
ദുബായ്: 13 വര്‍ഷത്തെ ഐസിസി കിരീട വരള്‍ച്ച അവസാനിപ്പിച്ച് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഉയര്‍ത്തിയത്. മാസങ്ങളുടെ മാത്രം വ്യത്യാസത്തില്‍ മറ്റൊരു ഐസിസി കിരീടം കൂടി ഇന്ത്യയുടെ ഷെല്‍ഫിലെത്തിച്ചിരിക്കുകയാണ് രോഹിത് ശര്‍മ്മ. ഏകദിന ഫോര്‍മാറ്റില്‍ കൃത്യമായി പറഞ്ഞാല്‍ 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയുടെ കിരീട നേട്ടം. 2023ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ കിരീടത്തിന്റെ വക്കോളം എത്തിയ ഇന്ത്യ ഫൈനലില്‍ ഓസ്‌ട്രേലിയക്ക് മുന്നില്‍ വീഴുകയായിരുന്നു.
ഐസിസി ടൂര്‍ണമെന്റുകളില്‍ നോക്കൗട്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങുന്നത് പതിവാക്കിയതോടെയാണ് വിരാട് കൊഹ്ലിയില്‍ നിന്ന് നായകസ്ഥാനം രോഹിത് ശര്‍മ്മയെ ഏല്‍പ്പിച്ചത്. 2022ല്‍ ഓസ്‌ട്രേലിയിയില്‍ നടന്ന ട്വന്റി 20 ലോകകപ്പ് ആയിരുന്നു രോഹിത് ശര്‍മ്മയ്ക്ക് നായകനെന്ന നിലയിലെ ആദ്യ പരീക്ഷണം. സെമിയില്‍ ഇംഗ്ലണ്ടിന് മുന്നില്‍ വീണതോടെ നോക്കൗട്ട് ശാപം രോഹിത്തിന് കീഴിലും ഇന്ത്യയെ പിന്തുടര്‍ന്നു.
തൊട്ടടുത്ത വര്‍ഷം 2023ല്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പായിരുന്നു രോഹിത്തിന് കിട്ടിയ രണ്ടാമത്തെ അവസരം. തുടര്‍ച്ചയായി പത്ത് ജയങ്ങളുമായി ഇന്ത്യ കലാശപ്പോരിലെത്തി. ഒരു ടീമിനും തോല്‍പ്പിക്കാന്‍ കഴിയാത്ത സംഘം എന്ന് വിശേഷിപ്പിക്കപ്പെട്ട നീലപ്പടയ്ക്ക് പക്ഷേ ഫൈനലില്‍ കാലിടറി. അതോടെ രോഹിത്തിന്റെ നായകത്വവും കിരീട വരള്‍ച്ചയ്ക്ക് അന്ത്യം കുറിക്കുന്നില്ലെന്ന നിരാശയായിരുന്നു ക്രിക്കറ്റ് ആരാധകര്‍ക്ക്.
എന്നാല്‍ 2024ല്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി നടന്ന ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച് കിരീടം ഉയര്‍ത്തിയതോടെ കിരീട വരള്‍ച്ച അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിന് യോഗ്യത നേടാനാകാതെ വന്നതോടെ രോഹിത് ശര്‍മ്മയുടെ വിരമിക്കല്‍ ആവശ്യം ശക്തമായി ഉയരാന്‍ തുടങ്ങി. എന്നാല്‍ തന്റെ പതിവ് ശൈലിയില്‍ കിരീട നേട്ടത്തോടെയാണ് അയാള്‍ തന്നെ സംശയിച്ചവരുടേയും വിമര്‍ശിച്ചവരുടേയും നാവടപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |