SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.18 AM IST

കൊച്ചി​യി​ൽ ഇന്ത്യ ഹോംഗ്കോംഗി​നോട്

india-football

ഇന്ത്യ Vs ഹോംഗ്കോംഗ് ഫുട്ബാൾ മത്സരം ഇന്ന് രാത്രി 7 മുതൽ കൊച്ചിയിൽ

കൊച്ചി: പത്തുവർഷത്തിന് ശേഷം ഇന്ത്യൻ ഫുട്ബാൾ ടീം കൊച്ചിയുടെ മണ്ണിൽ പന്തുതട്ടാനിറങ്ങുന്നു. എ.എഫ്.സി ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഹോംഗ്കോംഗുമായുള്ള അവസാന മത്സരത്തിനാണ് ഇന്ന് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം വേദിയാകുന്നത്. കിക്കോഫ് രാത്രി ഏഴിനാണ് .

ഗ്രൂപ്പ് റൗണ്ടിലെ ഇന്ത്യയുടെ ആറാം മത്സരമാണിത്. സിംഗപ്പൂരും ഹോംഗ്കോംഗും ബംഗ്ളാദേശും അടങ്ങുന്ന ഗ്രൂപ്പ് സിയിൽ ഇതുവരെ കളിച്ച അഞ്ചുമത്സരങ്ങളിൽ മൂന്നിലും തോൽവി. രണ്ട് സമനിലകൾ. ഒരു ജയമെങ്കിലും നേടി നാണക്കേട് മാറ്റാനാണ് ഇന്ത്യ ഇറങ്ങുന്നത്. കഴിഞ്ഞ ജൂണിൽ എവേമാച്ചിൽ ഇന്ത്യ ഹോംഗ്കോംഗിനോട് ഒരു ഗോളിന് തോറ്റിരുന്നു. എന്നാൽ ഹോംഗ്കോംഗിനും യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.

സഹൽ അബ്ദുൽ സമദ്, ആഷിഖ് കുരുണിയൻ, ബിജോയ് വർഗീസ് എന്നിങ്ങനെ മൂന്ന് മലയാളികളെക്കൂട്ടിയാണ് ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം കളത്തിലിറങ്ങുന്നത്. ഗുർപ്രീത് സിംഗ് സന്ധു, നിഖിൽ പൂജാരി, നവോറെം റോഷൻ സിംഗ്, ജീക്‌സൺ സിംഗ്, ലാലിയൻസുവാല ചാംഗ്തെ, റഹീം അലി, സന്ദേശ് ജിംഗാൻ, ഡാനിഷ് ഫാറൂഖ് തുടങ്ങിയവരും സ്ക്വാഡിലുണ്ട്.

കലൂർ സ്റ്റേഡിയത്തിൽ ഈ മത്സരം നടത്തുന്നതിനുള്ള സെക്യൂരിറ്റി ഡെപ്പോസിറ്റായി 25 ലക്ഷം രൂപ അടക്കാത്തതിനാൽ ഇന്ത്യൻ കോച്ച് ഖാലിദ് ജമീലിന്റെ വാർത്താസമ്മേളനം കൈവശക്കാരായ ജി.സി.ഡി.എ തടഞ്ഞത് വിവാദമായിരുന്നു. ഇന്നലെ കേരള ഫുട്ബാൾ അസോസിയേഷൻ പണമട‌ച്ചതിനെത്തുടർന്നാണ് കളി നടക്കുന്നത്.

ടീം പൂർണ സജ്ജമാണ്. ജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല
ഖാലിദ് ജമീൽ
ഇന്ത്യൻ ടീം കോച്ച്

മികച്ച മത്സരം പുറത്തെടുക്കും. എതിരാളികൾ എന്തു ചെയ്യുമെന്നതിനല്ല, തങ്ങളുടെ പ്രകടനത്തിനാണ് മുൻഗണന
റോബർട്ടോ ലൊസാഡ
ഹോംഗ്‌കോംഗ് കോച്ച്

ഹോംഗ്കോംഗേ വെസ്റ്റ് വുഡ് ഇവിടെയുണ്ട് കേട്ടോ...

ഇടക്കാല പരിശീലകൻ റോബർട്ടോ ലൊസാഡയാണ് ഹോംഗ്കോംഗിനൊപ്പമുള്ളത്. ഏഷ്യൻ കപ്പ് യോഗ്യത നേടാതെ പുറത്തായതിന് പിന്നാലെ മുഖ്യ പരിശീലകനായിരുന്ന ആഷ്‌ലി വെസ്റ്റ്‌വുഡിനെ ഹോംഗ്കോംഗ് പുറത്താക്കിയിരുന്നു. തുടർന്നാണ് ലൊസാഡ ഇടക്കാല പരിശീലകനായത്. കഴിഞ്ഞ ദിവസം വെസ്റ്റ്‌വുഡ് ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായി കൊച്ചിയിലെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, INDIA FOOTBALL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360