SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.50 AM IST

സെമിയിലേക്ക് ആരൊക്കെ ?

ucl

യുവേഫ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ ക്വാർട്ടർ ഫൈനലുകളിൽ ഇന്ന് ബാഴ്സലോണ അത്‌ലറ്റിക്കോ മാഡ്രിഡിനെയും പി.എസ്.ജി ലിവർപൂളിനെയും നേരിടുന്നു

ആദ്യ പാദ ഫലങ്ങൾ

അത്‌ലറ്റിക്കോ 2- ബാഴ്സലോണ 0

പി.എസ്.ജി 2- ലിവർപൂൾ 0

മാഡ്രിഡ് / ലിവർപൂൾ : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിലെ ആദ്യ സെമിഫൈനലിസ്റ്റുകളാരൊക്കെയെന്ന് ഇന്നറിയാം. ഇന്ന് നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനലുകളിൽ നിലവിലെ ചാമ്പ്യന്മാരായ പാരീസ് എസ്.ജി ഇംഗ്ളീഷ് ക്ളബ് ലിവർപൂളിനെയും മുൻ ചാമ്പ്യന്മാരായ സ്പാനിഷ് ക്ളബ് ബാഴ്സലോണ സ്പെയ്നിൽ നിന്നുതന്നെയുള്ള അത്‌ലറ്റിക്കോ മാഡ്രിഡിനെയും നേരിടും.

ആദ്യ പാദത്തിൽ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് ലിവർപൂളിനെ തോൽപ്പിച്ച പി.എസ്.ജി ഇന്ന് എതിരാളികളുടെ തട്ടകത്തിലാണ് കളിക്കാനിറങ്ങുന്നത്.ദിസീറെ ദുവേയും ക്‌ഷെരാത്‌വാലിയയുമാണ് ഗോളുകൾ നേ‌ടിയത്.പ്രീ ക്വാർട്ടറിൽ ഇംഗ്ളീഷ് ക്ളബ് ചെൽസിയെ ഇരുപാദങ്ങളിലും കീഴടക്കിയാണ് പാരീസ് ക്വാർട്ടറിലേക്കെത്തിയത്. ആദ്യ പാദത്തിൽ 5-2നും രണ്ടാം പാദത്തിൽ 3-0ത്തിനുമായിരുന്നു പാരീസിന്റെ ജയം. ഒസ്മാനേ ഡെംബലെ, ഡിസിയർ ദുവേ,അഷ്റഫ് ഹക്കീമി, ക്‌ഷെരാത്‌വാലിയ, വിറ്റീഞ്ഞ, ഗോൺസാലോ റാമോസ് തുടങ്ങിയവരാണ് പി.എസ്.ജിയുടെ പ്രധാനികൾ.

ക്ളബിൽ തന്റെ അവസാന സീസണെന്ന് ഉറപ്പിച്ച മുഹമ്മദ് സല,ഫ്ളോറിയൻ വിറ്റ്സ്, സോബോസ്ളായ്, വിർജിൽ വാൻഡിക്ക്,കോഡി ഗാപ്കോ, അലിസ്റ്റർ മക്അലിസ്റ്റർ തുടങ്ങിയവരാണ് ലിവർപൂളിനായി അണിനിരക്കുന്നത്.പ്രിമിയർ ലീഗിൽ ഈ സീസണിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ ഇപ്പോൾ. സ്വന്തം ഗ്രൗണ്ടിൽ മൂന്നു ഗോളിന്റെയെങ്കിലും വ്യത്യാസത്തിൽ ജയിച്ചാലേ സെമിയിലെത്താനാകൂ.

മൂന്നാഴ്ചയ്ക്ക് ഇടയിൽ മൂന്നാമത്തെ മത്സരത്തിലാണ് ബാഴ്സയും ഏറ്റുമുട്ടുന്നത്. സ്പാനിഷ് ലാലിഗയിൽ 2-1ന് ബാഴ്സലോണയാണ് ജയിച്ചിരുന്നത്. ചാമ്പ്യൻസ് ലീഗ് ആദ്യ പാദത്തിൽ ഇതിന് അത്‌ലറ്റിക്കോ പകരം വീട്ടി. ഇന്ന് അത്‌ലറ്റിക്കോയുടെ ഹോം മാച്ചാണ്.

റോബർട്ട് ലെവൻഡോവ്‌സ്കി, ലാമിൻ യമാൽ,ഡാനി ഓൾമോ,മാർക്കസ് റാഷ്ഫോഡ്,പെഡ്രി തുടങ്ങിയവരാണ് ബാഴ്സ നിരയിലെ പ്രമുഖർ. അന്റോയ്ൻ ഗ്രീസ്മാൻ,ഗ്വിലിയാനോ സിമയോണി,കോക്കെ,വർഗാസ്,ബയേന,ജിമിനേസ് തുടങ്ങിയവരാണ് അത്‌ലറ്റിക്കോയുടെ കുന്തമുനകൾ.കോച്ച് ഡീഗോ സിമയോണിയുടെ മകനായ ഗ്വിലിയാനോ സിമയോണി ലാലിഗ മത്സരത്തിൽ ബാഴ്സയ്ക്ക് എതിരെ ഗോളടിച്ചിരുന്നു.

5

മത്സരങ്ങളിലാണ് പാരീസും ലിവർപൂളും തമ്മിൽ ഇതിനുമുമ്പ് ഏറ്റുമുട്ടിയിട്ടുള്ളത്.മൂന്ന് ജയം പാരീസിനും രണ്ട് ജയം ലിവർപൂളിനും.

253

മത്സരങ്ങളിലാണ് ഇതുവരെ ബാഴ്സയും അത്‌ലറ്റിക്കോയും ഏറ്റുമുട്ടിയിട്ടുള്ളത്. ഇതിൽ 115 വിജയം ബാഴ്സലോണയ്ക്ക്. അത്‌ലറ്റിക്കോയ്ക്ക് 81 വിജയങ്ങൾ മാത്രം.

ലിവർപൂൾ Vs പാരീസ് എസ്.ജി

അത്‌ലറ്റിക്കോ Vs ബാഴ്സലോണ

രാത്രി 12.30 മുതൽ സോണി സ്പോർട്സിൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, UCL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360