SignIn
Kerala Kaumudi Online
Tuesday, 19 May 2026 10.40 AM IST

ചുറുചുറുക്കോടെ ചെന്നൈ

csk-ipl

കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ 32 റൺസിന് തോൽപ്പിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്

ചെന്നൈയുടെ തുടർച്ചയായ രണ്ടാം ജയം

കൊൽക്കത്തയുടെ നാലാം തോൽവി

ചെന്നൈ 192/5, കൊൽക്കത്ത 160/7

ചെന്നൈ : കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെതിരായ ഐ.പി.എൽ മത്സരത്തിൽ 32 റൺസിന്റെ വിജയവുമായി ചെന്നൈ സൂപ്പർ കിംഗ്സ്. ആദ്യ മൂന്ന് മത്സരങ്ങളിൽ തോറ്റ ചെന്നൈയുടെ തുടർച്ചയായ രണ്ടാം വിജയമാണിത്.

ഇന്നലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ സൂപ്പർ കിംഗ്സ് നിശ്ചിത 20 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ നേടിയത് 192 റൺസ്. മറുപടിക്കിറങ്ങിയ കൊൽക്കത്തയ്ക്ക് 160/7 എന്ന സ്കോറിലേ എത്താനായുള്ളൂ. സീസണിലെ അഞ്ചാം മത്സരത്തിൽ കൊൽക്കത്തയുടെ നാലാം തോൽവിയായിരുന്നു ഇത്. ഒരു മത്സരം മഴയെടുത്തതിനാൽ ഇതുവരെ ജയിക്കാൻ അജിങ്ക്യ രഹാനെയ്ക്കും സംഘത്തിനും കഴിഞ്ഞിട്ടില്ല.

48 റൺസ് നേടിയ സഞ്ജു സാംസണും 38 റൺസ് നേടിയ ആയുഷ് മാത്രേയും 41 റൺസ് നേടിയ ഡെവാൾഡ് ബ്രെവിസും ചേർന്നാണ് ചെന്നൈയെ 192 റൺസിലെത്തിച്ചത്. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ (24), അജിങ്ക്യ രഹാനെ (28),ആംഗ്രിഷ് രഘുവംശി( 27), റോവ്‌മാൻ പവൽ (31),രമൺദീപ് സിംഗ് (35) എന്നിവർ പൊരുതിനോക്കിയെങ്കിലും ഫലമുണ്ടായില്ല.

നായകൻ റുതുരാജ് ഗെയ്ക്ക്‌വാദും (7) സഞ്ജുവും ചേർന്നാണ് ഓപ്പണിംഗിനിറങ്ങിയത്. കഴിഞ്ഞ മത്സരത്തിൽ സീസണിലെ ആദ്യ സെഞ്ച്വറിക്ക് ഉടമയായ സഞ്ജു ഇന്നലെയും തുടക്കം മുതൽ ഷോട്ടുകളുതിർത്തു. എന്നാൽ മൂന്നാം ഓവറിൽ അൻകുൽ റോയ്‌യെ ഉയർത്തിയടിച്ച് റുതുരാജ് വിക്കറ്റ് കളഞ്ഞു. പകരമെത്തിയ ആയുഷ് മാത്രേ സഞ്ജുവിന് മികച്ച പിന്തുണ നൽകി.17 പന്തുകളിൽ ആറുഫോറും രണ്ട് സിക്സും പറത്തിയ ആയുഷ് പുറത്താകുമ്പോൾ ടീം 72/2 എന്ന നിലയിലായിരുന്നു. ഡെവാൾഡ് ബ്രെവിസിനൊപ്പം 100 കട‌ത്തിയ സഞ്ജു 111ലെത്തിയപ്പോൾ കാർത്തിക് ത്യാഗിയുടെ പന്തിൽ ബൗൾഡായി. 32 പന്തുകളിൽ നാലുഫോറുകളും മൂന്ന് സിക്സുകളുമടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്സ്. തുടർന്ന് സർഫ്രാസ് ഖാനും (23) ബ്രെവിസും ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചു.17-ാം ഓവറിൽ സർഫ്രാസിനെ നരെയ്ൻ ബൗൾഡാക്കി. അടുത്ത ഓവറിൽ ബ്രെവിസിനെ കാർത്തിക് ത്യാഗി മടക്കി അയച്ചു. 13 റൺസുമായി ശിവം ദുബെയും 7 റൺസുമായി ജാമീ ഓവർട്ടണും പുറത്താകാതെ നിന്നു.

ധോണി വരാൻ വൈകും

സീസണിലെ അഞ്ചാം മത്സരത്തിലും ധോണി ചെന്നൈയുടെ പ്ളേയിംഗ് ഇലവനിലുണ്ടായില്ല. സീസൺ തുടങ്ങുന്നതിനുമുമ്പ് പരിശീലനത്തിനിടെ പരിക്കേറ്റിരുന്ന ധോണി ഇന്നലെ കളിക്കാനിറങ്ങുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ താരം 17ന് ഹൈദരാബാദിനെതിരെ നടക്കുന്ന മത്സരത്തിലേ കളിക്കാനിടയുള്ളൂ എന്നാണ് സൂചന.

സഞ്ജുവിന് അരങ്ങേറ്റ വാർഷികം, പുരസ്കാരത്തിളക്കം

സഞ്ജു സാംസൺ ഐ.പി.എല്ലിൽ ആദ്യ മത്സരം കളിച്ചതിന്റെ 13-ാം വാർഷിക ദിനമായിരുന്നുഇന്നലെ. 2013 ഏപ്രിൽ 14ന് രാജസ്ഥാൻ റോയൽസിന് വേണ്ടി പഞ്ചാബ് കിംഗ്സിനെതിരെയായിരുന്നു ആദ്യ മത്സരം. കരിയറിലാദ്യമായി ഐ.സി.സി പ്ളേയർ ഒഫ് ദ മന്ത് പുരസ്കാരമെത്തിയതിന്റെ സന്തോഷവുമായാണ് സഞ്ജു ഇന്നലെ ബാറ്റിംഗിനെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, CSK IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360