SignIn
Kerala Kaumudi Online
Tuesday, 19 May 2026 5.25 AM IST

ലക്നൗവിന്റെ നവ മുകുളം

ipl

കൊൽക്കത്തയ്ക്ക് എതിരെ വിജയം വെട്ടിപ്പിടിച്ച് ലക്നൗ സൂപ്പർ ജയന്റ്സിന്റെ യുവബാറ്റർ മുകുൾ ചൗധരി

കഴിഞ്ഞരാത്രി കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വിരിഞ്ഞത് ഇന്ത്യൻ ക്രിക്കറ്റിന് തന്നെ ഭാവി പ്രതീക്ഷയായ ഒരു

നവ മുകുളമാണ്; ലക്നൗ സൂപ്പർ ജയന്റ്സിന്റെ 21കാരനായ ബാറ്റർ മുകുൾ ചൗധരി. കൊൽക്കത്ത നൈറ്റ്റൈഡേഴ്സി നെതിരെ 182 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലക്നൗ 16 ഓവറിൽ 128/7 എന്ന നിലയിലായിരുന്നു. അവസാന 24 പന്തിൽ വേണ്ടത് 54 റൺസ്. ക്രീസിൽ മുകുൾ ചൗധരിയെന്ന ഏഴാമനും ആവേഷ് ഖാനെന്ന എട്ടാമനും. കൊൽക്കത്ത ഈ സീസണിലെ തങ്ങളുടെ ആദ്യ ജയം കുറിക്കാൻ പോകുന്നു എന്നുതന്നെ കാണികൾ കരുതി.

പക്ഷേ മുകുൾ ചൗധരി കളിയുടെ വിധി മാറ്റിയെഴുതാൻ പോവുകയാണെന്ന് അവർ അറിഞ്ഞില്ല. കാരണം അതുവരെ നേരിട്ട എട്ടുപന്തുകളിൽ മുകൾ നേടിയത് രണ്ട് റൺസ് മാത്രമായിരുന്നു. എന്നാൽ വൈഭവ് അറോറ എറിഞ്ഞ 17-ാം ഓവറിൽ ഓരോ ഫോറും സിക്സുമടക്കം 11 റൺസും കാർത്തിക് ത്യാഗി എറിഞ്ഞ 18-ാം ഓവറിൽ രണ്ട് സിക്സടക്കം 13 റൺസും നേടി മുകുൾ സ്ട്രൈക്ക് കാത്തു. അവസാന രണ്ടോവറിൽ 30 റൺസ് വേണമെന്ന നിലയിലായി. കാമറൂൺ ഗ്ര്രൻ എറിഞ്ഞ 19-ാം ഓവറിൽ രണ്ട് സിക്സും ഒരു ഫോറുമടക്കം 16 റൺസ്. അവസാന ഓവറിന്റെ ആദ്യ പന്തിൽ ആവേഷ് സിംഗിളെടുത്തുകൊടുത്തു. അടുത്ത പന്തിൽ സിക്സ്. തുടർന്നുള്ള രണ്ട് യോർക്കറുകളിൽ റണ്ണെടുക്കാനായില്ല. ഇതോടെ രണ്ട് പന്തിൽ വേണ്ടത് ഏഴുറൺസ്. അഞ്ചാം പന്തിൽ സിക്സ് പറന്നു. ലാസ്റ്റ് ബാൾ ബാറ്റിൽ കൊള്ളാതെ കീപ്പറുടെ കയ്യി ലേക്ക് പോയെങ്കിലും ബൈ റണ്ണിലൂടെ വിജയം പിറന്നു. 27 പന്തുകളിൽ രണ്ട് ഫോറുകളും ഏഴ് സിക്സുകളുമടക്കമായിരുന്നു മുകുളിന്റെ വിസ്മയ ഇന്നിംഗ്സ്.

കല്യാണം കഴിക്കുംമുന്നേ കൊതിച്ചു;

മകനാകണം, ക്രിക്കറ്ററാക്കണം

രാജസ്ഥാനിലെ ജുൻജുനു സ്വദേശിയായ ദലിപ് കുമാർ ചൗധരി ചെറുപ്പത്തിലേ ക്രിക്കറ്റ് ആരാധകനായിരുന്നു. വിവാഹിതനാകുമ്പോൾ ദലിപിന് രണ്ട് സ്വപ്നങ്ങളായിരുന്നു. ഒന്ന് തനിക്കൊരു മകൻ ജനിക്കണം. രണ്ട് അവനെ ക്രിക്കറ്ററാക്കണം. അങ്ങനെ ജനിക്കും മുന്നേ ക്രിക്കറ്ററാകാൻ നിയോഗിക്കപ്പെട്ട മുകുളിന്റെ പരിശീലനത്തിന് പണം കണ്ടെത്താൻ അച്ഛൻ താത്കാലിക അദ്ധ്യാപക ജോലിവിട്ട് റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് മാറി. ബിസിനസ് പൊളിഞ്ഞപ്പോൾ വീടുവിറ്റു. പിന്നീട് ലോണെടുത്ത് ഹോട്ടൽ തുടങ്ങിയതും പൊട്ടി. ലോണടവ് മുടങ്ങിയതോടെ ജയിലിലുായി. കടം മൂന്നരക്കോടിയോളമായെങ്കലും ഇതിനിടയിലും മകന്റെ ക്രിക്കറ്റ് പരിശീലനം മുടക്കിയില്ല. സിക്കാറിലെ എസ്.ബി.എസ് ക്രിക്കറ്റ് അക്കാഡമിയിലാണ് മുകുളിനെ ആദ്യം ചേർത്തത്. മീഡിയം പേസറായാണ് തുടക്കം. ഒരു ദിവസം പരിശീലനത്തിന് വിക്കറ്റ് കീപ്പർ എത്താതിരുന്നതോടെ ഗ്ളൗസണിഞ്ഞു. കീപ്പിംഗിലെയും ബാറ്റിംഗിലെയും ധോണി ടച്ച് ശ്രദ്ധിക്കപ്പെട്ടു. ഇതോടെ ബാറ്റിംഗിൽ കൂടുതൽ ഫോക്കസ് നൽകി.

രാജസ്ഥാൻ ജൂനിയർ ടീമിലേക്ക് സെലക്ഷൻ ലഭിച്ചതോടെ ജയ്പൂരിലേക്ക് പരിശീലനം മാറ്റി. 2023ൽ രഞ്ജി ട്രോഫിയിൽ അരങ്ങേറി. 2025-26 സീസണിലെ സെയ്ദ് മുഷ്താഖ് ട്രോഫിയിൽ രാജസ്ഥാനുവേണ്ടി 198.53 സ്ട്രൈക്ക് റേറ്റിൽ അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 173 റൺസടിച്ചതോടെ ലക്നൗ സൂപ്പർ ജയന്റ്സിന്റെ റഡാറിൽപെട്ടു. കഴിഞ്ഞ താരലേലത്തിൽ 2.60 കോടി രൂപയ്ക്ക് അവർ സ്വന്തമാക്കി.ഡൽഹിക്ക് എതിരെ 14 റൺസുമായി ഐ.പി.എൽ അരങ്ങേറ്റം. ഹൈദരാബാദിനെതിരെ രണ്ട് റൺസുമായി പുറത്താകാതെ നിന്നു. ഒടുവിൽ കൊൽക്കത്തയ്ക്ക് എതിരെ നവമുകുളം വിടർന്നു.

അവസാന ഓവറുകളിൽ ആഞ്ഞടിക്കാനുള്ള ശേഷിയാണ് മുകുളിനെ വേറിട്ടുനിറുത്തുന്നത്. ‌ഈ മികവാണ് ലക്നൗ കോച്ച് ജസ്റ്റിൻ ലാംഗറെ ആകർഷിച്ചതും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360