ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് രണ്ടാംമെഡൽ നേട്ടം. പുരുഷൻമാരുടെ 60 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഋഷികാന്ത് സീംഗ് ചനാംബം വെള്ളി മെഡൽ നേടി. ഈ വിഭാഗത്തിൽ മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അനിഖിനാണ് സ്വർണം. കെനിയയുടെ ജോഷ്വാ അമുൻഗ എംബോയക്കാണ് വെങ്കലം. നേരത്തെ പാരാ പവർ ലിഫ്ടിംഗിൽ ഝണ്ഡു കുമാർ ഇന്ത്യക്ക് വേണ്ടി വെങ്കലമെഡൽ നേടിയിരുന്നു.
സ്നാച്ചിൽ 121 കിലോഗ്രാം ഉയർത്തി കോമൺവെൽത്ത് ഗെയിംസ് റെക്കോഡിനൊപ്പം എത്തിയെങ്കിലും ക്ലീൻ ആൻഡ് ജർക്കിൽ 143 കിലോഗ്രാം മാത്രമാണ് ഋഷികാന്തിന് ഉയർത്താനായത്. ഇതോടെ 264 കിലോഗ്രാം എന്ന സ്കോറോടെയാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. മലേഷ്യയുടെ ബിൻ കസ്ദാൻ മുഹമ്മദ് അനിഖ് 273 കിലോഗ്രാം ഉയർത്തി പുതിയ കോമൺവെൽത്ത് ഗെയിംസ് റെക്കോഡോടെയാണ് സ്വർണം നേടിയത്. കെനിയയുടെ ജോഷ്വ അമുൻഗ എംബോയ 115കിലോഗ്രാം സ്നാച്ചിലും 145 കിലോ ഗ്രാം ക്ലീൻ ആൻഡ് ജർക്കിലും ഉൾപ്പെടെ ആകെ 260 കിലോഗ്രാം ഉയർത്തി വെങ്കലമെഡൽ നേടി.
സ്നാച്ച് വിഭാഗത്തിൽ ഋഷികാന്ത് 116 കിലോഗ്രാം , 119 കിലോഗ്രാം, 121 കിലോഗ്രാം എന്നിങ്ങനെ മൂന്ന് ശ്രമങ്ങളും വിജയകരമായി പൂർത്തിയാക്കി. അവസാനശ്രമത്തിൽ ഉയർത്തിയ 121 കിലോഗ്രാം കോമൺവെൽത്ത് ഗെയിംസ് റെക്കോഡിന് ഒപ്പമെത്തുകയായിരുന്നു. ക്ലീൻ ആൻഡ് ജർക്കിൽ ആദ്യശ്രമത്തിൽ തന്നെ 143 കിലോഗ്രാം ഉയർത്തുന്നതിൽ വിജയിച്ചു. എന്നാൽ തുടർന്ന് 148 കിലോഗ്രാമും 151 കിലോഗ്രാമും ഉയർത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു. ഇതോടെ സ്വർണമെഡൽ പ്രതീക്ഷ അവസാനിക്കുകയായിരുന്നു. 2025ൽ അഹമ്മദാബാദിൽ നടന്ന കോമൺവെൽത്ത് വെയ്റ്റ്ലിഫ്ടിംഗ് ചാമ്പ്യൻഷപ്പിൽ 60 കിലോഗ്രാം വിഭാഗത്തിൽ ഋഷികാന്ത സ്വർണം നേടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |