ഇസ്‌ലാമാബാദ്: പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ സെലക്ഷനെ പരിഹസിച്ച് ഐസ്‌ലൻഡ് ക്രിക്കറ്റ്. പാക് ക്രിക്കറ്റ് ബോർഡ് (പി.സി.ബി) ചെയർമാൻ മൊഹ്സിൻ നഖ്‌വിയെ ലക്ഷ്യമിട്ടായിരുന്നു ഐസ്‌ലൻഡ് ക്രിക്കറ്റിന്റെ പരിഹാസം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിലും തോറ്റതിന് പിന്നാലെ പാക് ക്രിക്കറ്റിൽ വൻ അഴിച്ചുപണികൾ നടത്തിയിരുന്നു. രണ്ടാം ടെസ്റ്റിനു ശേഷം ഏഴ് താരങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കാനും പി.സി.ബി തീരുമാനിച്ചു. ഇതിനെതിരെ സോഷ്യൽ മീഡിയയിലൂടെ ഐസ്‌ലൻഡ് ക്രിക്കറ്റ് പരിഹാസ രൂപേണ പ്രതികരിക്കുകയായിരുന്നു.
'തീരപ്രദേശങ്ങളിലുള്ള ക്രിക്കറ്റ് താരങ്ങൾക്ക് പുതിയൊരു ക്രിക്കറ്റ് ചലഞ്ച് ആരംഭിക്കുകയാണ്. ഒരു മഞ്ഞുമല നീക്കിയാൽ മൊഹ്സിൻ നഖ്‌വിയെ നേരിൽ കണ്ട് സെലക്ഷൻ തന്ത്രങ്ങൾ പഠിക്കാനുള്ള എല്ലാ ചെലവുകളും വഹിച്ചുള്ള യാത്ര സ്വന്തമാക്കാം. വേണമെങ്കിൽ യാത്ര ഒറ്റവഴിയാക്കാം,' എന്നായിരുന്നു ഐസ്‌ലൻഡ് ക്രിക്കറ്റിന്റെ പരിഹാസക്കുറിപ്പ്.
ഇംഗ്ലണ്ടിനെതിരായ തോൽവിക്ക് പിന്നാലെ പാകിസ്ഥാൻ ക്രിക്കറ്റിനെതിരെ ആരാധകർക്കിടയിൽ നിന്നും മുൻ താരങ്ങളിൽ നിന്നൊക്കെ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് നഖ്‌വി പ്രതികരണവുമായി രംഗത്തെത്തിയത്. പാക് ക്രിക്കറ്റ് ഏറ്റവും മോശം അവസ്ഥയിലാണെന്ന വിമർശനം അംഗീകരിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ജീവിതത്തിൽ ഒന്നും നേടിയിട്ടില്ലാത്തവരാണ് പാകിസ്ഥാൻ ടീമിനെ വിമർശിക്കുന്നതെന്ന പരാമർശവും നഖ്‌വി നടത്തി. ലണ്ടനിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചില തോൽവികൾ കൊണ്ട് ഒരു ടീമിന്റെ നിലവാരം നിർണയിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകദിന റാങ്കിംഗിൽ പാകിസ്ഥാൻ എട്ടാം സ്ഥാനത്തുനിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നതും കഴിഞ്ഞ ആറ് ഏകദിന പരമ്പരകളിൽ നാലെണ്ണം വിജയിച്ചതും നഖ്‌വി ചൂണ്ടിക്കാട്ടി. ടീമിന്റെ വിജയശതമാനം 24ൽ നിന്ന് 73 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. അതേസമയം, താരങ്ങളുടെ പ്രകടനത്തിൽ വീഴ്ചയുണ്ടായാൽ സെലക്ഷനിൽ മാറ്റം വരുത്തേണ്ടിവരുമെന്നും നഖ്‌വി സമ്മതിച്ചു. ചിലപ്പോഴൊക്കെ പിഴവുകൾ സംഭവിക്കാമെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ പാകിസ്ഥാൻ 0-2ന് പിന്നിലാണ്. ടീമിന്റെ പ്രകടനത്തിനെതിരെ മുൻ താരങ്ങളായ ഷാഹിദ് അഫ്രീദി, മുഹമ്മദ് യൂസഫ്, റാഷിദ് ലത്തീഫ് തുടങ്ങിയവരും വിമർശനവുമായി രംഗത്തെത്തിയിരുന്നു. അതേസമയം, ഒൻപതാം സ്ഥാനത്തുനിന്ന് ഒരു ടീമിനെ ആറ് മാസത്തിനുള്ളിൽ ഒന്നാം സ്ഥാനത്തെത്തിക്കാനാകില്ലെന്നും അതിന് ഇനിയും ഏറെ സമയം ആവശ്യമാണെന്നും നഖ്‌വി വ്യക്തമാക്കി.
Iceland Cricket mocked Pakistan Cricket Board (PCB) chairman Mohsin Naqvi over Pakistan’s recent team selection and changes following their poor Test series against England.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |