SignIn
Kerala Kaumudi Online
Saturday, 03 October 2026 12.55 AM IST

ഗ്യാനേഷിനെതിരെ സമരവേലിയേറ്റം # ഡൽഹി ജന്തർ മന്ദറിന് സമീപവും മുംബയിലും  പ്രതിഷേധം

READ ENGLISH VERSION
1

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഗാന്ധിജയന്തി ദിനമായ ഇന്നലെ ഡൽഹി ജന്തർ മന്ദറിന് സമീപവും മുംബയിലും ആയിരക്കണക്കിന് ജെൻസികളും പ്രതിപക്ഷ പാർട്ടി പ്രവർത്തകരും തെരുവിലിറങ്ങി. ജന്തർ മന്ദറിലെ സമരവേദി ഡൽഹി പൊലീസ് നിഷേധിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്റർനെറ്റും വിച്ഛേദിച്ചു. 12 മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. നാലായിരത്തിൽപ്പരം പൊലീസുകാരെയും കേന്ദ്രസേനയെയും വിന്യസിച്ചാണ് സമരക്കാരെ നേരിട്ടത്. കേരള ഹൗസിലേക്ക് പോകുന്ന വഴി ബാരിക്കേഡുകൾ നിരത്തി അടച്ചു. കോക്രോച്ച് ജനത പാ‌ർട്ടിയുടെ സമരത്തിന് മുംബയ് പൊലീസും അനുമതി നൽകിയിരുന്നില്ല.

രാവിലെ 10 മണിയോടെ ജന്തർ മന്ദറിലേക്ക് ചെറിയ സംഘങ്ങളായി പ്രകടനങ്ങൾ നീങ്ങിത്തുടങ്ങി. മുദ്രാവാക്യം വിളിച്ചും പാട്ടു പാടിയുമെത്തിയ സംഘങ്ങളെ പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തുകൊണ്ടിരുന്നു. ഇത് സംഘർഷത്തിനിടയാക്കി. ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ പ്രകടനമായെത്തി. ബാരിക്കേഡുകൾ മറിച്ചിട്ട് പ്രവേശിക്കാൻ ശ്രമിച്ചെങ്കിലും പൊലീസ് തടഞ്ഞു. സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി,മുതിർന്ന നേതാവ് ബൃന്ദ കാരാട്ട്,ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹിം ,സംസ്ഥാന അദ്ധ്യക്ഷൻ വി.വസീഫ്,എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് ആദർശ് എം.സജി,സി.പി.ഐ രാജ്യസഭാ എം.പി പി. സന്തോഷ് കുമാർ,ഐസ നേതാവ് നേഹ ബോറ തുടങ്ങിയവരെ വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്തത്.

ആംആദ് മി പാർട്ടി നേതാക്കളായ സഞ്ജയ് സിംഗ്,അതിഷി,സൗരവ് ഭരദ്വാജ്,ആക്‌ടിവിസ്റ്റ് യോഗേന്ദ്ര യാദവ് തുടങ്ങിയവരെയും എൻ.എസ്.യു.ഐ,യൂത്ത് ലീഗ്,എം.എസ്.എഫ് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. വനിതാ പ്രവർത്തകരെ പുരുഷ പൊലീസ് മർദ്ദിച്ചെന്ന് ആരോപണമുയർന്നു. 1000ത്തിൽപ്പരം പേരെ കസ്റ്റഡിയിലെടുത്തുവെന്നാണ് അനൗദ്യോഗിക കണക്ക്. ഗ്യാനേഷിനെയാണ് അറസ്റ്റു ചെയ്‌ത് ജയിലിലടയ്‌ക്കേണ്ടതെന്ന് എം.എ.ബേബി പ്രതികരിച്ചു.

നസീറുദ്ദിൻ ഷായും

ശബാന ആസ്മിയും


മുംബയ് ശിവാജി പാർക്കിൽ അനുമതി നിഷേധിച്ചതിനാൽ, പുറത്ത് സമരപന്തലൊരുക്കിയായിരുന്നു കോക്രോച്ച് ജനത പാർട്ടിയുടെ സമരം. ആയിരക്കണക്കിന് ജെൻസികൾ ഉൾപ്പെടെ എത്തി.

ബോളിവുഡ് നടൻ നസീറുദ്ദിൻ ഷാ,നടി ശബാന ആസ്‌മി,സംഗീത സംവിധായകൻ വിശാൽ ഡഡ്ലാനി തുടങ്ങിയവ‌ർ പിന്തുണയുമായെത്തി.

ഏകാധിപതി ഭയന്നിരിക്കുകയാണെന്ന്,പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉന്നംവച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്കെ പറഞ്ഞു. ബ്രിട്ടീഷുകാരോട് അനുമതി ചോദിച്ചിട്ടല്ല ഗാന്ധിജി സമരം നടത്തിയത്. ഗ്യാനേഷ് രാജിവച്ചില്ലെങ്കിൽ ഈ മാസം അവസാനം ജന്തർ മന്ദറിലെത്തുമെന്നും മുന്നറിയിപ്പ് നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DELHI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360