SignIn
Kerala Kaumudi Online
Friday, 07 August 2026 2.26 AM IST

 പിതാവ് വൃദ്ധസദനത്തിൽ മരിച്ചു വരാൻ സമയമില്ല,​ അന്ത്യകർമ്മം വീഡിയോകോളിലൂടെ കണ്ട് മക്കൾ

e

ഛണ്ഡിഗർ: മഹാരാഷ്ട്രയിലെ അറിയപ്പെടുന്ന വസ്ത്ര വ്യാപാരിയായിരുന്നു ശിവചരൺ റാം രത്തൻ ഗുപ്ത. ഒന്നര വർഷമായി സോണിപ്പട്ടിലെ വൃദ്ധസദനത്തിലായിരുന്നു താമസം. ഭാര്യ നേരത്തെ മരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് കഴിഞ്ഞ ദിവസം പുലർച്ചെ 3.30 ഓടെ ശിവചരൺ മരിച്ചു.

വൃദ്ധസദനത്തിലെ ജീവനക്കാ‌ർ അദ്ദേഹത്തിന്റെ മൂന്ന് പെൺമക്കളെയും വിവരമറിയിച്ചെങ്കിലും വരാനാകാത്ത തിരക്ക്. പകരം മൂവരും വീഡിയോ കോൾ ചെയ്തു. വൃദ്ധസദനത്തിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് അന്ത്യകർമ്മങ്ങൾ നടത്തി. കുടുംബാംഗങ്ങളാരുമില്ലാതെ അദ്ദേഹത്തിന് യാത്ര നൽകേണ്ടി വന്നതിന്റെ വേദനയിലാണ് അധികൃതർ. വയോജനങ്ങളുടെ ഏകാന്തതയെക്കുറിച്ചും മാറിക്കൊണ്ടിരിക്കുന്ന കുടുംബബന്ധങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് ഈ സംഭവം വഴിയൊരുക്കി. അനിത എന്ന മകൾ ഓൺലൈനായി 5,100 രൂപ അയച്ചുകൊടുക്കുകയും അന്ത്യകർമ്മങ്ങൾ നടത്തണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. സംസ്‌കാര ചടങ്ങുകളുടെ വീഡിയോ അയച്ചുകൊടുക്കാനും ആവശ്യപ്പെട്ടു. പിതാവിന്റെ ആരോഗ്യസ്ഥിതി മോശമാണെന്ന വിവരം 20 ദിവസം മുമ്പേ മക്കളെ അറിയിച്ചെങ്കിലും ആരും കാണാനെത്തിയില്ലെന്ന് വൃദ്ധസദനം അധികൃതർ പറയുന്നു. മരിച്ചപ്പോൾ ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു. മൃതദേഹം സൂക്ഷിക്കാമെന്നറിയിച്ചപ്പോഴും വേണ്ട,​ സംസ്കാരം നടക്കട്ടെയെന്നായിരുന്നു മറുപടി. അസുഖ ബാധിതനായശേഷം പിതാവുമായി മക്കൾ അധികം സംസാരിച്ചിരുന്നില്ല. മൂന്ന് പെൺമക്കൾക്കും ഉയർന്ന വിദ്യാഭ്യാസം നൽകാനാണ് അദ്ദേഹം ജീവിതം മാറ്റിവച്ചതെന്നും അധികൃതർ പറയുന്നു. മൂത്ത മകൾ അനിത നേപ്പാളിൽ അദ്ധ്യാപികയാണ്. രണ്ടാമത്തെ മകൾ നിഷ ഉത്തർപ്രദേശിലെ അസംഗഢിൽ സർക്കാർ സ്‌കൂൾ അദ്ധ്യാപികയാണ്; ഇളയ മകൾ പ്രിയ മുംബയിലാണ്. ഗുപ്തയുടെ മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATIONAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360