
ന്യൂഡൽഹി: ദേശീയപാതയുടെ മദ്ധ്യഭാഗത്തു നിന്നും വീടുകൾക്ക് 40 മീറ്രറും വാണിജ്യ സ്ഥാപനങ്ങൾക്ക് 75 മീറ്രറും ദൂരപരിധി ഏർപ്പെടുത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയിൽ നിലപാട് അറിയിക്കാൻ സംസ്ഥാനത്തിന് രണ്ടാഴ്ചത്തെ സമയം ലഭിച്ചു. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കേരളത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽ അൽജോ കെ.ജോസഫ് സത്യവാങ്മൂലം സമർപ്പിക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണിത്.
വിഷയം സെപ്‌തംബർ ഒന്നിന് വീണ്ടും പരിഗണിക്കും. അതിനു മുൻപ് സത്യവാങ്മൂലം സമർപ്പിക്കാൻ കേരളമടക്കമുള്ള സംസ്ഥാനങ്ങളോട് ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ച് നിർദ്ദേശിച്ചു. മിക്ക സംസ്ഥാനങ്ങളിലും ദേശീയപാതകളുടെ വീതി 60 മീറ്ററാണെങ്കിലും കേരളത്തിലേത് 45 മീറ്ററാണ്. അതിനാൽ, കഴിഞ്ഞ ഏപ്രിൽ 13ന്റെ സുപ്രീംകോടതി ഉത്തരവ് കേരളത്തിൽ ആശങ്കയ്ക്കിടയാക്കിയിരുന്നു.
കേസിൽ കക്ഷി ചേരാൻ തൃശൂർ ചാവക്കാട് സ്വദേശിനി ഫൗസിയ മീത്തലെ എടക്കാട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. വിധി നടപ്പായാൽ ദേശീയപാത 66ന് സമീപത്തെ തന്റെ ഭൂമിയിൽ നിർമ്മാണം നടത്താൻ കഴിയാത്ത സാഹചര്യമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണിത്. ദേശീയപാതയിലെ സുരക്ഷയ്‌ക്കായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ഡി.ജി.പി റവാഡ ചന്ദ്രശേഖർ സത്യവാങ്മൂലം സമർപ്പിച്ചു.
സുരക്ഷ ഉറപ്പാക്കാൻ നടപടി
1.ഹെവി കൊമേഴ്സ്യൽ വാഹനങ്ങൾ ദേശീയപാതയിലും സമീപത്തും നിയമവിരുദ്ധമായി പാർക്ക് ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആവശ്യമായ നിർദ്ദേശം നൽകിയതായി ഡി.ജി.പിയുടെ സത്യവാങ്മൂലം. ആക്‌സിഡന്റ് ബ്ലാക്ക് സ്‌പോട്ടുകളിൽ ഉൾപ്പെടെ രാത്രികാല പട്രോളിംഗ്
2.നിയമവിരുദ്ധ പാർക്കിംഗിൽ കൊച്ചി സിറ്രിയിൽ മാത്രം 15,43,000 രൂപ പിഴയിനത്തിൽ ഈടാക്കി. മലപ്പുറത്ത് 15228 ഇ-ചെലാനുകൾ നൽകി. കണ്ണൂരിൽ- 6186, കൊല്ലത്ത്- 6025, തൃശൂർ സിറ്റിയിൽ- 4279 നിയമലംഘനങ്ങൾ കണ്ടെത്തി പിഴയിട്ടു. സ്‌പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവുകൾ നടത്തി
3.ദേശീയപാതയ്‌ക്കു സമീപത്തെ കൈയേറ്രങ്ങൾ കണ്ടെത്തി ഒഴിപ്പിക്കാനുള്ള റവന്യു അധികാരികളുടെ നടപടികളുമായി പൊലീസ് സഹകരിക്കുന്നു. സി.സി ടിവി ക്യാമറയുള്ള വാഹനങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |