SignIn
Kerala Kaumudi Online
Saturday, 24 October 2026 11.57 AM IST

ഗർഭി​ണി​യാകാൻ മരുന്നു കഴി​ച്ച വി​സ്മയയ്ക്ക് ഉത്തേജകക്കുരുക്ക്

d

തിരുവനന്തപുരം : ഗർഭധാരണത്തെ സഹായിക്കാനായി മരുന്നുകൾ കഴിച്ച വിവരം ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസിയെ അറിയിച്ചിട്ടും, തന്നെ ഉത്തേജക മരുന്നടിയുടെ പേരിൽ താത്കാലികമായി വിലക്കിയ നടപടിയുടെ സങ്കടത്തിലാണ് 2018ലെ ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവായ മലയാളി അത്‌ലറ്റ് വി.കെ വിസ്മയ.

കഴിഞ്ഞ ആഗസ്റ്റ് 15ന് മത്സരസമയത്തല്ലാതെ നടത്തിയ പരിശോധനയിലാണ് വിസ്മയയുടെ സാമ്പിളിൽ ക്ലോമിഫൈൻ എന്ന മരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ആദ്യത്തെ ഗർഭം അലസിപ്പോയതിനാൽ വീണ്ടും ഗർഭധാരണത്തിന് വേണ്ടി താൻ ചികിത്സയിലായിരുന്ന കാര്യം വിസ്മയ നാഡയെ അറിയിക്കുകയും കഴിച്ച മരുന്നുകളുടെ പട്ടികയും ഡോക്ടറുടെ കുറിപ്പടിയും കൈമാറുകയും ചെയ്തിരുന്നു. എന്നാൽ അത് പരിഗണിക്കാതെ പരിശോധനയിൽ പരാജയപ്പെട്ടതായി മെയിൽ അയയ്ക്കുകയാണ് നാഡ ചെയ്‌തത്. രണ്ട് വർഷത്തേക്കുവരെ വിലക്ക് വരാവുന്ന കുറ്റമാണെന്നാണ് നാഡ അറിയിച്ചി​രി​ക്കുന്നത്. ജൂൺ ഒന്നിന് തായ്‌പേയ്‌യിൽ നടന്ന മീറ്റിലാണ് വിസ്മയ അവസാനമായി ട്രാക്കിലിറങ്ങിയത്. അതിന് ശേഷമാണ് ചികിത്സ തേടിയത്. ആർത്തവചക്രം ക്രമപ്പെടുത്താനുള്ള മരുന്നുകളാണ് ഡോക്ടർ നൽകിയത്. ചികിത്സയ്ക്ക് ഫലമുണ്ടായി ഇപ്പോൾ മൂന്ന് മാസം ഗർഭിണിയാണ്. ഗർഭകാല ശാരീരിക ബുദ്ധിമുട്ടുകൾ അലട്ടുന്നതിനാൽ വിശ്രമത്തിലുമാണ്. ഭർത്താവ് ആനന്ദ് ആർമിയിലാണ്.

ഗർഭം അടിയന്തി​ര ആവശ്യമല്ല !

കായി​ക രംഗത്തുള്ളവർക്ക് അടി​യന്തി​ര സാഹചര്യങ്ങളി​ൽ ഉത്തേജക അംശങ്ങൾ അടങ്ങി​യ മരുന്നുകൾ കഴി​ക്കുന്നതി​ൽ ആന്റി​ ഡോപ്പിംഗ് ഏജൻസി​ ഇളവുകൾ നൽകി​യി​ട്ടുണ്ട്. ഇക്കാര്യമറി​യി​ച്ച് ഡോക്ടറുടെ കുറി​പ്പടി​ നൽകി​യാൽ വി​ലക്കി​ൽ നി​ന്ന് ഒഴി​വാക്കും. എന്നാൽ അടി​യന്തര ആവശ്യങ്ങൾക്ക് ഒഴി​വാക്കി​യി​ട്ടുള്ള മരുന്നുകളുടെ പട്ടി​കയി​ൽ വി​സ്മയ കഴി​ച്ച മരുന്നുകളി​ല്ല. ഗർഭധാരണം അടി​യന്തി​ര ആവശ്യമല്ല എന്നാണ് ഡോപ്പിംഗ് ഏജൻസി​ പറയുന്നത്.

വി​വാഹം കഴി​ഞ്ഞി​ട്ടു രണ്ട് വർഷമായി​. ഒരു കുഞ്ഞുവേണമെന്ന മോഹംകൊണ്ടാണ് ചി​കി​ത്സ തേടി​യത്. ഇക്കാര്യങ്ങളെല്ലാം പരി​ശോധന വേളയി​ൽ നാഡയെ അറി​യി​ച്ചി​രുന്നതുമാണ്. അഞ്ചുവർഷത്തോളമായി​ സ്ഥി​രം നാഡയുടെ പരി​ശോധനയ്ക്ക് വി​ധേയയാകുന്നുണ്ട്. ഇതി​നുമുമ്പൊരി​ക്കലും പരാജയപ്പെട്ടി​ട്ടി​ല്ല. കുഞ്ഞുണ്ടായി​ക്കഴി​ഞ്ഞ് കായി​ക രംഗത്ത് തി​രി​ച്ചെത്തണമെന്നാണ് മോഹം. മനപ്പൂർവ്വം ഉത്തേജകം ഉപയോഗി​ച്ചി​ട്ടി​ല്ല, ഉപയോഗി​ക്കുകയുമി​ല്ല.

- വി.കെ വിസ്മയ

തന്റെ ചികിത്സാവിവരങ്ങൾ വിസ്മയ നാഡയെ അറിയിച്ചിട്ടും നടപടിയിലേക്കുള്ള നീങ്ങുന്നത് മനുഷ്യാവകാശ

ലംഘനത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ്. അത്‌ലറ്റാണെന്ന് കരുതി ഗർഭിണിയാകരുതെന്ന് പറയാനാകുമോ ?. ഏറ്റവും സന്തോഷവതിയായിരിക്കേണ്ട സമയത്ത് ഒരു പെൺകുട്ടിയെ മനോവിഷമത്തിലാക്കരുത്.

- എം.എസ്. വർഗീസ് ( സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ, മുൻ എക്സിക്യൂട്ടീവ് ഡയറക്ടർ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, VK VISMAYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360