SignIn
Kerala Kaumudi Online
Saturday, 24 October 2026 3.47 PM IST

തിരുമ്പി വന്തിട്ടേൻ....

blasters

വിജയവഴിയിലേക്ക് വീണ്ടും കേരള ബ്ളാസ്റ്റേഴ്സ്

മുഹമ്മദൻസിനെ തോൽപ്പിച്ചത് 3-0ത്തിന്

കൊച്ചി: തുടർതോൽവികളുടെ നിരാശയിൽ പ്ളക്കാർഡ് ഉയർത്തി പ്രതിഷേധിച്ച ആരാധകർ ഒടുവിൽ ചെണ്ടയും ഡ്രംസും കൈയ്യിലേന്തി. കൊട്ടുംപാട്ടുമായി ഗ്യാലറിയിൽ അവർ നിറഞ്ഞാടി. തുടർതോൽവിയിൽ നിരാശരായ ആരാധകരെ ഉശിരൻ തിരിച്ചുവരവോടെ ബ്ലാസ്‌റ്റേഴ്‌സ് ഞെട്ടിച്ചു. മുഹമ്മദൻസ് എസ്.സിക്ക് എതിരെ സ്വന്തംതട്ടകത്തിൽ മൂന്ന് ഗോളിന്റെ ഗംഭീരവിജയം. ബ്ലാസ്‌റ്റേഴ്‌സിനായി നോഹ് സദൗയ് (80), അലക്‌സാഡ്രേ കൊയഫ് (90) എന്നിവർ ലക്ഷ്യം കണ്ടു. ഒരെണ്ണം മുഹമ്മദൻസിന്റെ വക ഓൺഗോൾ. ഇടക്കാല പരിശീലകൻ പി.ജി. പുരുഷോത്തമന്റെ തന്ത്രങ്ങളും വിജയത്തിന് മാറ്റുകൂട്ടി.

കലിപ്പിൽ നിൽക്കുന്ന മഞ്ഞപ്പടയെ കൂളാക്കണം. അതിന് തകർപ്പനൊരു വിജയം വേണം. അതുതേടിയിറങ്ങിയ ബ്ലാസ്റ്റേഴ്‌സ് പക്ഷേ ആദ്യപകുതി നിരാശപ്പെടുത്തി. നാലാം മിനിട്ടിൽ പന്തുമായി നോഹ് സദൗയ് കുതിപ്പ് പ്രതീക്ഷനൽകിയെങ്കിലും ലക്ഷ്യത്തിലേക്ക് എത്തിക്കാനായില്ല. തൊട്ടുപിന്നാലെയുള്ള മുന്നേറ്റവും ഗോൾ കിക്കിൽ ഒതുങ്ങി. പിന്നാലെ ലഭിച്ച കോർണർ മുതലെടുക്കാൻ മുഹമ്മദൻസിനുമായില്ല. ബ്ലാസ്റ്റേഴ്‌സ് ഒന്നിന് പിന്നാലെ ഒന്നായി എതിർബോക്‌സിലേക്ക് പാഞ്ഞെങ്കിലും മുഹമ്മദൻസിന്റെ പ്രതിരോധം പൊളിക്കാനായില്ല. തിരിച്ചടികൾക്ക് സന്ദർശകരും മൂർച്ചകൂട്ടി. പക്ഷേ ലക്ഷ്യം മാത്രം അകന്നുനിന്നു.

രണ്ടാം പകുതിരുടീമുകളും ആക്രമണം പുറത്തെടുത്തെങ്കിലും ഗോൾ മാത്രം ഒഴിഞ്ഞുനിന്നു. ഡ്രിൻസിച്ചിന്റെ രണ്ട് ഗോൾ ശ്രമങ്ങൾ ലക്ഷ്യംതെറ്റിപ്പറന്നു. 60ാം മിനിട്ടിൽ ബോക്‌സിനോട് ചേർന്നുലഭിച്ച കൊൽക്കത്തക്കാരുടെ ഫ്രീകിക്ക് സച്ചിൻ സുരേഷ് കൈയിൽ ഭദ്രമാക്കി. 62ാം മിനിട്ടിൽ മഞ്ഞപ്പട കാത്തിരുന്ന നിമിഷമെത്തി. ലൂണയുടെ തകർപ്പൻ കിക്ക് തട്ടിയകറ്റാനുള്ള ഗോളി ഭാസ്‌കർ റോയിയുടെ ശ്രമം. പക്ഷേ ലക്ഷ്യംതെറ്റിയുള്ള തട്ടേറ്റ് പന്ത് പോസ്റ്റിലേക്ക്. ഓൺ ഗോളിലും ഗ്യാലറി ഇളകിമറിഞ്ഞു. 74ാം മിനിട്ടിൽ നോഹയുടെ കിക്ക് ഭാസ്‌കർ തട്ടിയകറ്റി. വീണ്ടും ബ്ലാസ്‌റ്റേഴ്‌സ് കൊൽക്കത്തക്കാരുടെ ഗോൾമുഖത്ത് ഇരച്ചെത്തി. ലൂണയുടെ മിന്നലാക്രമണം ഭാസ്‌കർ ഒറ്റകൈകൊണ്ട് ചെറുത്തു.

പക്ഷേ പന്തെത്തിയത് പെപ്രയുടെ കാലിൽ. ലക്ഷ്യത്തിലേക്ക് പെപ്ര പന്തടിച്ചുകയറ്റിയെങ്കിലും ഓഫ് സൈഡ് വിസിൽ മുഴങ്ങി. 80ാം മിനിട്ടിൽ നോഹ് തീയായി. അനുകൂലമായി ലഭിച്ച ഫ്രീകിക്കെടുത്ത കോറു സിംഗിന് തെറ്റിയില്ല. ബോക്‌സിൽ നിലയറുപ്പിച്ച നോഹ് ഉയർന്നെത്തിയ പന്ത് അനായാസം ഹെഡ്‌ചെയ്ത് വലയിലെത്തിച്ചു. ആവേശം ആഘോഷമായി. ബ്ലാസ്‌റ്റേഴ്‌സ് വിളികൾ മുഴങ്ങി. 10 മിനിറ്റ് തികയും മുമ്പേ വീണ്ടും ഗോൾ. നായകൻ അഡ്രിയാൻ ലൂണ നൽകിയ പന്ത് അലക്‌സാണ്ട്രേ കൊയെഫ് ലക്ഷ്യത്തിലേക്ക് തൊടുത്തു. അതാ വന്നു കേരള ബ്ലാസ്റ്റേഴ്‌സിെന്റ മൂന്നാം ഗോൾ.തിരിച്ചടിക്ക് മൂർച്ചകൂട്ടിയെങ്കിലും മുഹമ്മദൻസ് മുന്നേറ്റങ്ങളെല്ലാം ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിൽ തട്ടിത്തെറിച്ചു.

അവസാന കളിയിൽനിന്ന് മൂന്ന് മാറ്റങ്ങളുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, SPORTS, BLASTERS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360