SignIn
Kerala Kaumudi Online
Saturday, 30 May 2026 12.20 AM IST

വരുന്നു,മെസിപ്പട

argentina

ഫിഫ ലോകകപ്പിനുള്ള അർജന്റീനയുടെ 26അംഗ ടീം പ്രഖ്യാപിച്ചു

മെസി നായകൻ, ഡിബാലയില്ല

ബ്യൂണസ് അയേഴ്സ് : നാലുവർഷത്തിനുമുമ്പ് ഖത്തറിൽ ശിരസിലേറ്റിയ കാൽപ്പന്തുകളിയിലെ കനകകിരീടം നിലനിറുത്താനുള്ള പടയാളികളെ പ്രഖ്യാപിച്ച് അർജന്റീന. 36 വർഷത്തെ ഇടവേളയ്ക്ക് ശേഷം തങ്ങളെ ലോക ജേതാക്കളാക്കിയ നായകൻ ലയണൽ മെസിയെത്തെന്നെയാണ് ഇക്കുറിയും അർജന്റീന കപ്പിത്താന്റെ കുപ്പായം ഏൽപ്പിച്ചിരിക്കുന്നത്. ജൂലിയൻ അൽവാരസ്, നിക്കോളാസ് ഒട്ടാമെൻഡി, റോഡ്രിഗോ ഡിപോൾ,ലൗതാരോ മാർട്ടിനെസ് എന്നിങ്ങനെ കഴിഞ്ഞ ലോകകപ്പിൽ കളിച്ച ഭൂരിഭാഗം കളിക്കാരെയും അണിനിരത്തി പരിശീലകൻ ലയണൽ സ്‌കലോണി പ്രഖ്യാപിച്ച 26 അംഗ ടീമിൽ പ്രമുഖ സ്ട്രൈക്കർ പൗലോ ഡൈബാലയ്ക്ക് ഇടം ലഭിച്ചില്ല.

അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടി കളിക്കവേ നേരിയ പരിക്കേറ്റെങ്കിലും ലോകകപ്പിൽ കളിക്കാൻ മെസിക്ക് അത് തടസമാകില്ലെന്നാണ് റിപ്പോർട്ടുകൾ.അൽവാരസും ലൗതാരും തിയാഗോ അൽമാഡയും നിക്കോളാസ് പാസുമാണ് മുന്നേറ്റനിരയിൽ മെസിക്കൊപ്പമുള്ള മറ്റ് പ്രമുഖർ.ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ , എൻസോ ഫെർണാണ്ടസ്, അലക്‌സിസ് മക് അലിസ്റ്റർ, ജിയോവന്നി ലോസെൽസോ, യുവതാരം വാലന്റീൻ ബാർകോ എന്നിവർ മദ്ധ്യനിരയിലെ ശക്തികേന്ദ്രങ്ങളാകുമ്പോൾക്രിസ്റ്റിയൻ റൊമേറോ, ഗോൺസാലോ മൊൺടിയേൽ, ലിസാൻഡ്രോ മാർട്ടിനസ്, നിക്കോളാസ് ഒട്ടാമെൻഡി തുടങ്ങിയവരാണ് പ്രതിരോധത്തിൽ. പരിക്ക് ഭീഷണിയുണ്ടെങ്കിലും എമിലിയാനോ മാർട്ടിനസ് തന്നെയാകും ഗോൾവല കാക്കുക. ജെറോണിമോ റുള്ളി, യുവാൻ മൂസ്സോ എന്നിവരും ഗോൾകീപ്പർമാരായി ടീമിലിടം നേടിയിട്ടുണ്ട്. ടീമിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന റയൽ മാഡ്രിഡിന്റെ മിഡ്ഫീൽഡർ ഫ്രാങ്കോ മസ്റ്റാന്റുവാനോയ്ക്ക് ഇടംകിട്ടിയില്ല.

അർജന്റീന ടീം

ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ജെറോണിമോ റുള്ളി, യുവാൻ മൂസ്സോ

ഡിഫൻഡർമാർ: ലിയാൻഡ്രോ ബാലേർഡി, നിക്കോളാസ് ടാഗ്ലിയാഫിക്കോ, ഗോൺസാലോ മൊണ്ടിയൽ, ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ഫകുൻഡോ മെദീന, നവൽ മൊളീന

മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പാരഡെസ്, റോഡ്രിഗോ ഡി പോൾ, വാലന്റൈൻ ബാർക്കോ, ജിയോവന്നി ലോ സെൽസോ, എസിക്വിയേൽ പാലാസിയോസ്, അലക്സിസ് മക് അലിസ്റ്റർ, എൻസോ ഫെർണാണ്ടസ്

ഫോർവേഡുകൾ: ജൂലിയൻ അൽവാരസ്, ലയണൽ മെസി, നിക്കോളാസ് ഗോൺസാലസ്, തിയാഗോ അൽമാഡ, ജൂലിയാനോ സിമിയോണി, നികോ പാസ്, ലൗതാരോ മാർട്ടിനെസ്, ജോസ് മാനുവൽ ലോപസ്.

ഗ്രൂപ്പ് ജെയിലാണ് അർജന്റീന മത്സരിക്കുന്നത്. അൾജീരിയ, ആസ്ട്രിയ, ജോർദാൻ ടീമുകളാണ് ഗ്രൂപ്പിലെ എതിരാളികൾ.

പ്രാഥമിക റൗണ്ട് മത്സരങ്ങൾ

ജൂൺ 17, Vs അൾജീരിയ

ജൂൺ 22, Vs ആസ്ട്രിയ

ജൂൺ 28, Vs ജോർദാൻ

ജൂൺ ഏഴിന് ഹോണ്ടുറാസുമായും 10ന് ഐസ്‌ലാൻഡുമായും അർജന്റീന രണ്ട് സന്നാഹമത്സരങ്ങളും കളിക്കുന്നുണ്ട്.

6

ലയണൽ മെസിയുടെ ആറാം ലോകകപ്പ്. ക്രിസ്റ്റ്യാനോയും മെസിയും ഈ ലോകകപ്പോടെ ഏറ്റവും കൂടുതൽ ലോകകപ്പുകൾ കളിക്കുന്ന താരങ്ങളാകും. ലോകകപ്പിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ (25) കളിച്ച റെക്കാഡ് മെസിയും ലോതർ മത്യാസും പങ്കുവയ്ക്കുകയാണ്. ഇക്കുറി അത് മെസി സ്വന്തം പേരിൽ മാത്രമാക്കും. കഴിഞ്ഞ ലോകകപ്പിൽ അർജന്റീന കിരീടം നേടുന്നതിൽ നിർണായകമായിരുന്നു മെസിയുടെ പ്രകടനം. ഫ്രാൻസിനെതിരായ ഫൈനലിൽ ഇരട്ടഗോളുകൾ നേടിയ താരം ഗോൾഡൻ ബാൾ സ്വന്തമാക്കിയിരുന്നു.2014ലും മെസി ഗോൾഡൻ ബാൾ നേടിയിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, SPORTS, ARGENTINA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360