ് മറികടന്ന് ബിൽ പാസാക്കുകയല്ല, പകരം ചർച്ചയ്‌ക്ക് കളമൊരുക്കുക എന്ന നിലപാടിലാണ് കേന്ദ്ര സർക്കാരെന്ന് സൂചനയുണ്ട്. പ്രതിപക്ഷം നിസഹകരിച്ചാൽ ജെ.പി.സിക്ക് വിട്ടേക്കും.
ഇന്നലെ കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഒഫ് ഇന്ത്യ (സി.ബി.സി.ഐ) നേതൃത്വവും മിസോറം മുഖ്യമന്ത്രി ലാൽദുഹോമയും മിസോറമിലെ സഭാനേതാക്കളും അടക്കം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. നിയമത്തിനു മുൻകാല പ്രാബല്യമുണ്ടാകില്ലെന്ന് ഉറപ്പു ലഭിച്ചതായി പാലർമെന്റിലെ ഓഫീസിൽ നടന്ന ചർച്ചയ്‌ക്കുശേഷം മിസോറം മുഖ്യമന്ത്രി പ്രതികരിച്ചു. എന്നാൽ, തങ്ങൾ എതിർക്കുന്ന വിവാദ വ്യവസ്ഥകളിൽ ഉറപ്പു ലഭിച്ചില്ലെന്നാണ് സഭാനേതാക്കൾ പറയുന്നത്. ആശങ്കകൾ വ്യക്തമാക്കി വീണ്ടും നിവേദനം നൽകിയിട്ടുണ്ട്. സി.ബി.സി.ഐ സെക്രട്ടറി ജനറലും ഡൽഹി ആർച്ച്ബിഷപ്പുമായ ഡോ.അനിൽ കൂട്ടോ, സി.ബി.സി.ഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ തുടങ്ങിയവർ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ബഡ്‌ജറ്ര് സമ്മേളനത്തിനിടെ മാർച്ച് 25ന് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചെങ്കിലും കേരളത്തിലടക്കം നിയമസഭ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിൽ ചർച്ചയ്‌ക്കെടുക്കുന്നത് മാറ്റിവച്ചിരുന്നു.
മുഖ്യ എതിർപ്പ് ബില്ലിലെ 14ാം വകുപ്പിനോട്
ബില്ലിലെ 14ാം വകുപ്പിനെയാണ് പ്രധാനമായും സഭകൾ എതിർക്കുന്നത്. വിദേശസംഭാവനകൾ സ്വീകരിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദായാലോ, ലൈസൻസ് സറണ്ടർ ചെയ്‌താലോ അതുവരെ ആർജ്ജിച്ച സ്വത്തുക്കൾ പ്രത്യേക അതോറിട്ടി ഏറ്റെടുക്കുന്ന വ്യവസ്ഥയാണത്. സഭാസ്ഥാപനങ്ങൾ സംരക്ഷിക്കപ്പെടണം. നടപടിക്രമങ്ങളിലെ പോരായ്‌മകൾക്ക് മുൻകാല പ്രാബല്യത്തോടെ പിഴ പാടില്ലെന്നും സഭാനേതൃത്വം പറയുന്നു. ദശകങ്ങളായി പ്രവർത്തിക്കുന്ന സ്‌കൂളുകൾ, ആശുപത്രികൾ, മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിക്കരുതെന്നും ആവശ്യപ്പെട്ടു. ബില്ലിലെ വ്യവസ്ഥകൾ സഭയുടെ സേവന പ്രവർത്തനങ്ങളെ ബാധിക്കരുതെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |