
ദേശീയ യൂത്ത് ചാമ്പ്യൻഷിപ്പിൽ വെള്ളി, ഏഷ്യൻ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിൽ
തിരുവനന്തപുരം :മൂന്നുവർഷം മുമ്പ് യൂട്യൂബിൽ നോക്കി ഹൈജമ്പിലെ ഫോസ്ബെറി ഫ്ളോപ്പ് ചാടാൻ പഠിച്ച മലയാളിപ്പയ്യൻ ദേവക് ഭൂഷണിന് കഴിഞ്ഞ ദിവസം പാറ്റ്നയിൽ നടന്ന ദേശീയ യൂത്ത് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വെള്ളിയും ഏഷ്യൻ ചാമ്പ്യൻഷിപ്പിലേക്കുള്ള ഇന്ത്യൻ ടീമിലേക്ക് സെലക്ഷനും. സി.ബി.എസ്.ഇ സിലബസിൽ പഠിച്ചതിനാൽ സംസ്ഥാന സ്കൂൾ മീറ്റുകളിലൊന്നും പങ്കെടുക്കാൻ കഴിയാത്ത 16കാരനായ ദേവക് 2.04 മീറ്റർ ചാടിയാണ് പാറ്റ്നയിൽ വെള്ളി നേടിയത്.
കോഴിക്കോട് ചേവായൂർ ഭാരതീയ വിദ്യാഭവൻ സ്കൂളിൽ ആറാം ക്ളാസിൽ പഠിക്കുമ്പോഴാണ് ദേവക് ഹൈജമ്പിലേക്ക് തിരിയുന്നത്. ഈ സ്കൂളിലെ കായിക അദ്ധ്യാപകനായ ധർമ്മവ്രതനാണ് സ്പോർട്സിനോടുള്ള താത്പര്യം കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്.സി.ബി.എസ്.ഇ മീറ്റുകളിലായിരുന്നു ആദ്യ മെഡലുകൾ. തുടർന്ന് അത്ലറ്റിക്സ് അസോസിയേഷന്റെ മത്സരങ്ങളിലും ദേവകിനെ ധർമ്മവ്രതൻ പങ്കെടുപ്പിച്ചു. സാധാരണരീതിയിൽ ഹൈജമ്പ് ചാടിയിരുന്ന ദേവക് 2022ലാണ് യൂട്യൂബിൽ ഫോസ്ബെറി ഫ്ളോപ്പ് വീഡിയോകൾ കാണുന്നത്. ആ രീതിയിൽ ചാടാനുള്ള ശ്രമമായി പിന്നീട്. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ പരിശീലിക്കാനുള്ള സൗകര്യവുംലഭിച്ചതോടെ ഫ്ളോസ്ബെറിയിൽ മിടുക്കുകാട്ടാനായി. സംസ്ഥാന സ്പോർട്സ് കൗൺസിലിന്റേയോ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യയുടെയോ സ്കീമുകളിൽ അംഗമല്ലാത്തതിനാൽ ഇതുവരെ വിദഗ്ധനായ ഒരു പരിശീലകന്റെ പിന്തുണ ദേവകിന് ലഭിച്ചിട്ടില്ല.ഇന്ത്യൻ ടീമിലേക്ക് എത്തുന്നതോടെ മികച്ച പരിശീലകർക്ക് കീഴിൽ തന്റെ പ്രകടനം മെച്ചപ്പെടുത്താനാകുമെന്നാണ് ഈ 16കാരന്റെ പ്രതീക്ഷ. അടുത്തമാസം സൗദിയിലാണ് ഏഷ്യൻ ചാമ്പ്യൻഷിപ്പ് നടക്കുന്നത്.
കോഴിക്കോട് വെള്ളിമാടുകുന്ന് മതിലഞ്ചേരിയിൽ ബിസിനസുകാരനായവിജയ് ഭൂഷണിന്റെയും കോഴിക്കോട് പി.ആർ.ഡിയിൽ അസിസ്റ്റൻ്റ് എഡിറ്ററായ സൗമ്യ ചന്ദ്രന്റേയും ഏക മകനായ ദേവക് ഭാരതീയ വിദ്യാഭവൻ സ്കൂളിലെ പ്ളസ് വൺ വിദ്യാർത്ഥിയാണ്.
ദേവകിന്റെ ഹൈജമ്പ് നേട്ടങ്ങൾ
ഭുവനേശ്വറിൽ നടന്ന ജൂനിയർ നാഷണൽ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെള്ളിയും(2.04 മീറ്റർ)
ലക്നൗവിൽ നടന്ന നാഷണൽ സ്കൂൾ അത്ലറ്റിക്സിൽ സി.ബി.എസ്.ഇ ടീമിന് വേണ്ടി സ്വർണം(2.02 മീറ്റർ)
വാരാണസിയിൽ നടന്ന സി.ബി.എസ്.ഇ നാഷണൽ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ സ്വർണം (2.05 മീറ്റർ)
2023ലെ ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ അണ്ടർ 16 വിഭാഗത്തിൽ സ്വർണം(2.00 മീറ്റർ)
2022 ലെ ജൂനിയർ നാഷണൽ ചാമ്പ്യൻഷിപ്പിൽ വെങ്കലം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |