ചെന്നൈ: തമിഴ്നാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളിൽ മൊബൈൽ ഫോൺ നിരോധിച്ച് സർക്കാർ. റീൽസ് ചിത്രീകരണം നിയന്ത്രിക്കാൻ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. വിഐപി സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്താനും തമിഴ്‌നാട് ഹിന്ദുമത ധർമ്മ സ്ഥാപനവകുപ്പ് ഉത്തരവിട്ടു. സെപ്തംബർ ഒന്നുമുതൽ ഇത് നടപ്പിലാക്കും.
ക്ഷേത്രത്തിന് അകത്ത് ഫോട്ടോ എടുക്കാനോ, വിഗ്രഹങ്ങളുടെ വീഡിയോ ചിത്രീകരിക്കാനോ, ക്ഷേത്ര പരിസരത്ത് റീൽസ് ചിത്രീകരിക്കാനോ ഇനി അനുവദിക്കില്ല. വിഐപികളോ സിനിമാ താരങ്ങളോ ആരു വന്നാലും ഫോട്ടോ, വീഡിയോ എന്നിവ എടുക്കാൻ അനുവാദം ഉണ്ടായിരിക്കുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.
ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർക്ക് മൊബൈൽ ഫോണുകൾ സൂക്ഷിക്കാൻ ക്ലോക്ക് റൂം സൗകര്യം ക്ഷേത്ര പ്രവേശന കവാടത്തിൽ സജ്ജമാക്കുമെന്നും വകുപ്പ് അറിയിച്ചു. ഒരു ഫോണിന് അഞ്ചു രൂപ ചാർജ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന് ഇന്റഗ്രേറ്റഡ് ടെമ്പിൾ മാനേജ്‌മെന്റ് സിസ്റ്റം വഴി രസീത് നിർബന്ധമായും നൽകിയിരിക്കണമെന്നാണ് നിർദേശം.
ഫോൺ സൂക്ഷിക്കുന്ന സ്ഥലങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കണമെന്നും സർക്കുലറിൽ നിർദേശിക്കുന്നുണ്ട്. ക്ഷേത്ര വളപ്പിലും പ്രവേശന കവാടങ്ങളിലും മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുന്ന ബോർഡുകൾ ക്ഷേത്ര ട്രസ്റ്റ് സ്ഥാപിക്കണമെന്നും ഇക്കാര്യം മൈക്കിലൂടെ അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് 2022 ഡിസംബർ രണ്ടിന് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വകുപ്പിന്റെ സർക്കുലർ.
The Tamil Nadu government has banned mobile phone use in temples to prevent visitors from making reels and videos inside temple premises.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |