
ലക്‌നൗ: ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 16.4 ഓവറില്‍ ലക്‌നൗ മറികടക്കുകയായിരുന്നു. വെറും 38 പന്തുകളില്‍ നിന്ന് 90 റണ്‍സ് അടിച്ചെടുത്ത ഓസീസ് നായകന്‍ മിച്ചല്‍ മാര്‍ഷിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ലക്‌നൗവിന് അനായാസ ജയമൊരുക്കിയത്. തോല്‍വിയോടെ ആറാം സ്ഥാനത്തേക്ക് വീണ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങള്‍ക്ക് കനത്ത തിരിച്ചടിയേറ്റിരിക്കുകയാണ്.
വിജയലക്ഷ്യം പിന്തുടര്‍ന്ന ലക്‌നൗ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. മാര്‍ഷ് - ഇംഗ്ലിസ് 36(32) സഖ്യം ഒന്നാം വിക്കറ്റില്‍ 70 പന്തുകളില്‍ നിന്ന് 135 റണ്‍സാണ് അടിച്ചെടുത്തത്. മുകേഷ് ചൗധരിയുടെ ഓവറില്‍ ഇംഗ്ലിസ് പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. തൊട്ടടുത്ത പന്തില്‍ ദൗര്‍ഭാഗ്യം റണ്ണൗട്ടിന്റെ രൂപത്തിലെത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷിന് നഷ്ടപ്പെട്ടത് അര്‍ഹിച്ച സെഞ്ച്വറി. ഏഴ് സിക്‌സറുകളും ഒമ്പത് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു മാര്‍ഷിന്റെ ഇന്നിംഗ്‌സ്. എന്നാല്‍ പിന്നീട് വന്ന നിക്കോളാസ് പൂരന്‍ 17 പന്തില്‍ 32 റണ്‍സ് നേടി പുറത്താകാതെ നിന്നതോടെ ജയം എളുപ്പത്തിലായി.
അബ്ദുള്‍ സമദ് 7(3) റണ്‍സ് നേടി പുറത്തായപ്പോള്‍ മുകുള്‍ ചൗധരി 13*(10) പുറത്താകാതെ നിന്നു. ചെന്നെക്കായി മുകേഷ് ചൗധരി, സ്‌പെന്‍സര്‍ ജോണ്‍സന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ചെന്നൈക്ക് അവസാന നാലിലെത്താന്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിക്കുകയും വേണം.ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സ് നേടി. അര്‍ദ്ധ സെഞ്ച്വറി നേടിയ യുവതാരം കാര്‍ത്തിക് ശര്‍മ്മയുടെ മിന്നും ബാറ്റിംഗ് പ്രകടനമാണ് ചെന്നൈക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
ബാറ്റിംഗ് ആരംഭിച്ച ചെന്നൈയുടെ തുടക്കം മികച്ചതായിരുന്നില്ല. വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ 20(20), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് 13(9), ഉര്‍വില്‍ പട്ടേല്‍ 6(7) എന്നിവര്‍ പെട്ടെന്ന് മടങ്ങി. ഇടങ്കയ്യന്‍ പേസര്‍ ആകാശ് സിംഗ് ആണ് മൂന്ന് പേരെയും പുറത്താക്കിയത്. നാലാം വിക്കറ്റില്‍ കാര്‍ത്തിക് ശര്‍മ്മ 71(42) ഡിവാള്‍ഡ് ബ്രെവിസ് 25(16) സഖ്യം 44 പന്തുകളില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ചെന്നൈ നൂറ് കടന്നത്. അഞ്ച് സിക്സറുകളും ആറ് ബൗണ്ടറികളും ഉള്‍പ്പെടുന്നതായിരുന്നു കാര്‍ത്തിക് ശര്‍മ്മയുടെ ഇന്നിംഗ്സ്.
ശിവം ദൂബെ 16 പന്തുകളില്‍ 32 റണ്‍സും പ്രശാന്്ത് വീര്‍ 10 പന്തുകളില്‍ നിന്ന് 13 റണ്‍സും നേടി പുറത്താകാതെ നിന്നു. നാലോവറില്‍ 26 റണ്‍സ് വഴങ്ങിയാണ് ആകാശ് സിംഗ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയത്. മുഹമ്മദ് ഷമി, ഷാബാസ് അഹമ്മദ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |