
ന്യൂഡൽഹി: മീശ മുളയ്ക്കാത്ത പ്രായത്തിൽ ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിക്ക് ബിസിസിഐയുടെ പ്രത്യേക പരിഗണന. സൂര്യവംശിയുടെ മാതാപിതാക്കൾക്ക് ഇന്ത്യൻ ടീമിനൊപ്പം ശ്രീലങ്കയിലേക്കും ഇംഗ്ലണ്ടിലേക്കും യാത്ര ചെയ്യാനുള്ള അനുമതിയാണ് ക്രിക്കറ്റ് ബോർഡ് നൽകിയത്. ആദ്യമായി മുതിർന്ന താരങ്ങളുടെ ടീമിലേക്ക് എത്തുന്ന വൈഭവിനുവേണ്ടി ബിസിസിഐ പ്രത്യേക ഇളവുകൾ നൽകാൻ തീരുമാനിക്കുകയായിരുന്നു.
പ്രായം കുറഞ്ഞ ഒരാളെ സീനിയർ ടീമിലേക്ക് ഉൾപ്പെടുത്തുന്നതിന്റെ വെല്ലുവിളികൾ തീരുമാനമെടുക്കുന്നവർ പൂർണമായി മനസ്സിലാക്കിയിരുന്നു. അതിനാൽ പുതിയ സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്നതിൽ വൈഭവിന് ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനുവേണ്ടിയാണ് മാതാപിതാക്കളെ കൂടെ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാൻ അനുവദിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ഹിന്ദുസ്ഥാൻ ടൈംസ് ഡിജിറ്റലിനോട് വ്യക്തമാക്കി.
പതിനാറാം വയസിൽ ഇന്ത്യൻ ടീമിലെത്തിയ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡ് തകർത്തുകൊണ്ടാണ് സൂര്യവംശി ട്വന്റി20 ടീമിൽ ഇടം നേടിയത്. ഇന്ത്യക്കുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമാകാനൊരുങ്ങുകയാണ് ഈ പതിനഞ്ചുകാരൻ. 'സാധാരണയായി ടീമിനൊപ്പം മാതാപിതാക്കളെ യാത്രാ ചെയ്യാൻ അനുവദിക്കാറില്ല. എന്നാൽ വൈഭവിന്റെ പ്രായം കണക്കിലെടുത്താണ് പ്രത്യേക അനുമതി നൽകിയത്. തകർപ്പൻ പ്രകടനം കാഴ്ചവയ്ക്കുന്ന വൈഭവിനെ ടീമിൽ ഉൾപ്പെടുത്താതിരിക്കാനും കഴിയാത്ത സാഹചര്യമായതനിലാണ് ബിസിസിഐ പുതിയ മാറ്റത്തിന് അനുമതി നൽകിയത്.'-ദേവജിത് സൈകിയ വ്യക്തമാക്കി.
അണ്ടർ-19 മത്സരങ്ങളിലേയും ഈ കഴിഞ്ഞ ഐപിഎൽ സീസണിലേയും ഉജ്ജ്വല പ്രകടനങ്ങളാണ് ചെറിയ പ്രായത്തിൽ തന്നെ വൈഭവിനെ ഇന്ത്യൻ ടീമിലെത്തിച്ചത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി 16 മത്സരങ്ങളിൽ നിന്ന് 776 റൺസാണ് വൈഭവ് നേടിയത്. ലോകോത്തര ബൗളർമാരുടെ പന്തുകൾ പോലും ആക്രമിച്ച് കളിക്കുന്ന വൈഭവിന്റെ രീതി എല്ലാവരെയും ഒരുപോലെ അതിശയിപ്പിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |