SignIn
Kerala Kaumudi Online
Friday, 07 August 2026 2.26 AM IST

സഹപ്രവർത്തകയെ പീഡിപ്പിച്ച കേസ് , തെഹൽക്ക സ്ഥാപകന് 10 വർഷം കഠിനതടവ്

e

വിധി സംഭവം നടന്ന് 13-ാം വർഷം

ന്യൂഡൽഹി: മകളുടെ പ്രായമുള്ള സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ തെഹൽക സ്ഥാപകനും മുൻ എഡിറ്റർ-ഇൻ-ചീഫുമായ തരുൺ തേജ്പാലിന് 10 വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. 2013ലെ കേസിൽ ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചാണ് വിധി പറഞ്ഞത്.

തെളിവുകൾ വിലയിരുത്തുന്നതിൽ വിചാരണക്കോടതി പരാജയപ്പെട്ടെന്നും വെറുതെ വിട്ട നടപടി തെറ്റെന്നും ജസ്റ്റിസുമാരായ നീല ഗോഖലെ,അമിത് ജംസൻഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അതിജീവിതയായ മാദ്ധ്യമപ്രവർത്തകയുടെ മൊഴി പൂ‌ർണമായും ഹൈക്കോടതി കണക്കിലെടുത്തു. ആരോപണങ്ങൾ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ജയിലിൽ കീഴടങ്ങാൻ നാലാഴ്ച സമയം അനുവദിച്ചു. തരുണിനെ വെറുതേവിട്ട ഗോവ മപുസയിലെ സെഷൻസ് കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലാണ് പരിഗണിച്ചത്. പീഡനത്തിനുള്ള പരമാവധി ശിക്ഷയായ മരണം വരെ ജീവപര്യന്തം കഠിനതടവ് വിധിക്കണമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. 13 വർഷമായ കേസാണ്. മുതിർന്ന പൗരനാണ്. ഭാര്യയും രണ്ട് പെൺമക്കളുമുണ്ട്. പ്രതി മറ്റേതെങ്കിലും തരത്തിലുള്ള കുറ്റങ്ങൾ ചെയ്‌തിട്ടില്ല. രണ്ട് കക്ഷികളും തങ്ങളുടെ ജീവിതവുമായി മുന്നോട്ടു പോകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

തെഹൽക്കയുടെ മുംബയ് ഓഫീസിലെ മാദ്ധ്യമപ്രവർത്തകയായിരുന്നു അതിജീവിത. 2013 നവംബറിൽ ഗോവ ബംബോലിമിലെ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു സംഭവം. തെഹൽക്ക അവിടെ സംഘടിപ്പിച്ച തിങ്ക് ഫെസ്റ്റിനിടെ, നവംബർ 7,8 തീയതികളിൽ ലിഫ്റ്റിൽ വച്ചു പീഡനത്തിനിരയായെന്നാണ് പരാതി.

അതിജീവിതകൾ ഒറ്റപ്പെടുന്ന സാഹചര്യം

തൊഴിലിടങ്ങളിലെ ലൈംഗികാതിക്രമം സ്ത്രീകളുടെ തൊഴിൽ ജീവിതത്തിന് ദീർഘകാല ദോഷം വരുത്തുന്നതാണെന്ന് കോടതി നിരീക്ഷിച്ചു. ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതയും സ്ഥാപനത്തിനകത്തെ എതിർപ്പുകളും അതിജീവിതയെ ഒറ്രപ്പെടുത്തും. ജോലി മാറുക,മറ്റു സ്ഥാപനങ്ങളിൽ താഴ്ന്ന തസ്‌തികകൾ സ്വീകരിക്കുക തുടങ്ങിയ സാഹചര്യങ്ങളിലേക്ക് തള്ളിവിടും. സഹാനുഭൂതിയും പ്രതികരണ ശേഷിയുമില്ലാത്ത തൊഴിൽ അന്തരീക്ഷം സ്ത്രീകളിൽ ഭയം ജനിപ്പിക്കും. ഈ കേസിലും അതു സംഭവിച്ചു. രാജിവയ്‌ക്കാൻ സഹപ്രവർത്തക നിർബന്ധിതയായി. വിചാരണ സമയത്ത് അടക്കം മാനസിക ബുദ്ധിമുട്ടുകളിലൂടെ അതിജീവിത കടന്നുപോയെന്നും കോടതി നിരീക്ഷിച്ചു.

'നോ" എന്നാൽ 'നോ"

ലൈംഗിക ബന്ധത്തിന് താത്പര്യമില്ലെന്ന് വ്യക്തമാക്കി സ്ത്രീ 'നോ" പറഞ്ഞാൽ അതിനർത്ഥം 'നോ" എന്നു തന്നെയാണെന്ന് സോളിസിറ്റർ തുഷാർ മേത്ത വാദിച്ചു. രക്ഷിതാവിന്റെ സ്ഥാനത്താണ് അതിജീവിത തരുണിനെ കണ്ടത്. ഇരയുടെ പിതാവിനെ വ്യക്തിപരമായി തരുണിന് അറിയുകയും ചെയ്യാം. പ്രതിക്ക് പശ്ചാത്താപമില്ലെന്നും വാദിച്ചു.

''ഞാൻ രാഷ്ട്രീയ ഇരയാണ്. മേൽക്കോടതിയിൽ അപ്പീൽ നൽകും.

-തരുൺ തേജ്പാൽ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360