ബെയ്ജിംഗ്: ഫ്രഞ്ച് ഫുട്ബാൾ താരം കിലിയൻ എംബാപ്പെ ചൈനീസ് സ്ഥാപക നേതാവ് മാവോ സെതൂങ്ങിനെ ഏകാധിപതിയെന്ന് വിശേഷിപ്പിച്ച പരാമർശം വിവാദത്തിൽ. ഇതേ തുടർന്ന് എംബാപ്പെയുമായുള്ള സ്പോൺസർഷിപ്പ് കരാറുകൾ മൂന്ന് ചൈനീസ് കമ്പനികളും അവസാനിപ്പിച്ചു. ഇലക്ട്രോലൈറ്റ് പാനീയ നിർമാതാക്കളായ ഡോങ്‌പെങ്, ക്ഷീരോത്പന്ന ഭീമനായ മെങ്ന്യു, ചീസ് നിർമാതാക്കളായ മിൽക്ക്ഗ്രൗണ്ട് എന്നിവരാണ് ഫ്രഞ്ച് ദേശീയ ടീമിന്റെ ക്യാപ്ടൻ കൂടിയായ എംബാപ്പെയുമായുള്ള കരാർ ബന്ധം അവസാനിപ്പിച്ചത്.
ദേശീയ വികാരങ്ങളെ വ്രണപ്പെടുത്തുന്ന വാക്കുകളെയും പ്രവൃത്തികളെയും എതിർക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കമ്പനികളുടെ തീരുമാനം. എംബാപ്പെയുടെ പരാമർശമെന്ന് കരുതുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയായിരുന്നു നടപടി. ഒരു ഫ്രഞ്ച് ഓൺലൈൻ ടോക്ക് ഷോയിൽ പങ്കെടുക്കുന്നതിന് മുമ്പ് എംബാപ്പെയുമായി നടത്തിയ അഭിമുഖത്തിന്റെ ദൃശ്യങ്ങളാണ് വിവാദത്തിന് തിരികൊളുത്തിയത്.
ഏറ്റവും ഇഷ്ടപ്പെട്ട മീം ഏതാണെന്ന ചോദ്യത്തിന്, ചൈനീസ് ഏകാധിപതിയെന്ന് കരുതുന്ന ഒരാളുടെ ചിത്രത്തിൽ തന്റെ മുഖം ചേർത്ത മീമാണെന്ന് എംബാപ്പെ മറുപടി നൽകിയതായാണ് വീഡിയോയിലുള്ളത്. 1976ൽ അന്തരിച്ച ചൈനയുടെ സ്ഥാപക നേതാവ് മാവോ സെതൂങ്ങിനെയാണ് എംബാപ്പെ പരാമർശിച്ചതെന്നാണ് ചൈനീസ് സോഷ്യൽ മീഡിയ ഉപയോക്താക്കളുടെ ആരോപണം. വിവാദ വീഡിയോയിലെ പരാമർശം എംബാപ്പെ മനഃപ്പൂർവ്വം നടത്തിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ചൈനയിലെ വിവിധ ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ എംബാപ്പെ സജീവ സാന്നിദ്ധ്യമായിരുന്നു. ഇലക്ട്രോലൈറ്റ് പാനീയങ്ങൾ മുതൽ പാൽ, ചീസ് ഉത്പന്നങ്ങൾ വരെയുള്ളവയുടെ പരസ്യങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഡോങ്‌പെങിന്റെ ഒരു പരസ്യത്തിൽ ചൈനീസ് ഭാഷയിൽ മുദ്രാവാക്യം പറയുന്ന എംബാപ്പെയെ കാണാം. മെങ്ന്യുവിന്റെ പരസ്യത്തിൽ അർജന്റീനിയൻ താരം ലയണൽ മെസിക്കൊപ്പവും അദ്ദേഹം പ്രത്യക്ഷപ്പെട്ടിരുന്നു. വിവാദത്തിനു പിന്നാലെ ചൈനീസ് സമൂഹമാദ്ധ്യമങ്ങളിൽ എംബാപ്പെയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. 'ഫുട്ബാൾ ആരാധകർ എംബാപ്പെയെ ബഹിഷ്‌കരിക്കുന്നു' എന്ന ഹാഷ്ടാഗും പ്രചരിച്ചു. നിരവധി പേർ അദ്ദേഹം ചൈന സന്ദർശിക്കരുതെന്നും അഭിപ്രായപ്പെട്ടു.
Three Chinese companies—Dongpeng, Mengniu, and Milkground—terminated contracts with French footballer Kylian Mbappé. This followed his alleged controversial remark calling Chinese founder Mao Zedong a "dictator," which offended national sentiments. The incident, circulating in a video, sparked significant criticism and boycott calls on Chinese social media.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |