
വനിതാ ട്വന്റി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് 16 റൺസിന് സ്കോട്ട്ലാൻഡിനെ തോൽപ്പിച്ചു
ഷാർജ : ഒൻപതാമത് വനിതാ ട്വന്റി-20 ലോകകപ്പിലെ ആദ്യ ജയം ബംഗ്ലാദേശിന്. ഇന്നലെ ആദ്യ ലോകകപ്പ് മത്സരത്തിനിറങ്ങിയ സ്കോട്ട്ലാൻഡിനെ 16 റൺസിനാണ് ബംഗ്ളാദേശ് കീഴടക്കിയത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ ബംഗ്ളാദേശ് നിശ്ചിത 20 ഓവറിൽ 119/7 എന്ന സ്കോർ ഉയർത്തിയ ശേഷം സ്കോട്ട്ലാൻഡിനെ 103/7ൽ ഒതുക്കുകയായിരുന്നു.
ശോഭന മൊസ്താറി(36), ഷതി റാണി (29), ക്യാപ്ടൻ നിഗർ സുൽത്താന (18) എന്നിവരുടെ ബാറ്റിംഗാണ് ബംഗ്ളാദേശിനെ 119ൽ എത്തിച്ചത്. സ്കോട്ട്ലാൻഡിനായി സാസിക ഹോലെ മൂന്ന് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലാൻഡിനായി ഓപ്പണർ സാറാ ബ്രേയ്സ് 49 റൺസുമായി അവസാനഓവർ വരെ പുറത്താകാതെ പൊരുതിനിന്നെങ്കിലും പിന്തുണയ്കക്കാൻ ആരുമുണ്ടായില്ല. കാതറിൻ ബ്രേയ്സ് (11), ഐൽസ ലിസ്റ്റർ (11) എന്നിവർ മാത്രമാണ് സാറായെക്കൂടാതെ രണ്ടക്കം കണ്ടത്. നാലോവറിൽ 15 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ബംഗ്ളാബൗളർ റിതു മോണിയാണ് പ്ളേയർ ഒഫ് ദ മാച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |