SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.50 AM IST

കൊൽക്കത്തയ്ക്ക് കന്നിജയം

ipl

സീസണിലെ ആദ്യ വിജയം നേടി കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചത് നാലുവിക്കറ്റിന്

രാജസ്ഥാൻ റോയൽസ് 155/9, കൊൽക്കത്ത നൈറ്റ്റൈഡേഴ്സ് 161/6

കൊൽക്കത്ത : ഈ സീസണിൽ അഞ്ച് തോൽവികൾ ഏറ്റുവാങ്ങിയ കൊൽക്കത്താ നൈറ്റ് റൈഡേഴ്സിന് ഏഴാം മത്സരത്തിൽ ആദ്യ ജയം. ഇന്നലെ രാജസ്ഥാൻ റോയൽസിനെ നാലുവിക്കറ്റിനാണ് അജിങ്ക്യ രഹാനെയുടെ ടീം കീഴടക്കിയത്. രാജസ്ഥാൻ നൽകിയ 156 റൺസിന്റെ ലക്ഷ്യം രണ്ടുപന്തുകൾ ബാക്കിനിൽക്കേയാണ് കൊൽക്കത്ത മറികടന്നത്. ഒരു മത്സരം മഴയെടുത്തതിനാൽ ആകെ മൂന്നുപോയിന്റുമായി പട്ടികയിലെ ഏറ്റവും താഴെനിന്ന് ഒരു പടവ് കയറി ഒൻപതാം സ്ഥാനത്താണിപ്പോൾ കൊൽക്കത്ത. മുംബയ് ഇന്ത്യൻസാണ് അവസാനസ്ഥാനത്ത്.

ഈന്നലെ ഈഡൻ ഗാർഡൻസിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 155 റൺസ് നേടിയത്. 28 പന്തുകളിൽ 46 റൺസുമായി വൈഭവ് സൂര്യവംശിയും 29പന്തുകളിൽ 39 റൺസുമായി യശസ്വി ജയ്സ്വാളും മികച്ച തുടക്കം നൽകിയെങ്കിലും ആ താളം നിലനിറുത്താൻ രാജസ്ഥാന് കഴിഞ്ഞില്ല. 8.3 ഓവറിൽ വിക്കറ്റ് നഷ്ടം കൂടാതെ 81 റൺസ് നേടിയിരുന്ന രാജസ്ഥാനെ 155ലൊതുക്കിയത് മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കാർത്തിക് ത്യാഗിയും വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് നേടിയ സുനിൽ നരെയ്നും ചേർന്നാണ്.

നാലോവറിൽ 14 റൺസ് മാത്രം വഴങ്ങിയ വരുൺ വൈഭവിനെയും ധ്രുവ് ജുറേലിനെയും (5), റിയാൻ പരാഗിനേയും (12) വീഴ്ത്തി രാജസ്ഥാൻ മുന്നേറ്റത്തിന്റെ മുനയൊടിച്ചുകളഞ്ഞു. യശസ്വി, ഡൊണോവൻ ഫെരേര (5) എന്നിവരെ നരെയ്ൻ മടക്കി അയച്ചപ്പോൾ ഷിമ്രോൺ ഹെറ്റ്മേയറും (15),രവീന്ദ്ര ജഡേജയും (9), രവി ബിഷ്ണോയ്‌യും (0) കാർത്തിക് ത്യാഗിക്ക് ഇരയായി.

മറുപടിക്കിറങ്ങിയ കൊൽക്കത്തയുടെ ഓപ്പണർ ടിം സീഫർട്ടിനെ (0) ആദ്യ പന്തിൽതന്നെ ബൗൾഡാക്കി ആർച്ചർ ആദ്യപ്രഹരമേൽപ്പിച്ചു. തുടർന്ന് രഹാനെ(0),കാമറൂൺ ഗ്രീൻ (27), ആൻഗ്രിഷ് രഘുവംശി (10),റോവ്‌മാൻ പവൽ (23), രമൺദീപ് സിംഗ് (10) എന്നിവർ കൂടാരം കയറിയതോടെ കൊൽക്കത്ത 13.3 ഓവറിൽ 85/6 എന്ന നിലയിൽ മറ്റൊരു തോൽവി മുന്നിൽക്കണ്ടു. എന്നാൽ ഏഴാം വിക്കറ്റിൽ ക്രീസിലൊരുമിച്ച റിങ്കു സിംഗും (34 പന്തുകളിൽ ആറുഫോറും രണ്ട് സിക്സുമടക്കം പുറത്താകാതെ 53 റൺസ്) അൻകുൽ റോയ്‌യും (16 പന്തുകളിൽ പുറത്താകാതെ 29 റൺസ്) ചേർന്ന് വിജയത്തിലേക്ക് ബാറ്റുവീശി. വ്യക്തിഗത സ്കോർ എട്ടിൽ നിൽക്കേ ഒരു ക്യാച്ചിൽ നിന്ന് രക്ഷപെട്ട റിങ്കു അൻകുലിനൊപ്പം 76 റൺസിന്റെ അപരാജിത കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. അവസാന ഓവറിന്റെ നാലാം പന്തിൽ വിക്കറ്റ് കീപ്പർക്ക് പിന്നിലേക്ക് സിക്സടിച്ച റിങ്കു അർദ്ധസെഞ്ച്വറി തികയ്ക്കുകയും വിജയം കുറിക്കുകയും ചെയ്തു. വരുൺ ചക്രവർത്തിയാണ് പ്ളേയർ ഒഫ് ദ മാച്ച്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, IPL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360