ന്യൂഡൽഹി : എസ്.ഐ.ആർ നടപടികൾ ചോദ്യം ചെയ്തുള്ള ഹർജിയിൽ സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. രണ്ട് തിരഞ്ഞെടുപ്പ് കമ്മിഷണർമാർ എസ്.ഐ.ആർ നടപടികളോടും പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്ന പ്രക്രിയയോടും വിയോജിച്ചിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശദീകരണം. എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊള്ളുന്നതെന്ന് കമ്മിഷൻ വ്യക്തമാക്കി. ഈ വിഷയത്തിൽ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജികൾ പത്രവാർത്തകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്നും അവ തള്ളണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
2025 ജൂണിലും 2026 മേയിലും എസ്.ഐ.ആറുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച മൂന്ന് ഉത്തരവുകളും ഏകകണ്ഠമായാണ് അംഗീകരിച്ചതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. തീരുമാനമെടുക്കുന്ന പ്രക്രിയയിൽ വിവിധ ഉദ്യോഗസ്ഥർ നൽകുന്ന നിർദ്ദേശങ്ങൾ , അഭിപ്രായങ്ങൾ എന്നിവയെല്ലാം പരിഗണിക്കാറുണ്ടെന്നും കമ്മിഷൻ പറഞ്ഞു. 2023ലെ വിയമത്തിലെ 18ാം വകുപ്പ് പ്രകാരം തീരുമാനമെടുക്കുന്ന ഘട്ടത്തിൽ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറോ മറ്റ് കമ്മിഷണർമാരോ പരസ്പരമോ കമ്മിഷനിലെ ഉദ്യോഗസ്ഥരോടോ നടത്തുന്ന അഭിപ്രായ പ്രകടനങ്ങളോ നിർദ്ദേശങ്ങളോ ചോദ്യങ്ങളോ കമ്മിഷന്റെ തീരുമാനമായി കണക്കാക്കാനാവി്ലെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
പുതിയ വോട്ടർമാരുടെ രജിസ്ട്രേഷനായി ഉപയോഗിക്കുന്ന ഫോം 6ൽ ഭേദഗതി വരുത്തിയെന്ന ആരോപണവും തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. എസ്.ഐ.ആറുമായി ബന്ധപ്പെട്ട മൂന്ന് ഉത്തരവുകളിലൂടെയും ഫോം 6ൽ യാതൊരു മാറ്റവും വരുത്തിയിട്ടില്ലെന്ന് കമ്മിഷൻ വ്യക്തമാക്കി. എസ്.ഐ.ആർ നടപടികളുടെ ഭാഗമായി അവതരിപ്പിച്ച ഡിക്ലറേഷൻ ഫോം ഇതോടൊപ്പം ഉപയോഗിക്കുന്ന പ്രത്യേക രേഖയാണെന്നും കമ്മിഷൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |