
ഐലീഗിൽ ഗോകുലം 5-0ത്തിന് ഡൽഹിയെ തകർത്തു
പഞ്ചാബ്: ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി എഫ്.സിയെ മറുപടിയില്ലാത്ത അഞ്ച് ഗോളുകൾക്ക് കീഴടക്കി ഗോകുലം കേരളാ എഫ്.സി വിജയവഴിയിൽ തിരിച്ചെത്തി.ഡൽഹിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ഗോകുലത്തിന്റെ സമ്പൂർണ ആധിപത്യമായിരുന്നു.ഗോകുലത്തിനായി അഡാമ ഇരട്ടഗോളുകളുമായി തിളങ്ങി. രാഹുൽ,സിനിസ, അബലെഡോ എന്നിവർ ഓരോ ഗോൾ വീതം നേടി. രണ്ടാം പകുതിയിലാണ് ഗോകുലം നാല് ഗോളുകളും നേടിയത്.
സെർജിയോയുടെ നേതൃത്വത്തിൽ സൂസൈരാജ്, അഡാമ, സിനിസ എന്നിവരെ മുന്നേറ്റത്തിൽ വിന്യസിച്ചാണ് ഗോകുലം കളത്തിലിറങ്ങിയത്. ഇരുടീമുകളും ശ്രദ്ധയോടെയാണ് തുടങ്ങിയത്.
ആദ്യ 30 മിനുട്ടിനുള്ളിൽ ഗോകുലത്തിന് ഗോളിലേക്കുള്ള അവസരങ്ങൾ തുറന്നു കിട്ടിയെങ്കിലും ലക്ഷ്യം കാണാനായില്ല.
41ാം മിനുട്ടിൽ അഡാമയിലൂടെ ഗോകുലം മുന്നിലെത്തി. ഡൽഹി താരം തൊഡോമ്പ സിംഗ് അഡാമയെ ഫൾ ചെയ്തതിന് ഗോകുലത്തിന് അനുകൂലമായി റഫറി പെനാൽറ്റി വിധിച്ചു. അഡോമയെടുത്ത പെനാൽറ്റി കിക്ക് ഡൽഹി ഗോൾ കീപ്പർ തട്ടിയെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത അഡാമ പന്ത് വലയിലാക്കി.
രണ്ടാം പകുതിയിൽ 63ാം മിനുട്ടിലായിരുന്നു ഗോകുലം രണ്ടാം ഗോൾ ഡൽഹിയുടെ വലയിലെത്തിച്ചത്. മൈതാന മധ്യത്തിൽനിന്ന് ലഭിച്ച പന്തുമായി മുന്നേറിയ അഡമയുടെ തകർപ്പൻ ഫിനിഷിലൂടെ ഗോകുലം 2-0ത്തിന് മുന്നിൽ.
പകരക്കാരനായി കളത്തിലെത്തി അധികം വൈകാതെ രാഹുൽ ഗോകുലത്തിന്റെ മൂന്നാം ഗോൾ നേടി ( 81-ാം മിനിട്ട്).
ക്യാപ്ടൻ സെർജിയോ നൽകിയ പാസിൽ നിന്ന് 89ാം മിനുട്ടിലാണ് അരങ്ങേറ്റക്കാരൻ സിനിസയുടെ ഗോൾ വന്നത്. രണട്ാം പകുതിയുടെ അധികസമയത്ത് (90+5) അബലെഡോ ഗോകുലത്തിന്റെ അഞ്ചാം ഗോളും നേടി.
ഗോകുലം @4
ഏഴ് മത്സരത്തിൽനിന്ന് 10 പോയിന്റുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്താണിപ്പോൾ. ഡൽഹി ഏഴാമതാണ്.14ന് ഗോവയിൽ ഡെമ്പോക്ക് എതിരേയാണ് ഗോകുലത്തിന്റെ അടുത്ത മത്സരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |