
ന്യൂഡൽഹി: അതിർത്തിയിലെ ഇന്ത്യൻ പ്രദേശങ്ങൾക്ക് ചൈന പേരിടുന്നത് തുടരുന്നതിനിടെ, ലഡാക്കിലെ 28 സ്ഥലങ്ങൾക്കും ഭൂപ്രദേശങ്ങൾക്കും ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ. സർവേ ഒഫ് ഇന്ത്യയുടെ ഔദ്യോഗിക ഭൂപടത്തിൽ ഉൾപ്പെടുത്തിയാണ് പേരുകൾക്ക് അംഗീകാരം നൽകിയത്. ലഡാക്ക് ഭരണകൂടവുമായി കൂടിയാലോചിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പട്ടിക തയാറാക്കിയത്.
പർവതശിഖരങ്ങൾ, മലനിരകൾ, ചുരങ്ങൾ, ഹിമാനികൾ, താഴ്വരകൾ, നദികൾ, തടാകങ്ങൾ, ജലാശയങ്ങൾ, മറ്റ് ഭൂപ്രദേശങ്ങൾ എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടത്. അതിർത്തിയിലെ തന്ത്രപ്രധാന മേഖലകളായ ഗോഗ്ര, ഹോട്ട് സ്പ്രിംഗ് എന്നിവയ്ക്കും ഔദ്യോഗിക രേഖയിൽ ഇടം ലഭിച്ചു.
സോറാവർ പീക്ക്, കനിഷ്‌ക പീക്ക്, അതിശ ഗിരി, മാർത്താണ്ഡ ഗിരി, റിൻചൻ സാങ്‌പോ, ശാക്യശ്രീ ഗിരി, മാർപ ലൊത്സാവ റി, മിലരേപ കാങ്രി, ശിവ റി, മഹേശ്വര റി എന്നിവയാണ് പട്ടികയിലെ പ്രധാന പർവതശിഖരങ്ങൾ. ചാപ് ചിഗൽ, ഷാച് മിർക് ചുരങ്ങളും പാർപിക്, സ്‌കാംരി ഹിമാനികളും പട്ടികയിലുണ്ട്. ശ്‌കോർഗ താഴ്വര, ഗുരു റിൻപോച്ചെ തടാകം, യാങ്പ നദി എന്നിവയ്ക്കും ഔദ്യോഗിക പേര് നൽകി.
ഇന്ത്യയുടെ പ്രദേശങ്ങൾക്ക് ചൈന ഏകപക്ഷീയമായി പേരിടുന്നതിനെതിരെ നേരത്തെയും കേന്ദ്രം ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. 2017 മുതൽ അരുണാചൽപ്രദേശിലെയും മറ്റ് അതിർത്തി മേഖലകളിലെയും സ്ഥലങ്ങൾക്ക് ചൈന പേരുകൾ പ്രഖ്യാപിക്കുന്നുണ്ട്. അതിന് സമാന്തരമായി ഇന്ത്യൻ ഭൂപടങ്ങളിൽ പ്രദേശങ്ങളുടെ ഔദ്യോഗിക പേരുകൾ രേഖപ്പെടുത്തുന്ന നടപടിയാണ് ഇപ്പോൾ ശക്തമാക്കിയിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |