SignIn
Kerala Kaumudi Online
Saturday, 29 August 2026 11.36 PM IST

94 വർഷം പഴക്കമുള്ള റെക്കാഡ് പഴങ്കഥയായി; 51-ാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ച് വിക്കറ്റെടുത്ത് അപൂർവ നേട്ടം

joanne-hicks
ഐൽ ഓഫ് മാൻ താരം ജോവാൻ ഹിക്‌സ്

ബുക്കാറസ്റ്റ്: 51-ാം വയസിൽ അന്താരാഷ്ട്ര മത്സരത്തിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി ക്രിക്കറ്റിലെ ഏറ്റവും പ്രായം കൂടിയ താരമെന്ന ചരിത്രം കുറിച്ച് ഐൽ ഓഫ് മാൻ താരം ജോവാൻ ഹിക്‌സ്. റൊമാനിയയിൽ നടക്കുന്ന വനിതാ കോണ്ടിനെന്റൽ കപ്പിൽ ഗ്രീസിനെതിരായ മത്സരത്തിലാണ് ഹിക്സിന്റെ തകർപ്പൻ പ്രകടനം. നാല് ഓവറിൽ 10 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റാണ് ഓഫ് സ്പിന്നറായ താരം സ്വന്തമാക്കിയത്. ഹിക്സിന്റെ മികവിൽ ഐൽ ഓഫ് മാൻ ഒൻപത് വിക്കറ്റിന്റെ അനായാസ ജയം നേടി.

1975 മാർച്ച് ഒമ്പതിനായിരുന്നു ഹിക്‌സിന്റെ ജനനം. മത്സര ദിവസം 51 വയസും 171 ദിവസവുമായിരുന്നു പ്രായം. 50 വയസ് പിന്നിട്ട ശേഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന റെക്കാഡും ഇതോടെ ഹിക്‌സിന്റെ പേരിലായി.

താരത്തിന്റെ മിന്നും പ്രകടനത്തോടെ 94 വർഷത്തോളം പഴക്കമുള്ള റെക്കാഡാണ് പഴങ്കഥയായയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും പ്രായം കൂടിയ താരത്തിന്റെ അഞ്ച് വിക്കറ്റ് നേട്ടമെന്ന റെക്കാഡ് ഓസ്‌ട്രേലിയൻ താരം ബെർട്ട് അയൺമോംഗറുടെ പേരിലായിരുന്നു.

joanne-hicks
ഐൽ ഓഫ് മാൻ താരം ജോവാൻ ഹിക്‌സ്

1932ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റിൽ 49-ാം വയസിലായിരുന്നു അയൺ മോംഗറുടെ അഞ്ച് വിക്കറ്റ് നേട്ടം. മത്സരത്തിൽ 6/18, 5/6 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ബൗളിംഗ് പ്രകടനം. ദക്ഷിണാഫ്രിക്കയെ 36, 45 റൺസിന് പുറത്താക്കിയ ഓസ്‌ട്രേലിയ ഇന്നിംഗ്‌സിനും 72 റൺസിനും വിജയിച്ചു.

വൈകിയെത്തിയ കരിയറിലും അഞ്ച് വിക്കറ്റ് നേട്ടം ഹിക്‌സിന് പുതിയ കാര്യമല്ല. 2024 ആഗസ്റ്റിൽ 49 വയസും 162 ദിവസവും പ്രായമുള്ളപ്പോൾ മാൾട്ടയ്‌ക്കെതിരെയും പത്ത് റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ താരം നേടിയിരുന്നു. ആറ് ദിവസങ്ങൾക്ക് ശേഷം ഗ്രീസിനെതിരെ 22 റണസ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി. അന്ന് അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ച് വിക്കറ്റ് നേടുന്ന ഏറ്റവും പ്രായം കൂടിയ വനിതാ താരമെന്ന റെക്കാഡും ഹിക്‌സ് സ്വന്തമാക്കിയിരുന്നു.

ഗ്രീസിനെതിരായ ട്വന്റി-20 അന്താരാഷ്ട്ര ക്രിക്കറ്റി‌ൽ ഹിക്‌സിന്റെ മൂന്നാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവും ഇതോടെ ഹിക്‌സ് ആവർത്തിച്ചു. 47-ാം വയസിലാണ് ഐൽ ഓഫ് മാൻ ടീമിനായി അന്താരാഷ്ട്ര ക്രിക്കറ്റിൽ ഹിക്‌സ് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ടീമിന്റെ പ്രധാന ഓഫ് സ്പിന്നർമാരിലൊരാളായി മാറിയ ഹിക്‌സ് 50 വയസിന് ശേഷവും മികച്ച പ്രകടനം തുടരുകയാണ്.

English Summary

Isle of Man's Joan Hicks, aged 51 years and 171 days, made history by becoming the oldest player to achieve a five-wicket haul in international cricket. The off-spinner took five wickets for 10 runs against Greece in the Women's Continental Cup in Romania, securing a nine-wicket victory. This feat broke a 94-year-old record and marked the first time a bowler over 50 achieved this milestone.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JOANNE HICKS, CRICKET, REWRITE HISTORY, SPORTS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360