ഒമാൻ: ഒമാൻ ഇൻവിറ്റേഷൻ ടൂർണമെന്റിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും കേരളത്തിന് വിജയം. അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന മത്സരത്തിൽ കരുത്തരായ മുംബയ്യെ
ഒരു വിക്കറ്റിനാണ് കേരളം തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബയ് 42.3 ഓവറിൽ 186 റൺസിന് ഓൾ ഔട്ടായി. മറുപടിക്കിറങ്ങിയ കേരളം 44.4 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അഖിൽ സ്കറിയയുടെ ഓൾറൗണ്ട് മികവാണ് കേരളത്തിന് വിജയം ഒരുക്കിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത മുംബയ്‌യുടെ മുൻനിര കേരളാ ബൗളർമാർക്ക് മുന്നിൽ തകർന്നടിയുകയായിരുന്നു. ആദ്യ ആറ് ബാറ്റർമാരിൽ 19 റൺസെടുത്ത സുമീർ സവേരി മാത്രമാണ് രണ്ടക്കം കണ്ടത്. ഒരു ഘട്ടത്തിൽ ആറ് വിക്കറ്റിന് 45 റൺസെന്ന നിലയിലായിരുന്നു മുംബയ്. ഏഴാം വിക്കറ്റിൽ വേദാന്ത് മുർക്കാറും (50), മാക്സ്വെൽ ഡേവിഡും (പുറത്താകതെ 64) ചേർന്ന 98 റൺസ് കൂട്ടുകെട്ടാണ് മുംബയ്യുടെ സ്കോർ 186ൽ എത്തിച്ചത്. 8.3 ഓവറിൽ 32 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ അഖിൽ സ്കറിയയാണ് കേരള ബൗളിംഗ് നിരയിൽ തിളങ്ങിയത്.
മറുപടിക്കിറങ്ങിയ കേരളത്തിനും തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി. അഖിൽ സ്കറിയയും (39), രോഹൻ നായരും(44), വാലറ്റത്ത് തകർത്തടിച്ച ആനന്ദ് ജോസഫുമാണ് (36) കേരളത്തിന് വിജയമൊരുക്കിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |