SignIn
Kerala Kaumudi Online
Tuesday, 27 October 2026 3.28 AM IST

റൺ ബേബീസ്, റൺ...

sports-meet

സംസ്ഥാന സ്‌കൂൾ കായികമേളയിലെ അത്‌ലറ്റിക്സ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം

കോഴിക്കോട്: കോഴിക്കോട് എൻ.ഐ.ടി മൈതാനത്തെ പുത്തൻ ട്രാക്കിലും ഫീൽഡിലും മിന്നൽപ്പിണരാകാൻ കൗമാരപ്പട റെഡി. സംസ്ഥാന സ്കൂൾ കായിക മേളയിലെ ഗ്ലാമർ ഇനമായ അത്‌ലറ്റിക്സ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. രാവിലെ 7.30ന് തുടങ്ങുന്ന സീനിയർ ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെ ട്രാക്കുണരും. ഇനിയുള്ള അഞ്ച് ദിവസം പുതിയ വേഗവും ഉയരവും തേടിയുള്ള കുട്ടിപ്പട്ടാളത്തിന്റെ കിടിലൻ പോരാട്ടങ്ങൾക്ക് സാമൂതിരിയുടെ മണ്ണ് വേദിയാകും.

ഹാട്രിക്ക് തേടി മലപ്പുറം,

നവാമുകുന്ദ മിസ്

അത്‌ലറ്രിക്സിൽ ഹാട്രിക്ക് കിരീടം തേടിയാണ് ഇത്തവണ മലപ്പുറം ടീം കോഴിക്കോട്ടെത്തിയിരിക്കുന്നത്. അതേസമയം കഴിഞ്ഞ രണ്ട് വർഷവും ഐഡിയൽ ഇ.എച്ച്.എസ്.എസ് കടകശേരിക്കൊപ്പം മലപ്പുറത്തിന്റെ കുതിപ്പിന് കരുത്തേകിയ നവാമുകുന്ദ എച്ച്.എസ്.എസ് തിരുനാവായയുടെ അസാന്നിധ്യം അവർക്ക് ആശങ്കയാണ്. ആഭ്യന്തര പ്രശ്നങ്ങളാണ് നവാമുകുന്ദയെ ട്രാക്കിൽ നിന്ന് അകറ്റിയത്. 22 സ്വർണവും 29 വെള്ളിയും 24 വെങ്കലവുമുൾപ്പെടെ ആകെ 247 പോയിന്റ് നേടിയായിരുന്നു കഴിഞ്ഞ തവണ തിരുവനന്തപുരത്ത് മലപ്പുറത്തിന്റെ പട്ടാഭിഷേകം. സ്വർണ നേട്ടത്തിൽ മലപ്പുറത്തേക്കാൾ മുന്നിലായിരുന്നെങ്കിലും ആകെ പോയിന്റിൽ (212) പിന്നിലായിപ്പോയ പാലക്കാട് റണ്ണറപ്പുമായി. ഇത്തവണത്തെ ആതിഥേയരായ കോഴിക്കോടായിരുന്നു (91 പോയിന്റ്) മൂന്നാം സ്ഥാനത്ത്.

ഫൈവ്‌ സ്റ്റാറാകാൻ

ഐഡിയൽ

അത്‌ലറ്രിക്സിൽ തുടർച്ചയായ അഞ്ചാം കിരീടമാണ് കടകശേരി ഐഡിയൽ സ്‌കൂൾ ലക്ഷ്യം വയ്ക്കുന്നത്. കഴിഞ്ഞ തവണ 8 സ്വർണവും 10 വെള്ളിയും 8 വെങ്കലവുമുൾപ്പെടെ 78 പോയിന്റ് നേടിയാണ് ഐ‌ഡിയൽ ഓവറോൾ ചാമ്പ്യന്മാരായത്. 21 പെൺകുട്ടികളും 24 ആൺകുട്ടികളുമടക്കം 45 താരങ്ങളെയാണ് ഇത്തവണ ഐഡിയൽ കളത്തിലിറക്കുന്നത്.

വീണ്ടും വണ്ടറാകാൻ വടവന്നൂർ

കഴിഞ്ഞ തവണ അപ്രതീക്ഷിത കുതിപ്പ് നടത്തി ബെസ്റ്റ് സ്കൂൾസ് പോരാട്ടത്തിൽ റണ്ണറപ്പായ പാലക്കാട്ടെ വി.എം.എച്ച്.എസ്.എസ് വടവന്നൂർ ഇത്തവണയും ശുഭപ്രതീക്ഷയിലാണ്. 9 പെൺകുട്ടികളും 5 ആൺകുട്ടികളുമടക്കം 14 പേരാണ് പാലക്കാടിന്റെ വടവന്നൂർ എഞ്ചിൻ.

തിരിച്ചുവരാൻ മാർബേസിൽ

തിരിച്ചുവരവിനൊരുങ്ങുന്ന മാർബേസിൽ സ്കൂൾ പരിശീലക ഷിബി മാത്യുവിന്റെ നേതൃത്വത്തിൽ 45 പേരടങ്ങുന്ന സംഘവുമായാണ് എത്തിയിരിക്കുന്നത്. 25 ആൺകുട്ടികളും 20 പെൺകുട്ടികളും. കഴിഞ്ഞ തവണ എട്ടാം സ്ഥാത്തായിപ്പോയതിന്റെ ക്ഷീണം മാറ്രി ആദ്യ സ്ഥാനങ്ങളിലെത്തുമെന്നാണ് ശിഷ്യർ ടീച്ചർക്ക് നൽകിയിരിക്കുന്ന ഉറപ്പ്.

അന്യസംസ്ഥാന കരുത്തിൽ

കോരുത്തോട് വരുന്നു

ഒരുകാലത്ത് സംസ്ഥാന സ്കൂൾ കായിക മേളയിലെ ചാമ്പ്യൻ സ്കൂളായിരുന്ന സി.കെ.എം.എച്ച്.എസ്.എസ് കോരുത്തോട് പ്രതാപകാലം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്. ഉത്തർ പ്രദേശ്,​ ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്നുള്ള എട്ടോളം താരങ്ങളാണ് പ്രധാന കരുത്ത്. ഏറെ നാളുകൾക്ക് ശേഷം കോട്ടയം റവന്യൂ ജില്ലാ സ്കൂൾ കായിക മേളയിൽ ചാമ്പ്യൻ പട്ടം സ്വന്തമാക്കിയ കോരുത്തോട് ഇത്തവണ 18 ആൺ കുട്ടികളും 7പെൺകുട്ടുകളുമടക്കം 25പേരുമായാണ് കോഴിക്കോട് വണ്ടിയിറങ്ങിയത്.

16- ആകെ 16 റെക്കാഡുകളാണ് കഴിഞ്ഞ തവണ അത്‌ലറ്റിക്‌സിൽ പിറന്നത്.

90 പോയിന്റാണ് ഐഡിയലിന്റെ ലക്ഷ്യം. ആലത്തിയൂർ തവനൂർ പോലുള്ള സ്കൂളുകളിലും ഉറച്ച പ്രതീക്ഷയുണ്ട്,​ അതിനാൽ ഇത്തവണ നവാമുകുന്ദ സ്കൂൾ ഇല്ലെങ്കിലും മലപ്പുറത്തിന് ഓവറോൾ കിരീടം നിലനിറുത്താനാകുമെന്നാണ് പ്രതീക്ഷ.

ഷാഫി,​

കായിക വിഭാഗം മേധാവി

ഐഡിയൽ സ്കൂൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL MEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360